കൈയില്‍ ജപമാല ചുരുട്ടിപിടിച്ചിട്ടുണ്ടായിരുന്നു. അതെനിക്ക് ദൈവികമായ സംരക്ഷണത്തിന്റെ അടയാളമായി. അതില്ലായിരുന്നുവെങ്കില്‍ ഈ സാക്ഷ്യം പറയാന്‍ ഞാന്‍ ഇപ്പോള്‍ നിങ്ങളുടെ മുമ്പില്‍ നില്ക്കുമായിരുന്നില്ല. പകരം നിങ്ങള്‍ എന്റെ മരണത്തെക്കുറിച്ച് മറ്റുള്ളവരോട് സംസാരിക്കുമായിരുന്നു.. ഹൂസ്റ്റണിലെ സെന്റ് പീറ്റര്‍ കത്തോലിക്കാ ചര്‍ച്ച് വികാരി ഫാ. ഡെസ്മണ്ടിന്റെ വാക്കുകള്‍ പാതിവഴിയില്‍ മുറിഞ്ഞു. മോഷ്ടാക്കളുടെ വെടിവയ്പില്‍ നിന്ന് അത്യത്ഭുതകരമായി രക്ഷപ്പെട്ട അനുഭവമാണ് അദ്ദേഹത്തിന് പറയാനുള്ളത്. നടന്നുകൊണ്ട് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കവെയാണ് അച്ചന് മോഷ്ടാക്കളുമായി അഭിമുഖീകരിക്കേണ്ടിവന്നത്. അവര്‍ അദ്ദേഹത്തിന്റെ താക്കോലും മൊബൈലുകളും എടുത്തു. പിന്നെ അച്ചന്റെ ശിരസിന് നേരെ ഉന്നംവച്ചു. പക്ഷേ ആദ്യ തവണ അതില്‍നിന്ന് വെടിയുതിര്‍ന്നില്ല. പിന്നെ രണ്ടും മൂന്നും നാലും തവണയും അവര്‍ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചു. പക്ഷേ അപ്പോഴും ട്രിഗറില്‍ വിരലമര്‍ന്നതല്ലാതെ വെടിയുണ്ട പാഞ്ഞില്ല. ദേഷ്യം തീര്‍ക്കാനായി മോഷ്ടാക്കള്‍ അദ്ദേഹത്തെ മര്‍ദ്ദിച്ചു. എങ്കിലുംജീവന്‍ രക്ഷപ്പെട്ടതിന്റെ സന്തോഷത്തിലാണ് അച്ചന്‍. അതിന് കാരണമായതാവട്ടെ ജപമാലയും. ജപമാലയിലൂടെ ഞാന്‍ ദൈവികസംരക്ഷണം അനുഭവിക്കുന്നു. അച്ചന്‍ പറഞ്ഞു.