കൂട്ടുകാര്‍ക്കായി കൊച്ചേട്ടന്‍ ഫാ. റോയി കണ്ണന്‍ചിറ സി.എം.ഐ എഴുതി, ചാന്ദ്‌നി കൃഷ്ണകുമാര്‍ ആലപിച്ച മെഗാ തിരുവാതിരപ്പാട്ട്.
മലയാളികളെ ഒരുസമൂഹമാക്കുന്ന
ഓണത്തിൻ്റെ പ്രധാനപ്പെട്ട സാംസ്കാരിക പ്രതീകങ്ങൾ – ഓണപ്പൂക്കളം , ഓണസദ്യ , ഓണക്കളികൾ , ഓണസന്ദേശങ്ങൾ – കോർത്തിണക്കിയാണ് ഈ തിരുവാതിര പാട്ട് ഒരുക്കിയിരിക്കുന്നത് .
പുതിയ തലമുറയിലെ കുട്ടികൾക്ക് ഒരു പഠന സഹായിക്കൂടിയാണ് ഈ ഓണപ്പാട്ട് .
ഗാനത്തിന്റെ ലിങ്ക് ഇതാണ് – പൊന്നോണക്കാഴ്ചകൾ / മെഗാ തിരുവാതിരകളി / Mega Thiruvathirakali / Onam Celebration
പാട്ടിന്റെ വരികള്‍ താഴെ കൊടുത്തിട്ടുണ്ട്. കൂടാതെ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക് ചെയ്യുന്നവര്‍ക്ക് പാട്ടിന്റെ വരികള്‍ ലോഡ് ചെയ്യാവുന്നതാണ്.
ലിങ്ക്
LYRICS – Google Docs
വരികള്‍:
പൊന്നോണത്തോണിയണിഞ്ഞൊരുങ്ങി
പൊന്നണി പൂ ചൂടി ചിങ്ങമാസം (2)
മാവേലി മന്നനെഴുന്നള്ളാനായ്
മാമല നാട്ടിലിങ്ങാരവമായ്…(2)
ഓര്‍മ്മകളായ് നല്ല ഓര്‍മ്മകളായ്
ഓണ,മൂഞ്ഞാലാടി വന്നിടുന്നു
ഒന്നായിരുന്നു നാ,മന്നു നമ്മില്‍
കുന്നോളം നന്മയുണ്ടായിരുന്നു!
അത്തം മുതലേ പൂ മുത്തമിട്ട്
പത്തുനാള്‍ പൂക്കളം തീര്‍ത്തിരുന്നു!(2)
പൂക്കളം തന്നില്‍
പലതരം പൂവുകള്‍ തമ്മില്‍
നിറങ്ങള്‍ തന്നുത്സവം മന്നില്‍
നിറയ്ക്കുന്നേയാനന്ദം നമ്മില്‍
വിടരുന്നേ
തുളസിപ്പൂ,തുമ്പപ്പൂ, മുല്ലപ്പൂ, ലില്ലിപ്പൂ
വെള്ളിക്കുറിഞ്ഞിപ്പൂ താമരപ്പൂ
നല്ല ചെത്തിപ്പൂ മന്ദാരം ചെമ്പകപ്പൂ!
പൊന്നോണ സദ്യതന്നോര്‍മ്മകളില്‍
നല്ലോണമെല്ലാം രുചിച്ചിരിക്കാം!(2)
തൂശനിലയില്‍,
തുളുമ്പുന്നോരമ്മക്കനിവില്‍
വിളമ്പുന്ന തുമ്പപ്പൂച്ചോറില്‍
കൊതിയൂറും മാമ്പഴച്ചാറില്‍
പടരുന്നോ-
രെരിശ്ശേരി പുളിശ്ശേരി പച്ചടി കിച്ചടി
തോരനുമോലനുമുപ്പേരിയും
നല്ല പപ്പടം പൂമ്പഴം പായസവും!
ഓണത്തിനോണ,ക്കളികളുണ്ടേ
ഈണത്തില്‍ പാടുന്ന പാട്ടുമുണ്ടേ(2)
താളത്തില്‍ ഒന്നായ്
നാടാകെ നാദത്തില്‍ ഒന്നായ്
എതിരുകളൊക്കെ മറന്നാ,
മാനസങ്ങള്‍ സ്നേഹത്തിലൊന്നായ്!
വരവായി
വള്ളംകളി, തുള്ളല്‍കളി,പൂരക്കളി പുലികളിയും
തിരുവാതിരകളിയും കൈകൊട്ടിക്കളിയും
ഓണ-
ത്തല്ലും കുടം തല്ലി പൊട്ടിക്കലും!
ചിങ്ങത്തിലെ വെയില്‍ തുമ്പികളേ
ഇങ്ങെത്തിടാനിനി വൈകീടല്ലേ(2)
തുമ്പി തുള്ളാനും
ഇമ്പമുള്ള ഈണമിടാനും…
തംബുരുവില്‍ തൂവല്‍ തൊടാനും
അംബരത്തില്‍ മുത്തമിടാനും
നിരന്തരം,
മലയാളക്കരയാകെ പെരുമകളുടെ കുരവയിടാം
മലയാണ്മ തന്‍ നന്മ തമ്മിലേകാം
ഇത് മഹിതമാം ഈശ്വര ഭൂമിയാക്കാം
ഓണം ഒരുജ്ജ്വല ലക്ഷ്യമാണേ
ഓ!നമ്മള്‍, എന്നൊരു മാര്‍ഗമാണേ(2)
കേരളമണ്ണില്‍
തരതമ ഭേദങ്ങള്‍ വേണ്ട
ഇനിയില്ല നിങ്ങളായാരും
ഇവിടില്ല ഞങ്ങളായാരും
ഉണരട്ടെ
ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും ബുദ്ധനും
ജൈനനും, പാഴ്സി, ബഹായി, സിക്കും
നമ്മള്‍-
നമ്മളാണെന്നൊന്നിച്ചോതി വാഴാം(2)
കേരള നാടിന്റെ ഉത്സവമായ്
പേരെഴുമോണത്തിലൊന്നു ചേരാം
മലയാളിയെന്ന മഹാമഹത്വം
മലയോളമെന്നു,മുയര്‍ത്തി നിര്‍ത്താം…