വളരെക്കാലം മുമ്പ് നശിപ്പിക്കപ്പെട്ട ഒരു ദേവാലയത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നാണ് 1621 ല്‍ ഔര്‍ ലേഡി ഓഫ് ദി വുഡ്സിന്റെ ചെറിയൊരു ചിത്രം കണ്ടെത്തിയത്. വൈദേശികശക്തികളുടെ ആക്രമണത്തിലാവാം ദേവാലയം നശിപ്പിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. ആട്ടിടയനും അനാഥനുമായ സാന്തി ബെവിലാക്വ എന്ന കുട്ടിക്കാണ് മാതാവിന്റെ രൂപം കിട്ടിയത്. ആടുകളെ മേയിച്ചുകൊണ്ട് നടക്കുമ്പോള്‍ സമീപത്തുള്ള കുറ്റിക്കാട്ടില്‍ പകുതിമറഞ്ഞിരിക്കുന്ന വിധത്തില്‍ ഒരു കല്‍ഭിത്തി കാണുകയും അതെന്തുകൊണ്ട് അവിടെ ഒരു കല്‍ഭിത്തി എന്ന് അന്വേഷിച്ചുചെന്നപ്പോള്‍ മാതാവിന്റെ ഈ രൂപം കണ്ടെത്തുകയുമായിരുന്നു. മരിയഭക്തനായ അവന് അപ്പോള്‍ത്തന്നെ മാതാവിന്റെ രൂപത്തിന് മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. അടുത്തദിവസം മുതല്‍ അവന് മാതാവിന് പൂക്കള്‍ സമര്‍പ്പിച്ചുതുടങ്ങി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവന്റെ കൂട്ടുകാരും അവനൊപ്പം വന്നുതുടങ്ങി. അവര്‍ മാതാവിനെ ഗീതങ്ങളാല്‍ പുകഴ്ത്തി. കുട്ടികളുടെ സംഘവും പാട്ടും അര്‍ച്ചനയും സമീപവാസികള്‍ക്ക് തെല്ലും രസിക്കുന്ന കാര്യമായിരുന്നില്ല.
ഒരു ദിവസം ഒരു ബന്ധുവിന്റെ മരപ്പണിശാലയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന അവന് ഉറങ്ങിപ്പോയി. അപ്പോള്‍ ഉരുപ്പടി പണിയാനായി അവിടെവച്ചിരിക്കുകയായിരുന്ന വലിയൊരു തടി അവന്റെ മേലേക്ക് വീണു. അവന് നിലവിളിക്കുകയും മാതാവിനോട് അപേക്ഷിക്കുകയും ചെയ്തു. അവന് യാതൊരുപരിക്കും സംഭവിച്ചില്ല. ബന്ധു കാരണം അന്വേഷിക്കുകയും ആരെയാണ് അവന് വിളിച്ചതെന്ന് ചോദിക്കുകയും ചെയ്തപ്പോള്‍ മാതാവിന്റെ കാര്യം അവന് അറിയിച്ചു. ബന്ധുവും അവനൊപ്പം അവിടെയെത്തുകയും മാതാവിനോട് അയാള്‍ക്കും ഭക്തി തോന്നുകയും ചെയ്തു.
പിന്നീട് അയാള്‍ പലരുടെയും സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് അവിടെ ഒരു ദേവാലയം പണിയാനാരംഭിച്ചു. പുരോഹിതര്‍ക്കായി ഒരു ഭവനവും അയാള്‍ പണിതു. സാന്തിപിന്നീട് ദേവാലയത്തിന്റെ അടുത്തേക്ക് താമസം മാറി. ദിവസവും പതിനഞ്ചു കുര്‍ബാനകള്‍ പോലും അവിടെ അര്‍പ്പിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. തിരക്കുകൂടിവന്നപ്പോള് തല്‍സ്ഥാനത്ത് പുതിയൊരു പള്ളിപണിതു. പ്ലേഗും കോളറയും കടന്നുപോയപ്പോഴും ഈ പ്രദേശത്തെയൊന്നും അതുബാധിച്ചില്ല. മാതാവിന്റെ അത്ഭുതശക്തിയാലാണ് അതെന്ന് എല്ലാവരും വിശ്വസിച്ചു.