ഫ്‌ളോറിഡ: വിശുദ്ധ മാര്‍ഗരറ്റ് മേരി അലോക്കെയുടെ തിരുശേഷിപ്പ് യുഎസില്‍ എത്തിച്ചേര്‍ന്നു. അമേരിക്കയെ ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിക്കുന്ന ചടങ്ങിനോട് അനുബന്ധിച്ചാണ് തിരുശേഷിപ്പ് അമേരിക്കയിലെത്തിച്ചിരിക്കുന്നത്. ജൂണ്‍ 11 നാണ് അമേരിക്കയെ ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിക്കുന്നത്. രാജ്യത്തിന്റെ 250 ാം വാര്‍ഷികം പ്രമാണിച്ചാണ് ഈ ചടങ്ങ് നടത്തുന്നത്. 250 ഓളം മെത്രാന്മാര്‍ ചടങ്ങില്‍ പങ്കെടുക്കും.
വിശുദ്ധ മാര്‍ഗരറ്റ് മേരി അലോക്കെയാണ് ഈശോയോടുള്ള തിരുഹൃദയഭക്തിക്ക് പ്രചാരം നല്കിയത്. ഈശോ നല്കിയ സ്വകാര്യവെളിപാടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. മനുഷ്യവംശത്തോടുള്ള സ്‌നേഹത്താല്‍ തന്റെ ഹൃദയം ജ്വലിക്കുകയാണെന്നാണ് ഈശോ വിശുദ്ധയ്ക്ക് സ്വയംവെളിപെടുത്തിയത്. വിശുദ്ധ ഇക്കാര്യം തന്റെ കുമ്പസാരക്കാരനെ അറിയിക്കുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം വിശുദ്ധ തിരുഹൃദയഭക്തി പ്രചരിപ്പിക്കുകയുമായിരുന്നു. 1920 ലാണ് മാര്‍ഗരറ്റ് മേരിയെ വിശുദ്ധപദവിയിലേക്കുയര്‍ത്തിയത്.
ന്യൂയോര്‍ക്കില്‍ എത്തിച്ചേര്‍ന്ന വിശുദ്ധയുടെ തിരുശേഷിപ്പ് കണക്ടികടിലെ നൈറ്റ്‌സ് ഓഫ് കൊളംബസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ എത്തിക്കും. അവിടെ ജൂണ്‍ ആദ്യവാരം മുതല്‍ പൊതുവണക്കത്തിനായി പ്രതിഷ്ഠിക്കും.