സംസാരിക്കാന്‍ ഒരു സമയം. സംസാരിക്കാതിരിക്കാന്‍ ഒരു സമയം.വിശുദ്ധ ഗ്രന്ഥം അങ്ങനെ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
പക്ഷേ ഇന്ന് ലോകം മുഴുവന്‍ ശബ്ദമയമാണ്. നിശ്ശബ്ദത അപൂര്‍വ്വവും. ശബ്ദങ്ങള്‍ ഒരിക്കലും നമ്മെ നമ്മുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുകയില്ല. അവ നമ്മുടെ ഉത്കണ്ഠകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. മാത്രവുമല്ല ആന്തരികമായ സമാധാനം നഷ്ടപ്പെടുത്തുകയും ചെയ്യും.
സംസാരം കുറച്ചും നിശ്ശബ്ദത വര്‍ദ്ധിപ്പിച്ചും ജീവിക്കുകയാണെങ്കില്‍ അത് നമ്മുടെ ആത്മീയതയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് ആത്മീയപിതാക്കന്മാരെല്ലാം പറയുന്നത്. വിശുദ്ധ ബ്രൂണോ അക്കൂട്ടത്തിലൊരാളാണ്. കാര്‍ത്തൂസിയന്‍ സന്യാസസഭയില്‍ നിശ്ശബ്ദതയ്ക്ക് വളരെയധികം പ്രാധാന്യം നല്കിയിട്ടുണ്ട്.
ആവശ്യമുള്ളപ്പോള്‍ മാത്രം സംസാരിക്കണമെന്നാണ് നിഷ്‌ക്കര്‍ഷ. സഹസന്യാസിമാരോടു പോലും ആവശ്യമുള്ളപ്പോള്‍ സംസാരിക്കുക. അനുദിന ആത്മീയജീവിതത്തില്‍ നിശ്ശബ്ദതയ്ക്ക് വലിയപങ്കുവഹിക്കാനുണ്ടെന്ന് തിരിച്ചറിഞ്ഞവരായിരുന്നു അവരെല്ലാം. നല്ല തീരുമാനങ്ങള്‍, ആലോചനകള്‍, ആശയങ്ങള്‍ എല്ലാം ഉടലെടുക്കുന്നതുപോലും നിശ്ശബ്ദതയില്‍ നിന്നാണ്.
ദൈവം പോലും നിശ്ശബ്ദതയിലാണ് സന്നിഹിതനായിരിക്കന്നത്. പക്ഷേ നമുക്ക് നിശ്ശബ്ദരായിരിക്കാന്‍ കഴിയുന്നില്ല എന്നതാണ് വാസ്തവം. സ്മാര്‍ട്ട് ഫോണുകള്‍.വാട്‌സാപ്പ്. ഫേസ്ബുക്ക്.. എത്രയെല്ലാം ശബ്ദകോലാഹലങ്ങള്‍ക്കിടയിലാണ് നമ്മുടെ ജീവിതം. ദൈവസ്വരം കേള്‍ക്കാന്‍ നമുക്ക് കഴിയുന്നത് നിശ്ശബ്ദതയിലാണ്.
ദൈവം അതിലൂടെ നമ്മുടെ ജീവിതങ്ങളിലേക്ക്പ്രവേശിക്കുന്നു. പെട്ടെന്നൊരു നിമിഷം കൊണ്ട് നിശ്ശബ്ദതയെ വരിക്കാന്‍ കഴിയണമെന്നില്ല. പക്ഷേ പതുക്കെ പതുക്കെ അതിന് കഴിയും.
ചെറിയ രീതിയില്‍ നിശ്ശബ്ദരായിരിക്കാന്‍ ഇന്നുമുതല്‍ ശ്രമം ആരംഭിക്കാം.പതുക്കെ നിശ്ബദ്ത നമ്മുടെ ആവരണമാകും. അപ്പോള്‍ നാം ആത്മീയതയില്‍ വളരുകയും ശക്തിപ്രാപിക്കുകയും ചെയ്യും.