നാം പലപ്പോഴും പറയാന്‍ മറന്നുപോകുന്ന രണ്ടുവാക്കുകളാണ് നന്ദിയും സ്‌നേഹവും. ഒരാളോട് ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നോ നീയെനിക്ക് ചെയ്തുതന്ന നന്മകള്‍ക്ക് നന്ദിയെന്നോ പറയാന്‍ സാധാരണ പലരും തയ്യാറല്ല. കിട്ടുന്നതെല്ലാം അവകാശമാണെന്ന ചിന്തയാണെന്ന് തോന്നുന്നു നന്ദി പറയുന്നതില്‍ നിന്ന് നമ്മെ വിലക്കുന്നത്. ഇനി പറയുന്ന നന്ദിയാവട്ടെ കേവലം ഔപചാരികവും ഹൃദയത്തില്‍ തട്ടാതെയുമുള്ളതുമായിരിക്കും. അതുപോലെയാണ് സ്‌നേഹത്തിന്റെ കാര്യവും. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന് പറയേണ്ടിവന്നാല്‍ അത് തന്റെ കാമുകിയോടോ കാമുകനോടോ മാത്രമാണെന്ന് കരുതുന്നവരും ധാരാളം. മനുഷ്യരോട് നന്ദിയും സ്‌നേഹവും പറയേണ്ടിവന്നാല്‍ തന്നെ ദൈവത്തോട് അതുരണ്ടും പറയേണ്ടതുണ്ടെന്ന് ബോധ്യമുള്ളവര്‍ വളരെ കുറവാണ്.
എന്നാല്‍ ദൈവത്തോടു നന്ദിയും തന്റെ സ്‌നേഹവും തുറന്നുപറയേണ്ടതുണ്ട് എന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഐ ലവ് യൂ ജീസസ് എന്നു തുടങ്ങുന്ന ഗോഡ്‌സ് മ്യൂസിക്കിന്റെ ഇംഗ്ലീഷ് ഗാനം. ദൈവത്തോടുള്ള തന്റെ നന്ദിയും സ്‌നേഹവും ഇവിടെ ഏറ്റവും ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. നമുക്കെല്ലാവര്‍ക്കും സുപരിതമായ ചില വരികള്‍തന്നെയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നതെങ്കിലും ആ വരികളില്‍ ദൈവത്തിന്റെ ആത്മാവ് പ്രവര്‍ത്തിച്ചിരിക്കുന്നതുകൊണ്ട്
ശ്രോതാക്കളിൽ ഹൃദ്യമായ അനുഭൂതിയുണ്ടാകുന്നു.
ലിസി സന്തോഷ് രചനയും സംഗീതവും നിര്‍വഹിച്ച ഈ ഗാനത്തിന്റെ ഹൈലൈറ്റ് ജെറെമിയ വാസിന്റെ ശബ്ദസൗകുമാര്യം തന്നെയാണ്. ഏതോ സ്വര്‍ഗ്ഗീയ അനുഭവത്തിലേക്ക് കേള്‍വിക്കാരെ ഉയര്‍ത്തിക്കൊണ്ടുപോകാന്‍ ഈ ഗാനത്തിന് കഴിയുന്നുണ്ട്. പ്രിൻസ് ജോസഫിന്റെ ഓർക്കസ്ട്രേഷൻ ഈ ഗാനത്തെ മികവുറ്റതും തികച്ചും വ്യത്യസ്തവും ആക്കുന്നു. നിരവധി ഭക്തിഗാനങ്ങളിലൂടെ മലയാളികളുടെ ആത്മീയജീവിതത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്കിയ ഗോഡ്‌സ് മ്യൂസിക്ക് ഇതാദ്യമായാണ് ഇംഗ്ലീഷ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ലോകമെങ്ങും ഈ ഗാനവീചികള്‍ പരക്കട്ടെ!
ഗാനം കേൾക്കാൻ ലിങ്ക് താഴെ ചേർക്കുന്നു.
I LOVE YOU JESUS #godsmusicministry #divineuk #lisysanthosh #JeremiahVaz