Thursday, September 18, 2025
spot_img
More

    മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവിലെ ക്രൈസ്തവ വേട്ടയ്ക്ക്അവസാനമുണ്ടാകണം: ഷെവലിയര്‍ അഡ്വ. വി. സി. സെബാസ്റ്റ്യന്‍.

    കൊച്ചി: മതപരിവര്‍ത്തന നിയമത്തിന്റെ മറവില്‍ മനുഷ്യക്കടത്ത് ആരോപിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ മിഷനറിമാര്‍ക്കെതിരെ നടക്കുന്ന അതിക്രൂരമായ പീഡനങ്ങള്‍ക്ക് അറുതിയുണ്ടാക്കണമെന്നും ഭരണസംവിധാനങ്ങളുടെ ക്രൈസ്തവവിരുദ്ധ നിലപാടുകള്‍ അവസാനിപ്പിക്കണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍.

    ഛത്തീസ്ഘട്ടിലെ ദുര്‍ഗ് സ്റ്റേഷനില്‍ മിഷനറിമാരായ കന്യാസ്ത്രീകള്‍ക്കുനേരെ നടന്ന വളഞ്ഞാക്രമണം മതേതരത്വം ഉയര്‍ത്തിക്കാട്ടുന്ന ഇന്ത്യയ്ക്ക് അപമാനകരമാണ്. സമൂഹത്തിന് നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന മിഷനറിമാരെ ആള്‍ക്കൂട്ടവിചാരണ നടത്തിയവരെ ശിക്ഷിക്കുക മാത്രമല്ല ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുവാന്‍ ആരെയും അനുവദിക്കരുത്.

    സമൂഹത്തിന്റെ നന്മയ്ക്കും ക്ഷേമത്തിനുമായി ഇന്ത്യയിലുടനീളം നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന ക്രൈസ്തവ മിഷനറിമാരെ വേട്ടയാടി അക്രമിക്കുന്ന തീവ്രവാദസംഘങ്ങളെ നിയന്ത്രിക്കുന്നതിലും അടിച്ചമര്‍ത്തുന്നതിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുന്നത് നിര്‍ ഭാഗ്യകരമാണ്. ആഗോള ഭീകരവാദത്തിനെതിരെ നിലപാടുകളെടുക്കുന്നവര്‍ ആഭ്യന്തര തീവ്രവാദസംഘങ്ങളുടെ മുമ്പില്‍ മുട്ടുമടക്കുന്നത് അപഹാസ്യമാണ്. മത പരിവര്‍ത്തന നിരോധന ബില്ലിന്റെ മറവില്‍ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ നടക്കുന്ന ആസൂത്രിത അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു. മതപരിവര്‍ത്തനമല്ല, വിദ്യാഭ്യാസത്തിലൂടെയും സാംസ്‌കാരിക വളര്‍ച്ചയിലൂടെയും മനുഷ്യനില്‍ മനഃപരിവര്‍ത്തനവും മാനസിക വളര്‍ച്ചയും സാമൂഹ്യ ഉയര്‍ച്ചയും സൃഷ്ടിക്കുന്ന നിസ്വാര്‍ത്ഥ സേവനമാണ് ക്രൈസ്തവരുടേത്. ആരോരുമില്ലാതെ തെരുവിലേയ്ക്ക് വലിച്ചെറിയപ്പെട്ട ആയിരക്കണക്കിന് ആലംബഹീനര്‍ക്ക് അഭയകേന്ദ്രങ്ങളൊരുക്കിയതാണോ ക്രൈസ്തവര്‍ ചെയ്ത തെറ്റ്? വിശപ്പിന്റെ വിളിയില്‍ ജീവനുവേണ്ടി കൊതിച്ച പട്ടിണിപ്പാവങ്ങളെ സ്‌നേഹത്തോടെ വാരിപ്പുണര്‍ന്ന് അന്നം നല്‍കിയതും ഇന്ത്യയുടെ ഉള്‍നാടന്‍ ഗ്രാമങ്ങളിലേയ്ക്ക് കടന്നുചെന്ന് രോഗികളായവരെ ചികിത്സിച്ചതും നിരക്ഷരസമൂഹത്തിന്റെ ഹൃദയത്തിനുള്ളിലേയ്ക്ക് അറിവിന്റെ അക്ഷരങ്ങള്‍ പകര്‍ന്നുകൊടുത്തതും ക്രൈസ്തവ മിഷനറിമാരാണെന്നുള്ളത് ഭരണത്തിലിരിക്കുന്നവര്‍ മറക്കരുത്.

    മതപരിവര്‍ത്തന നിരോധന ബില്ലിന്റെ മറവില്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ കൈയേറി അക്രമിക്കുക, ദേവാലയങ്ങളും പുണ്യരൂപങ്ങളും തകര്‍ക്കുക, വൈദികരെയും സന്യാസിനികളെയും കൈയ്യേറ്റം ചെയ്യുക, ക്രൈസ്തവ വീടുകള്‍ തെരഞ്ഞുപിടിച്ച് വിശ്വാസികളുടെനേരെ അക്രമം അഴിച്ചുവിടുക, പതിനായിരക്കണക്കിന് അനാഥരെയും ആലംബഹീനരെയും സംരക്ഷിക്കുന്ന ആതുരാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുക മിഷനറിമാരെ തെരുവില്‍ ആക്രമിക്കുക, ആള്‍ക്കൂട്ട വിചാരണ നടത്തുക തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ തുടരുന്ന ക്രൂരതയ്ക്കും നിഷ്ഠൂരതയ്ക്കും, ക്രൈസ്തവ വിരുദ്ധ സമീപനങ്ങള്‍ക്കുമെതിരെ അടിയന്തര കേന്ദ്രസര്‍ക്കാര്‍ നടപടികളുമുണ്ടാകണം.

    രാജ്യത്തെ പൗരന്മാര്‍ക്ക് ഏതു മതത്തില്‍ വിശ്വസിക്കാനും തങ്ങളുടെ മതം പ്രചരിപ്പിക്കാനും ഇന്ത്യന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ട്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടാന്‍ പാടില്ല. ആരെങ്കിലും മതസ്വാതന്ത്ര്യം ദുരുപയോഗിക്കുന്നുണ്ടെങ്കില്‍ അതിനെതിരെ നടപടി സ്വീകരിക്കാന്‍ ഇരുപതോളം നിയമവകുപ്പുകള്‍ രാജ്യത്തുണ്ടായിരിക്കുമ്പോള്‍ മതപരിവര്‍ത്തന നിയമമുണ്ടാക്കി ഇതിന്റെ മറവില്‍ ക്രൈസ്തവര്‍ക്കു നേരെ നടത്തുന്ന ആസൂത്രിത അക്രമങ്ങള്‍ക്ക് അവസാനമുണ്ടാകണം ഛത്തീസ്ഘട്ടില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരം കടന്നാക്രമങ്ങള്‍ ഇന്ത്യയില്‍ വിവിധ ഇടങ്ങളില്‍ ആസൂത്രിതമായി ആവര്‍ത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!