ലെയോ പതിനാലാമന്‍ പാപ്പ ഇന്ത്യയിലേക്ക് വരുമോ?
ഈ ആകാംക്ഷയിലാണ് ഇപ്പോള്‍ ഇന്ത്യ. കാരണം ഇന്ത്യ സന്ദര്‍ശിക്കാന്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പക്ക് ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കൂടിക്കാഴ്ചയില്‍ ഔദ്യോഗിക ക്ഷണക്കത്ത് നല്കിയിട്ടുണ്ട്, സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിഷയം കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്നും ആന്‍ഡ്രൂസ് താഴത്ത് അറിയിച്ചു. ഇന്ത്യയിലേക്കുള്ള ക്ഷണം മാര്‍പാപ്പ സ്വാഗതം ചെയ്തിട്ടുണ്ടെന്നും വൈകാതെ അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പരോലിനുമായി നടന്ന കൂടിക്കാഴ്ചക്കു ശേഷം മാര്‍ ആന്‍ഡ്രൂസ് താഴത്ത് വ്യക്തമാക്കി.
ഇന്ത്യ സന്ദര്‍ശിക്കണമെന്ന ആഗ്രഹം ബാക്കിനില്‌ക്കെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സ്വര്‍ഗപ്രാപ്തനായത്. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയും പോള്‍ ആറാമന്‍ പാപ്പയുമാണ് മുമ്പ് ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ളത്. ലെയോ പതിനാലാമന്‍ പാപ്പ അഗസ്റ്റീയന്‍ സഭയുടെ സുപ്പീരിയര്‍ ജനറല്‍ ആയിരുന്ന അവസരത്തില്‍ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്.