Saturday, July 12, 2025
spot_img
More

    എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്.

    കൊച്ചി: കേരളത്തിലെ എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തി വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രമിക്കണമെന്ന് കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍.

    ഇപ്രാവശ്യത്തെ എഞ്ചിനീയറിംഗ് പ്രവേശന നടപടികളുമായി ബന്ധപ്പെട്ടുണ്ടായ ആനുകാലിക സംഭവ വികാസങ്ങള്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും സ്ഥാപനങ്ങള്‍ നടത്തുന്ന മാനേജ്‌മെന്റിനും സൃഷ്ടിച്ചിരിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളും ബുദ്ധിമുട്ടുകളും വളരെ വലുതാണ്. പുതുതലമുറ നാടുവിട്ടുപോകുന്ന സാഹചര്യം ഭരണസംവിധാനത്തിലെ ഉത്തരവാദിത്വപ്പെട്ടവര്‍ത്തന്നെ ബോധപൂര്‍വ്വം സൃഷ്ടിക്കുന്നതും ഈ വിഷയത്തെ നിസ്സാരവല്‍ക്കരിച്ച് കാണുന്നതും വലിയ വിദ്യാഭ്യാസ പ്രതിസന്ധികള്‍ ഉന്നതവിദ്യാഭ്യാസമേഖലയില്‍ ക്ഷണിച്ചുവരുത്തും. എഐസിറ്റിഇ അംഗീകാരം നല്‍കിയ പുതിയ കോഴ്‌സുകള്‍ക്ക് സാങ്കേതിക സര്‍വ്വകലാശാലയുടെ വന്‍വീഴ്ചകളും കെടുകാര്യസ്ഥതയുംമൂലം സംസ്ഥാനത്ത് അംഗീകാരം നല്‍കാതെയും പ്രവേശനകമ്മീഷണറുടെ അലോട്ടുമെന്റില്‍ നിലവില്‍ ഉള്‍പ്പെടുത്താതെയുമിരിക്കുന്നത് നീതിനിഷേധമാണെന്നും ഇതിനെതിരെ നീതിന്യായപീഠങ്ങളെ സമീപിക്കാന്‍ മാനേജ്‌മെന്റുകളെ നിര്‍ബന്ധമാക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും ഈ നിലപാട് തിരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

    പ്രവര്‍ത്തനമികവുകൊണ്ട് യുജിസി സ്വയംഭരണ അംഗീകാരം നല്‍കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനുദിന പ്രവര്‍ത്തനങ്ങളിന്മേല്‍ നിമയവിരുദ്ധ നിയന്ത്രണങ്ങളും സാമ്പത്തികബാധ്യതയും അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുന്നതിനെതിരെ കോടതിയെ സമീപിക്കേണ്ട സ്ഥിതിവിശേഷമാണുള്ളതെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. വിവിധ രാജ്യങ്ങളിലെ സര്‍വ്വകലാശാലകള്‍, വ്യവസായ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ വിദഗ്ദ്ധന്മാര്‍ എന്നിവരുമായി സഹകരിച്ചുള്ള വിദ്യാഭ്യാസപദ്ധതികള്‍ കാത്തലിക് എഞ്ചിനീയറിംഗ് കോളജുകളില്‍ കൂടുതല്‍ സജീവമാക്കും.

    രാജഗിരി എഞ്ചിനീയറിംഗ് കോളജില്‍ നടന്ന സമ്മേളനത്തില്‍ കേരള കാത്തലിക് എഞ്ചിനിയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ഫാ. ജോണ്‍ വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത് ആമുഖപ്രഭാഷണവും എക്സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ വിഷയാവതരണവും നടത്തി.
    ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, ഫാ. ആന്റണി അറയ്ക്കല്‍, റവ.ഡോ. റോയി പഴേപറമ്പില്‍, റവ.ഡോ.ജോസ് കണ്ണമ്പുഴ, ഫാ. ജസ്റ്റിന്‍ ആലുക്കല്‍, ഫാ. ജോണ്‍ പാലിയക്കര, ഫാ. എ.ആര്‍.ജോണ്‍, ഫാ. ആന്റോ ചുങ്കത്ത്, റവ.ഡോ. ജെയിംസ് ജോണ്‍ മംഗലത്ത്, റവ.ഡോ.ജെയിസണ്‍ മുളരിക്കല്‍, ഫാ.ജോജോ അരീക്കാടന്‍, പ്രൊഫ.ഡോ. വി.പി.ദേവസ്യ, പ്രൊഫ.ഡോ. സാംസണ്‍ എ. എന്നിവര്‍ സംസാരിച്ചു.

    ഫോട്ടോ അടിക്കുറിപ്പ്

    കൊച്ചി രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയില്‍ നടന്ന കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ സമ്മേളനത്തില്‍ പ്രസിഡന്റ് ഫാ. ജോണ്‍ വര്‍ഗീസ് സംസാരിക്കുന്നു. സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത്, എക്‌സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയര്‍ അഡ്വ വി.സി.സെബസ്റ്റ്യന്‍, വിവിധ കാത്തലിക് എഞ്ചിനീയറിംഗ് കോളജുകളുടെ മാനേജര്‍മാര്‍, ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ സമീപം.

    ഫാ. ജോണ്‍ വര്‍ഗീസ്
    പ്രസിഡണ്ട്, KCECMA
    Mbl. 9447211341

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!