കൊച്ചി: മതപരിവര്‍ത്തന നിരോധന നിയമത്തിലൂടെയും ഇതിന്റെ മറവിലൂടെയും ഇന്ത്യയുടെ മതേതരത്വ മഹത്വത്തെ വെല്ലുവിളിക്കാനും തകര്‍ക്കാനും ആരെയും അനുവദിക്കരുതെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍.
വർഗീയ വിഷം ചീറ്റി മതസൗഹാർദ്ദം തകർക്കുവാനും ജനങ്ങളിൽ ഭിന്നിപ്പ് സൃഷ്ടിക്കുവാനും വർഗീയവാദികളും സാമൂഹ്യവിരുദ്ധരും നടത്തുന്ന ബോധപൂർവ്വമായ നീക്കങ്ങൾ എതിർക്കപ്പെടണം. ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പാക്കുന്ന മൗലികാവകാശങ്ങൾ ആരുടെയും ഔദാര്യമല്ല.
വിവിധ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കുനേരെ മതഭീകര പ്രസ്ഥാനങ്ങള്‍ അക്രമങ്ങള്‍ അഴിച്ചുവിടുമ്പോള്‍ ഇന്ത്യയിലും മറ്റൊരുരൂപത്തില്‍ ഇതാവര്‍ത്തിക്കുന്നത് ദുഃഖകരവും മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഭരണസംവിധാനത്തെ വികൃതമാക്കുന്നതുമാണ്. ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങള്‍ക്കും ഭരണഘടന വിഭാവനം ചെയ്യുന്ന സുരക്ഷിതത്വവും പ്രവര്‍ത്തന സ്വാതന്ത്ര്യവും ഉറപ്പാക്കാന്‍ ഉത്തരവാദിത്വമുള്ള കേന്ദ്ര സര്‍ക്കാര്‍ മൗനം വെടിയണം.
ഭാരതത്തിലെ ക്രൈസ്തവ സമൂഹത്തെ രാഷ്ട്രീയ സാമൂഹ്യ സമ്മര്‍ദ്ദത്തിലാക്കുക എന്നതാണ് മതപരിവര്‍ത്തന നിരോധനനിയമത്തിന്റെ ലക്ഷ്യമെങ്കില്‍ സഭ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താറില്ല എന്നതാണ് അതിനുള്ള മറുപടി. ഓടി വരുന്ന ഒരാള്‍ക്ക് ചേക്കേറാനുള്ള ഇടമല്ല കത്തോലിക്ക സഭ. മനഃപരിവര്‍ത്തനത്തിനു വിധേയരാകുന്നവരെ മാത്രമാണ് സഭ സ്വീകരിക്കാറുള്ളത്. നിര്‍ബന്ധിപ്പിച്ചോ പ്രലോഭിപ്പിച്ചോ വാഗ്ദാനങ്ങള്‍ നല്‍കിയോ ആരെയും സഭയില്‍ ചേര്‍ക്കാറില്ല. ലോകം മുഴുവന്‍ നിറഞ്ഞുനില്‍ക്കന്ന ക്രൈസ്തവ സമൂഹത്തിന് അതിന്റെ ആവശ്യവുമില്ല. വസ്തുത ഇതായിരിക്കെ ഇന്ത്യയിലെ വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ മതപരിവര്‍ത്തന നിരോധന നിയമനിര്‍മ്മാണം തികച്ചും ദുരുദ്ദേശപരമാണ്. രാജ്യത്തെ പൗരന്മാര്‍ക്ക് ഏതു മതത്തില്‍ വിശ്വസിക്കാനും തങ്ങളുടെ മതം പ്രചരിപ്പിക്കാനും ഇന്ത്യന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ട്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ ആര്‍ക്കും നിഷേധിക്കപ്പെടാന്‍ പാടില്ല. ആരെങ്കിലും മതസ്വാതന്ത്ര്യം ദുരുപയോഗിക്കുന്നുണ്ടെങ്കില്‍ അതിനെതിരെ നടപടി സ്വീകരിക്കാന്‍ ഇരുപതോളം നിയമവകുപ്പുകള്‍ നിലവില്‍ രാജ്യത്തുണ്ടന്നുള്ളത് മറക്കരുത്.
മതപരിവര്‍ത്തനം നടത്തി ഇന്ത്യയിലെ ക്രൈസ്തവ ജനസംഖ്യ ഉയരുന്നുവെന്ന പ്രചരണമാണ് പല സ്ഥലങ്ങളിലെയും അക്രമങ്ങള്‍ക്ക് അടിസ്ഥാനമെന്ന സൂചനയുണ്ട്. സ്വാതന്ത്ര്യപ്രാപ്തി സമയത്തും ഇപ്പോള്‍ ഏഴുപതിറ്റാണ്ടുകള്‍ക്കുശേഷവും ഇന്ത്യയിലെ ക്രൈസ്തവ ജനസംഖ്യ 2.3ശതമാനമായി തുടരുന്നു. അല്പംകൂടി വിശദീകരിച്ചാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക സെന്‍സസ് പ്രകാരം 1951ല്‍ 2.3%, 1961ല്‍ 2.44%, 1971ല്‍ 2.6%, 1981ല്‍ 2.44%, 1991ല്‍ 2.32%, 2001ല്‍ 2.34%, 2011ല്‍ 2.32% എന്നതാണ് ഇന്ത്യയിലെ ക്രൈസ്തവ ജനസംഖ്യയുടെ ശതമാനക്കണക്ക്. 1971ലെ 2.6 ശതമാനമാണ് ഏറ്റവും ഉയര്‍ന്ന ക്രൈസ്തവ ജനസംഖ്യയെങ്കില്‍ ഇപ്പോഴത് 1951ലെ 2.3 ശതമാനത്തില്‍ത്തന്നെ നിലനില്‍ക്കുന്നു. 2011 ലെ ജനസംഖ്യാ കണക്കുപ്രകാരം 121,08,54,977 പൗരന്മാരുള്ള ഇന്ത്യയില്‍ 2,78,19588 പേര്‍മാത്രം ക്രൈസ്തവര്‍. എന്നിട്ടും സംഘടിത മതപരിവര്‍ത്തനം ആരോപിച്ച് ക്രൈസ്തവര്‍ക്ക് നേരെ നിരന്തരം ആക്രമങ്ങള്‍ അഴിച്ചുവിടുന്നതിന്റെ പിന്നിലെ നിക്ഷിപ്ത താല്പര്യമെന്ത്?
ഇന്ത്യയിലാകെ 54,937 കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളാണുള്ളത്. 12 യൂണിവേഴ്‌സിറ്റികളും മെഡിക്കല്‍ കോളജുകളുമുള്‍പ്പെടെ, മാനേജ്‌മെന്റ്, എഞ്ചിനീയറിംഗ്, പ്രൊഫഷണല്‍ കോളജുകള്‍, ഡിഗ്രി കോളജുകള്‍, ജൂണിയര്‍ കോളജുകള്‍, ഹൈസ്‌കൂള്‍, മിഡില്‍ സ്‌കൂള്‍, പ്രൈമറി സ്‌കൂള്‍, പ്രീ പ്രൈമറി സ്‌കൂള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള സ്‌പെഷ്യല്‍ സ്‌കൂള്‍, വൊക്കേഷണല്‍ ട്രെയ്‌നിംഗ്, ടെക്‌നിക്കല്‍ സ്‌കൂള്‍, തെരുവോരങ്ങളിലെ കുട്ടികള്‍ക്കുള്ള പഠനകേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഇക്കൂട്ടത്തില്‍പ്പെടുന്നു. ഈ സ്ഥാപനങ്ങളിലെല്ലാമായി 26,96,850 പേര്‍ ജോലിചെയ്യുമ്പോള്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണം 5,19,48,600. ഇത് ഇന്ത്യയിലെ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാത്രം കണക്കെങ്കില്‍ ഇതര ക്രൈസ്തവ വിഭാഗങ്ങളുടെ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ വേറെയുണ്ട്. 5 കോടിയിലേറെ വിദ്യാര്‍ത്ഥികള്‍ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രം പഠിക്കുമ്പോള്‍ ഇന്ത്യയിലെ ക്രൈസ്തവ ജനസംഖ്യ 2.78 കോടി മാത്രമാണെന്നുള്ളത് ചിന്തിക്കുന്ന പൊതുസമൂഹം തിരിച്ചറിയണം. ആരോഗ്യ ആതുരശുശ്രൂഷ ഉള്‍പ്പെടെയുള്ള കത്തോലിക്കാസഭയുടെ ബഹുജനപങ്കാളിത്ത സേവന ശുശ്രൂഷാമേഖലകള്‍ ഒട്ടനവധിയുണ്ട്. ഇതിന്റെ ഗുണഫലങ്ങളനുഭവിക്കുന്നതിലേറെയും ഇന്ത്യയിലെ പൊതുസമൂഹത്തിലെ പാര്‍ശ്വവര്‍ക്കരിക്കപ്പെട്ടവരും ദരിദ്രസമൂഹവും അഗതികളും ആലംബഹീനരുമാണ്, എന്നിട്ടും ഏഴുപതിറ്റാണ്ടായി ആകെ ജനസംഖ്യയുടെ 2.3 ശതമാനത്തില്‍ നിലനില്‍ക്കുമ്പോള്‍ മതപരിവര്‍ത്തനമെന്ന ഉമ്മാക്കി കാണിച്ച് ക്രൈസ്തവരെ വിരട്ടാന്‍ ആരും നോക്കണ്ട.
ക്രൈസ്തവ സ്ഥാപനത്തിലൂടെ പഠിച്ചിറങ്ങുന്നവരെയും വിവിധ സേവനങ്ങളിലേര്‍പ്പെടുന്നവരെയും ക്രൈസ്തവ മിഷനറിമാര്‍ മതപരിവര്‍ത്തനം ചെയ്തിരുന്നെങ്കില്‍ ഇന്ത്യ ക്രൈസ്തവ രാജ്യമായി നാളുകള്‍ക്കു മുമ്പേ മാറുമായിരുന്നു. രാഷ്ട്രീയ ഭരണസംവിധാനമുള്‍പ്പെടെ വിവിധ തലങ്ങളിലിന്ന് വിരാജിക്കുന്നവര്‍ തങ്ങളുടെ മനസാക്ഷിയും ചിന്തകളും കടന്നുവന്ന വഴികളിലേയ്ക്കും അവർ പഠിച്ചിറങ്ങിയ സ്ഥാപനങ്ങളിലേയ്ക്കും തിരിച്ചുവിടുന്നത് ഉചിതമാണ്. മത പരിവര്‍ത്തനമല്ല, വിദ്യാഭ്യാസത്തിലൂടെയും സാംസ്‌കാരിക വളര്‍ച്ചയിലൂടെയും മനുഷ്യനില്‍ മനപരിവര്‍ത്തനവും മാനസിക വളര്‍ച്ചയും സാമൂഹ്യ ഉയര്‍ച്ചയും സൃഷ്ടിക്കുന്ന നിസ്വാര്‍ത്ഥ സേവനമാണ് ക്രൈസ്തവരുടേത്. പക്ഷേ മതപരിവര്‍ത്തന നിരോധന നിയമം സൃഷ്ടിച്ച് ക്രൈസ്തവര്‍ക്കു നേരെ അക്രമങ്ങള്‍ അഴിച്ചുവിടുന്നത് ഭരണഘടന ഉറപ്പു നല്‍കുന്ന മതേതരത്വ മൂല്യങ്ങളെ വെല്ലുവിളിക്കുന്നതും തകര്‍ക്കുന്നതുമാണ്. ഇതിനെതിരേ പൊതു മനഃസാക്ഷി ഉണരണം.
മതത്തിന്റെയും വര്‍ഗ്ഗീയതയുടെയും വിഷബീജങ്ങള്‍ കുത്തിവെച്ച് മതത്തിന്റെ പേരില്‍ നിര്‍ദോഷികളും നിരപരാധികളുമായ ജനസമൂഹത്തെ തെരുവിലിട്ട് അക്രമിച്ച് ജീവനെടുക്കുന്ന ഒരു യുദ്ധക്കളം സൃഷ്ടിച്ചും ജനങ്ങളെ തമ്മിലടിപ്പിച്ചും നാശത്തിന്റെ വിത്തുവിതറുന്ന രാഷ്ട്രീയ കുതന്ത്രങ്ങളേയും, നേതൃത്വങ്ങളെയും വര്‍ഗീയവാദികളെയും ഭീകരപ്രസ്ഥാനങ്ങളെയും തള്ളിപ്പറയാനും എതിര്‍ത്തു തോല്പിക്കാനും ഇന്നിന്റെ തലമുറ മടിക്കരുതെന്നും പത്തിവിരിച്ച് വിഷം ചീറ്റിയുള്ള വര്‍ഗീയവാദങ്ങള്‍ ഈ മണ്ണിനെ ശിഥിലമാക്കുക മാത്രമല്ല ഭാരതത്തിന്റെ ഏറ്റം മഹത്തരമായ മതേതരത്വത്തിന്റെ അടിത്തറ തകര്‍ക്കുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി,