Thursday, January 1, 2026
spot_img
More

    ക്രിസ്തുമസ് ആഘോഷങ്ങള്‍ ആശങ്കപ്പെടുത്താനുള്ള ശ്രമമോ?

    ഉത്തര്‍പ്രദേശില്‍ ക്രിസ്തുമസിന് അവധിയില്ല, പാലക്കാട് കരോള്‍ സംഘത്തിനു നേരെ ആക്രമണം. ക്രിസ്തുമസ് ആഘോഷങ്ങള്‍ ആശങ്കപ്പെടുത്താനുള്ള ശ്രമമോ?

    രക്ഷകന്റെ പിറവിയില്‍ അസ്വസ്ഥനാകുന്ന ഹേറോദോസുമാര്‍ പുതിയകാലത്തും ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇന്ത്യയില്‍ ഇപ്പോള്‍ ക്രിസ്തുമസിനോട് അനുബന്ധിച്ചു നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍. ഉത്തര്‍പ്രദേശില്‍ ക്രിസ്തുമസിന് സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനമായി പ്രഖ്യാപിച്ചുകൊണ്ടുള്ള യോഗി സര്‍ക്കാരിന്റെ ഉത്തരവാണ് അതിന് ഏറ്റവുംപുതിയ ഉദാഹരണം. ഉണ്ണിയേശുവിന്റെ ജനനത്തിരുനാളായി ആചരിക്കപ്പെട്ടിരുന്ന ഡിസംബര്‍ 25 അവരെ സംബന്ധിച്ചിടത്തോളം മുന്‍പ്രധാനമന്ത്രി എബി വാജ് പേയിയുടെ ജന്മശതാബ്ദി വര്‍ഷസമാപനദിനമാണ്്. എല്ലാ കുട്ടികളും നിര്‍ബന്ധമായും സ്‌കൂളുകളില്‍ ഹാജരാകേണ്ട ദിവസം. അക്രൈസ്തവരായ കുട്ടികള്‍ക്ക് അത് പ്രശ്‌നമല്ലെങ്കിലും ക്രൈസ്തവരായ കുട്ടികള്‍ക്ക് പള്ളിയില്‍ പോകാനോ ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കെടുക്കാനോ സാധിക്കുന്നില്ല. ബോധപൂര്‍വ്വം ക്രിസ്തുമസ് ആഘോഷങ്ങളെ ഇല്ലായ്മ ചെയ്യുകയാണ് ഇവിടെ.

    ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ ഭാഗീരഥിയില്‍ കുട്ടികള്‍ക്കു വേണ്ടി സംഘടിപ്പിച്ചിരുന്ന ക്രിസ്തുമസ് ആഘോഷങ്ങള്‍ റദ്ദാക്കിയതായും വാര്‍ത്തയുണ്ട്. ഗംഗാനദിക്കരയില്‍ ക്രിസ്തുമസ് ആഘോഷിക്കാന്‍ അനുവദിക്കില്ല എന്നാണ് ഒരുപറ്റം വര്‍ഗീയവാദികളുടെ പ്രഖ്യാപനം. ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്തു നടന്നതല്ലേ ഇതൊന്നും ഇവിടെ നടക്കില്ല എന്നാണ് വിചാരിക്കുന്നതെങ്കില്‍ അവിടെയും തെറ്റി.

    പാലക്കാട് കഞ്ചിക്കോട് കരോള്‍സംഘത്തിനെതിരെ ആക്രമണം നടന്നത് കഴിഞ്ഞദിവസമാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ 14 പേരടങ്ങുന്ന ക്രിസ്തുമസ് കരോള്‍സംഘമാണ് ആക്രമിക്കപ്പെട്ടത്. തപാല്‍ വകുപ്പിലെ ക്രിസ്തുമസ് ആഘോഷത്തിന് കരോള്‍ ഗീതങ്ങള്‍ ഒഴിവാക്കിയതും സമീപദിവസങ്ങളിലായിരുന്നു.

    ഇത്തരത്തിലുള്ള പല സംഭവങ്ങളെയും അപഗ്രഥിക്കുമ്പോള്‍ നാം തിരിച്ചറിയുന്ന കാര്യം ഇതാണ്..ക്രിസ്തുവിന്റെ ജനനത്തെ ആരൊക്കെയോ ഭയപ്പെടുന്നു. ക്രിസ്തുവിന്റെ ജനനമാണ് ലോകചരിത്രത്തെ രണ്ടായി വേര്‍തിരിച്ചതെന്ന വിശ്വാസപാരമ്പര്യത്തെ മറികടന്ന് എഡിയും ബിസിയും കാലഹരണപ്പെടുകയും കോമണ്‍ എറയും ബിഫോര്‍ കോമണ്‍ എറയും രൂപവല്‍ക്കൃതമായിരിക്കുകയും ചെയ്തിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് അധികംപേരും അറിഞ്ഞിട്ടുണ്ടാവില്ലെന്ന് തോന്നുന്നു. ഇത് വ്യക്തമാക്കുന്നതും ക്രിസ്തുവിനെ അപ്രസക്തമാക്കാനുള്ള ഗൂഢശ്രമങ്ങള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നുവെന്നാണ്.

    ക്രൈസ്തവര്‍ക്കുനേരെ എവിടെയും നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും തുടര്‍ച്ചയായി വേണം ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കെതിരെയുള്ള സംഘടിതമായ ആക്രമണങ്ങളെയും കാണേണ്ടത്. ഞായറാഴ്ചകളില്‍ പരീക്ഷകള്‍ നടത്തുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാദിവസം ഞായറാഴ്ചയാക്കി മാറ്റുക എന്നിങ്ങനെ ക്രൈസ്തവര്‍ പരിപാവനമായി കരുതുന്ന പല ദിവസങ്ങളെയും അവയുടെ വിശുദ്ധി ചോര്‍ത്തിക്കളയുന്നവിധത്തില്‍ സാധാരണദിവസങ്ങളായി മാറ്റാനുള്ള ശ്രമങ്ങളും ഈയിടെയായി നിര്‍ബാധം നടക്കുന്നുണ്ട്. ക്രിസ്തു ആരോടും ദ്രോഹം ചെയ്തിട്ടില്ല. ആരെയും ക്രൂശിക്കുകയോ ആരെയും മാറ്റിനിര്‍ത്തുകയോ ചെയ്തിട്ടില്ല. എന്നിട്ടും എന്തിനാണ് ക്രിസ്തുവിനോട് ഇത്രയധികം വിദ്വേഷം? സകലജനത്തിനും വേണ്ടിയുള്ള രക്ഷയുടെ സദ്വാര്‍ത്തയാണ് ക്രിസ്തു ലോകത്തിന് വിളംബരം ചെയ്തത്. താന്‍ വന്നത് ക്രൈസ്തവരെ മാത്രം രക്ഷിക്കാനാണെന്ന് ക്രിസ്തു ഒരിക്കലും പറഞ്ഞിട്ടില്ല. സകലരെയും സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന സ്‌നേഹമായ ക്രിസ്തുവിനെ ഇനിയും മനസ്സിലാക്കാത്തതുകൊണ്ടാണ് അവിടുത്തേക്കെതിരെ ഇന്ന് പലരും വാളോങ്ങുന്നത്.

    ക്രിസ്തുമസിന് നമുക്ക് നല്കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനം സമാധാനമാണെന്ന് ലെയോ പതിനാലാമന്‍ പാപ്പ പറഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള അക്രമങ്ങള്‍ അഴിച്ചുവിടുന്നവര്‍ സമാധാനം തകര്‍ക്കുകയാണ് ചെയ്യുന്നത്. ഭീതിയുടെ അന്തരീക്ഷം ബോധപൂര്‍വ്വം സൃഷ്ടിക്കുകയാണ് അവര്‍. കാരണം അവരുടെ ഉള്ളില്‍ സമാധാനമില്ല. ഉള്ളില്‍ സമാധാനമില്ലാത്തവര്‍ക്ക് മറ്റുള്ളവര്‍ക്ക് സമാധാനം നല്കാനുമാവില്ല. ഇത്തരത്തിലുള്ള അസ്വസ്ഥതകള്‍ ക്രിസ്തുമസ് ദിനത്തിനു മുമ്പുതന്നെ അഴിച്ചുവിട്ട് ക്രിസ്തുമസ് ദിനത്തെ ആശങ്കപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമായി നാം ഇതിനെ കാണേണ്ടിയിരിക്കുന്നു. ഇതിനെതിരെ നാം ഒറ്റക്കെട്ടായി നില്‌ക്കേണ്ടതുണ്ട്.

    സമാധാനം സ്ഥാപിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നാം ഓരോരുത്തരും. അതിനുപകരം അസമാധാനത്തിന്റെ വിതയ്ക്കാരായി മാറരുത്. ക്രിസ്തുമസിന്റെ സമാധാനം നമ്മുടെ ഉളളങ്ങളെ ഭരിക്കട്ടെ.

    അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭി്ച്ചവര്‍ക്കു സമാധാനം.
    മരിയന്‍പത്രത്തിന്റെ പ്രിയവായനക്കാര്‍ക്ക് ക്രിസ്തുമസ് ആശംസകളോടെ

    ബ്ര.തോമസ് സാജ്
    മാനേജിംങ് എഡിറ്റര്‍
    മരിയൻ പത്രം

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!