കസാനിലെ തിയോടോക്കോസ് എന്നും ഔര്‍ ലേഡി ഓഫ് കാസന്‍ എന്നും അറിയപ്പെടുന്ന മരിയന്‍ ഐക്കണാണ് ഇത്. റഷ്യയുടെ സ്വന്തമാകുന്നതിനു മുമ്പ് ് പതിമൂന്നാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ ഉണ്ടായിരുന്നതാണ് ഇതെന്ന് കരുതപ്പെടുന്നു. 1438ല്‍ തുര്‍ക്കികള്‍ കസാന്‍ പിടിച്ചടക്കിയപ്പോള്‍, ഐക്കണ്‍ കാണാതെപോയി. ഇവാന്‍ ദി ടെറിബിള്‍ 1552ല്‍ കസാനെ മോചിപ്പിച്ചു, 1579ല്‍ നഗരം തീപിടുത്തത്തില്‍ നശിപ്പിക്കപ്പെട്ടു.
ഒടുവില്‍ 1579 ജൂലൈ 8ന് വോള്‍ഗ നദിയിലെ കസാനില്‍ കത്തിനശിച്ച ഒരു വീടിന്റെ അവശിഷ്ടങ്ങളില്‍ നിന്നാണ് ഈ മരിയന്‍ ഐക്കണ്‍ കണ്ടെത്തിയത്. പത്ത് വയസ്സുള്ള മാട്രോണ എന്ന പെണ്‍കുട്ടിക്ക് ഒരു സ്വപ്‌നത്തിലാണ്് ഐക്കണിന്റെ സ്ഥാനം വെളിപ്പെട്ടുകിട്ടിയത്,. മാട്രോണ തന്റെ സ്വപ്നം ബിഷപ്പിനോട് പറഞ്ഞുവെങ്കിലും അദ്ദേഹം അത് വിശ്വസിച്ചില്ല. സമാനമായ രണ്ട് സ്വപ്നങ്ങള്‍ കൂടി ഉണ്ടായിരുന്നു. അതിനുശേഷം മാട്രോണയും അമ്മയും പരിശുദ്ധ അമ്മ സൂചിപ്പിച്ച സ്ഥലത്തേക്ക് പോകുകകയും അവിടെ ഒരിക്കല്‍ വീടുണ്ടായിരുന്ന ഭാഗത്ത് കുഴിക്കുകയും ചെയ്തു. അപ്പോള്‍തീജ്വാലകള്‍ തൊടാത്തതും, പുതിയത് പോലെ തിളക്കമുള്ളതുമായ നിറങ്ങളോടെ ഐക്കണ്‍ കാണപ്പെട്ടു.
സെന്റ് നിക്കോളാസ് ദേവാലയത്തിലേക്ക് ഐക്കണ്‍ കൊണ്ടുവന്ന നിമിഷംതന്നെ അന്ധനായ ഒരാള്‍ക്ക് കാഴ്ചശക്തികിട്ടി. അവിടെതന്നെ പുതിയൊരു ദേവാലയംപണിയാനും ഐക്കണ്‍ സ്ഥാപിക്കാനും തീരുമാനമായി. 1904 ജൂണ്‍ 29 ന് ഐക്കണ്‍ മോഷണം പോയി. മാതാവിന്റെ രൂപത്തിലെ സ്വര്‍ണ്ണഫ്രെയിം കിട്ടാനായി തങ്ങള്‍ അത് നശിപ്പിച്ചുവെന്ന് മോഷ്ടാക്കള്‍ വെളിപെടുത്തി. അങ്ങനെ ഒറിജിനല്‍ ഐക്കണ്‍ നഷ്ടമായെങ്കിലും നിരവധി പകര്‍പ്പുകള്‍ ആ ചിത്രത്തിനുണ്ടായി.
തങ്ങളുടെ സ്വര്‍ഗീയ സംരക്ഷകയുടെ പ്രതിച്ഛായ നഷ്ടപ്പെട്ടതാണ് തങ്ങളുടെ രാജ്യത്ത് കമ്മ്യൂണിസത്തിന്റെ ഉദയത്തിന് കാരണമെന്ന് റഷ്യക്കാര്‍ വിശ്വസിക്കുന്നു. ലെനിന്‍ഗ്രാഡ് ഉപരോധസമയത്ത് നാസികളെ പരാജയപ്പെടുത്തുന്നതില്‍ പ്രതിരോധക്കാരെ സഹായിക്കുന്നതിനായി ലെനിന്‍ഗ്രാഡിന്റെ കോട്ടകളിലേക്ക് ഔര്‍ ലേഡി ഓഫ് കസാന്‍ ചിത്രത്തിന്റെ ഒരു പകര്‍പ്പ് ഘോഷയാത്രയായി കൊണ്ടുപോയതായി പറയപ്പെടുന്നു.വിവാഹിതരായി ഭര്‍ത്തൃവീട്ടിലേക്ക് പോകുന്ന പെണ്‍മക്കള്‍ക്ക് അമ്മമാര്‍ മാതാവിന്റെ ഐക്കണ്‍ സമ്മാനമായി നല്കുന്ന പതിവു റഷ്യയിലുണ്ട്.
ജൂലൈ 8 നാണ് തിരുനാള്‍. ഈ ചിത്രത്തിന്റെ നിരവധി പകര്‍പ്പുകള്‍ ഉണ്ട്, അതില്‍ ഏറ്റവും അറിയപ്പെടുന്നത് മോസ്‌കോയിലെ ഔര്‍ ലേഡി ഓഫ് കസാന്‍ പള്ളിയിലാണ്.റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബൈസന്റൈന്‍ ചാപ്പല്‍ ഔര്‍ ലേഡി ഓഫ് കസാന്‍ ബഹുമാനാര്‍ത്ഥം സമര്‍പ്പിച്ചിരിക്കുന്നു.1993 ല്‍ ഐക്കണിന്റെ ഒരു പകര്‍പ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയ്ക്ക് നല്‍കി. 2004 ല്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് പ്രതിനിധികള്‍ക്കും പകര്‍പ്പുനല്കിയിട്ടുണ്ട്.