സാത്താന് ഒരു വ്യക്തിയിലേക്ക് പ്രവേശിക്കുന്ന വഴികള്‍ ഏതൊക്കെയാണ് എന്നറിയാമോ? അനുതപിക്കാത്ത പാപം, തെറ്റായ ബോധ്യം, ക്ഷമിക്കാത്ത അനുഭവം, ഉണങ്ങാത്ത മുറിവുകള്‍. ഈ നാലു വഴിയിലൂടെയാണ് ഒരു വ്യക്തിയിലേക്കും ഒരു കുടുംബത്തിലേക്കും സാത്താന്‍ പ്രവേശിക്കുന്നത്.
ശവമുള്ളിടത്ത് കഴുകന്മാര്‍ ഓടിക്കൂടും എന്നാണ് തിരുവചനം പറയുന്നത്. അതുപോലെ അനുതപിക്കാത്ത പാപം കുടുംബത്തിലുണ്ടോ ആ കുടുംബത്തിലേക്ക് സാത്താന്‍ ഓടിവരും. ചീഞ്ഞളിഞ്ഞ ശവത്തെക്കുറിച്ചുള്ളഅറിയിപ്പ് കിട്ടിയിട്ടില്ല കഴുകന്മാര്‍ ഓടിവരുന്നത്. കഴുകനറിയാം സംസ്‌കരിക്കാത്ത ശവം അവിടെയുണ്ടെന്ന്.
ഇതുപോലെയാണ് യഥാര്‍ത്ഥത്തില്‍ അനുപതിക്കാത്ത പാപവുമായി ഒരു വ്യക്തി ജീവിക്കുമ്പോള്‍ സംഭവിക്കുന്നതും. മദ്യപാനം എന്ന പാപം വീട്ടില്‍ ചീഞ്ഞുകിടപ്പുണ്ടോ ആ കുടുംബത്തിലേക്ക് സാത്താന്‍ ഓടിവരും. മദ്യപാനം മൂലം തകര്‍ന്നുപോയ എത്രയോ കുടുംബങ്ങളുണ്ട് നമ്മുടെ നാട്ടില്‍.
മദ്യപാനിയായ അപ്പന്മാരുണ്ടോ, മക്കളുടെ മുമ്പില്‍ മദ്യപിക്കുന്നവരായിട്ടുണ്ടോ, അല്ലെങ്കില്‍ പൊടിക്കുഞ്ഞുങ്ങളെ കൂട്ടിച്ചെന്ന് മദ്യം വാങ്ങാന്‍ പോകുന്നവരുണ്ടോ കാലം കഴിയുമ്പോള്‍ ഈ മക്കളെ സാത്താന്‍ കൊത്തിയെടുത്തുപോകും. അവര്‍ ക്രിമിനലുകളായി മാറും. എട്ടും പത്തും വയസു പ്രായമുള്ള കുട്ടികള്‍ വീടുകളില്‍ വച്ച് ദുരുപയോഗം ചെയ്യപ്പെടുന്നതിനും അപകര്‍ഷതാബോധത്തോടെ ജീവിക്കുന്നതിനും കാരണം ഓരോ കുടുംബനാഥന്മാരുടെയും മദ്യപാനമാണെന്ന് തിരിച്ചറിയണം. ഭാര്യ വ്യഭിചാരം ചെയ്ത് പിഴച്ചുപോയതിന് പിന്നിലും ഭര്‍ത്താക്കന്മാരുടെ മദ്യപാനം കാരണമായിട്ടുണ്ട്.
ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ തിന്മകളിലൊന്നാണ് പോണോഗ്രഫി. അഞ്ചും ആറും ക്ലാസുകളില്‍പഠിക്കുന്ന മക്കള്‍ പോലും പോണോഗ്രഫിക്ക് അടിമകളായിട്ടുണ്ട്. ഏതു സ്വകാര്യതയിലും അത് കണ്ട് ആസ്വദിക്കാന്‍ കഴിയും. തലച്ചോറിന്റെ പ്രത്യേകഭാഗങ്ങള്‍ മരവിച്ചുപോകുന്നതിന് കാരണം പോണോഗ്രഫിയുടെ അടിമത്തമാണ്. എന്തു കാര്യത്തിന് പോകുമ്പോഴും പുരോഗതി ഉണ്ടാകാത്തതിനും കാരണം ശരീരത്തില്‍ ചെയ്തുകൂട്ടുന്ന അവിശുദ്ധിയാണ്.
ശരീരത്തെ വിശുദ്ധിയിലും മാന്യതയിലും കാത്തുസൂക്ഷിക്കേണ്ടത് എങ്ങനെയെന്ന് നിങ്ങളറിയണം. തിന്മ കാണാതെ കണ്ണടയ്ക്കുന്നവനെ ദൈവം അത്യുന്നതങ്ങളിലേക്ക് ഉയര്‍ത്തും. അവന്‍ ഉന്നതങ്ങളില്‍ വസിക്കും. ശരീരം മലിനമാകാതെ കാത്തുസൂക്ഷിക്കുന്നവനെ ശിലാദുര്‍ഗ്ഗം കൊണ്ട് ദൈവം പ്രതിരോധം തീര്‍ക്കും. അവന്റെ ആഹാരം മുടങ്ങുകയില്ല.
അപ്പന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ബ്ലുഫിലിം കണ്ട് അതിന്റെ അടിമത്തത്തില്‍ പെട്ടുപോയ മക്കളുണ്ട്. ജീവിതം നഷ്ടമായവരുണ്ട്. വിവാഹത്തിന്റെ തലേന്നുവരെ സകലതോന്യാസവും ചെയ്ത് നടന്നിട്ടു കുമ്പസാരം നടത്തി എല്ലാ പാപവും കഴുകിക്കളഞ്ഞുവെന്ന് വിശ്വസിച്ച് കുടുംബജീവിതത്തിലേക്ക് പ്രവേശിക്കാം. പക്ഷേ വിശുദ്ധരായ മക്കളുണ്ടാകണമെന്ന് ആഗ്രഹിക്കരുത്. കാരണം നിന്റെ ജനിതകഘടനയില്‍ വ്യഭിചാരാസക്തി ഉണ്ട്. അത് മക്കളിലേക്ക് പടരും.
ചെറുപ്രായത്തില്‍ തന്നെ മക്കളെ വിശുദ്ധിയിലേക്ക് വളര്‍ത്തണം. പ്രായം ചെന്നു കഴിഞ്ഞിട്ട് വിശുദ്ധരാകാം എന്ന് കരുതരുത്. ഞങ്ങളുടെയൊന്നും കാലത്ത് അതുപറഞ്ഞുതരാന്‍ ആരുമുണ്ടായിരുന്നില്ല. ഒരു പ്രത്യേകഘട്ടം കഴിഞ്ഞപ്പോഴാണ് അതേക്കുറിച്ചുള്ള ചിന്തകളുണ്ടായത്. ഇന്നും ഓര്‍ക്കുന്പോള്‍ നെഞ്ചിലൊരു ഭാരം.
വാട്‌സാപ്പില്‍ നിനക്ക് അരുതാത്ത ബന്ധമുണ്ടോ അനാവശ്യമായ ഫോണ്‍കോളുകളുണ്ടോ അത് ഇന്ന് അവസാനിപ്പിക്കണം. അനുതപിക്കാത്ത പാപം സാത്താന്റെ ഒളിത്താവളമാണ്. കുമ്പസാരിച്ച് തിരുത്താതെ ഒരുപാപം കിടന്നാല്‍ സാത്താന്‍ അവിടെ താമസിക്കും. അത് നിങ്ങളെ വ്യക്തിപരമായും കുടുംബപരമായും നശിപ്പിക്കും.
പാപങ്ങള്‍ ഏറ്റുപറയേണ്ടത് നമ്മുടെ ഐശ്വര്യത്തിന് വേണ്ടിയാണ്. മാതാപിതാക്കള്‍ ആഴ്ചതോറും കുമ്പസാരിച്ച് വിശുദ്ധി പ്രാപിക്കേണ്ടത് എന്തിനാണെന്നറിയാമോ നിങ്ങളുടെ മക്കളുടെ മേല്‍ അവകാശം ഉന്നയിച്ച് സാത്താന്‍ വരാതിരിക്കാന്‍. മക്കളുടെ മേലും വസ്തുവിനു് മേലും സ്വത്തിന് മേലും അവകാശം പറഞ്ഞുകൊണ്ട് സാത്താന്‍ വരാതിരിക്കാന്‍ ഓരോ കുടുംബനാഥനും നാഥയും ആഴ്ച തോറും വിശുദ്ധ കുമ്പസാരം നടത്തണം. വിശുദ്ധിയില്‍ ജീവിക്കണം. കൃപയില്‍ ജീവിച്ചാല്‍ മാത്രമേ സാത്താനെ നമുക്ക് ജീവിതത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും പുറത്താക്കാന്‍ കഴിയൂ.