വര്‍ഷം 981
ഇറ്റാലിയന്‍ പട്ടണമായ റോസാനോ. ഒരു മുസ്ലീം കൊള്ളസംഘം ഗോവണി വച്ച മതില്‍ കയറി മോഷണം നടത്താന്‍ ശ്രമിക്കുമ്പോള്‍ അവരുടെ മുമ്പില്‍ പെട്ടെന്ന് പര്‍പ്പിള്‍ കളറിലുളള വസ്ത്രം ധരിച്ച് കയ്യില്‍ ഒരു ടോര്‍ച്ചും പിടിച്ച് ഒരു സ്്ത്രീ അവരുടെ മുമ്പില്‍ നില്ക്കുന്നു! അതോടെ അവര്‍ തങ്ങളുടെ മോഷണശ്രമം ഉപേക്ഷിച്ചു. കാരണം അത് പരിശുദ്ധ അമ്മയായിരുന്നു. അമ്മയുടെ അത്ഭുതദൃശ്യം കണ്ട് അവര്‍ ഭയപ്പെട്ടുപോയി.
റോമന്‍ കാലഘട്ടത്തില്‍ റോസാനോ, അല്ലെങ്കില്‍ റോസിയാനം എന്നാണ് ഈ സ്ഥലം അറിയപ്പെട്ടിരുന്നത്.
റോസാനോയെ രക്ഷിച്ച മരിയന്‍ പ്രത്യക്ഷീകരണത്തെ ഔര്‍ ലേഡി ഓഫ് റോസാനോ എന്നാണ് വിളിക്കുന്നത്. ഔര്‍ ലേഡി അച്ചിറോപിറ്റ കത്തീഡ്രലില്‍ കാണാന്‍ കഴിയുന്ന പരിശുദ്ധ കന്യകയുടെ പുരാതന പ്രതിച്ഛായയ്ക്ക് ഈ പട്ടണം ഏറ്റവും പ്രസിദ്ധമാണ്. ഇത് മഡോണ അച്ചെറോപിറ്റ അല്ലെങ്കില്‍ ‘കൈകൊണ്ട് നിര്‍മ്മിക്കാത്ത മഡോണ’ എന്നറിയപ്പെടുന്നു. വിശുദ്ധ ഫെര്‍ണാണ്ടോ മൂന്നാമന് അത്ഭുതകരമായി വെളിപ്പെടുത്തിയ സെവില്ലെയിലെ വിര്‍ജിന്‍ ഡി ലാ ആന്റിഗ്വ പോലെ, റോസാനോയിലെ കത്തീഡ്രലില്‍ പ്ലാസ്റ്റര്‍ പാളിക്ക് താഴെയായി ഉണ്ണീശോയെ എടുത്തുനില്ക്കുന്ന പരിശുദ്ധ കന്യകയുടെ ചിത്രം വെളിപ്പെടുത്തി. ഇത് എ.ഡി. 580 നും 750 നും ഇടയില്‍ പഴക്കമുള്ളതാണെന്ന് കണക്കാക്കപ്പെടുന്നു.
വളര്‍ന്നുവരുന്ന സാമ്രാജ്യകേന്ദ്രമായിരുന്നു റോസാനോ. ക്രിസ്തുവിന് ഒരു സഹസ്രാബ്ദത്തിനുമുമ്പ് യഥാര്‍ത്ഥത്തില്‍ ഇത് സ്ഥാപിക്കപ്പെട്ടതായി കരുതപ്പെടുന്നു. പടിഞ്ഞാറന്‍ റോമന്‍ സാമ്രാജ്യം തകര്‍ന്നപ്പോള്‍ വിസിഗോത്തുകള്‍, ഓസ്‌ട്രോഗോത്തുകള്‍, ലോംബാര്‍ഡുകള്‍ എന്നിവരുടെ ആക്രമണങ്ങള്‍ പട്ടണത്തിന് നേരിടേണ്ടിവന്നു, എന്നിരുന്നാലും ഒരിക്കലും ഒരു ശത്രുവും അതിനെ കീഴടക്കിയില്ല. ആറു മുതല്‍ 11 വരെ നൂറ്റാണ്ടുകളില്‍ ബൈസന്റിയം ഭരിച്ചപ്പോള്‍ പട്ടണം സമ്പത്തിന്റെയും സ്വാധീനത്തിന്റെയും ഉന്നതിയിലെത്തിയിരുന്നു, ടാരന്റോ ഉള്‍ക്കടലിനടുത്തും വെള്ളത്തോട് അടുത്തും സ്ഥിതി ചെയ്യുന്ന റോസാനോ തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ മുസ്ലീം ആക്രമണങ്ങള്‍ക്ക് വിധേയമായി.