ഹെസദ് 2K26 രൂപതാതല മാതൃമഹാസംഗമം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു. ഫാ.മാത്യു ഓലിക്കല്‍, ഫാ. സെബാസ്റ്റ്യന്‍ പാലമൂട്ടില്‍, അഡ്വ ജസ്റ്റിന്‍ പള്ളിവാതുക്കല്‍, മാര്‍ ജോസ് പുളിക്കല്‍, ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, ജിജി പുളിയംകുന്നേല്‍ തുടങ്ങിയവര്‍ സമീപം.
കാഞ്ഞിരപ്പള്ളി: രൂപതയുടെ സുവര്‍ണ ജൂബിലിയാചരണത്തിന്റെ ഭാഗമായി, രൂപതാതല മാതൃ മഹാസംഗമം വെളിച്ചിയാനി ഫൊറോനയുടെ ആതിഥേയത്വത്തില്‍ ഓഗസ്റ്റ് 11 ചൊവ്വാഴ്ച, രാവിലെ 9:30 മുതല്‍ പൊടിമറ്റത്തു വച്ച് നടത്തപ്പെട്ടു. പൊടിമറ്റം സെന്റ് മേരീസ് ദൈവാലയത്തില്‍ വച്ച് രൂപതയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍, രാവിലെ 9:30 ന് വി.കുര്‍ബാനയോടെ സംഗമം ആരംഭിച്ചു.
മാതൃമഹാസംഗമത്തില്‍ രൂപതാ ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ റവ.ഫാ. മാത്യു ഓലിക്കല്‍ സ്വാഗതം ആശംസിച്ചു.
സംഗമത്തിന് പെരിയ ബഹു.വികാരി ജനറാള്‍ ഫാ.സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, ഫൊറോന വികാരി ഫാ.സെബാസ്റ്റ്യന്‍ പാലമൂട്ടില്‍, ഫൊറോന ഡയറക്ടര്‍ ഫാ. മനു പുത്തന്‍വീട്ടില്‍, വികാരി ഫാ. വര്‍ഗീസ് പുതുപ്പറമ്പില്‍, രൂപതാ ആനിമേറ്റര്‍ സിസ്റ്റര്‍ റോസ്മി എസ്എബിഎസ്, ഫൊറോന ആനിമേറ്റര്‍ സിസ്റ്റര്‍ മരിയ ടോം എഫ്‌സിസി, ഫൊറോന രൂപതാ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
രൂപതയിലെ 148 ഇടവകകളില്‍ നിന്നായി ആയിരത്തോളം അമ്മമാര്‍ പങ്കുചേര്‍ന്നു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ രൂപതയില്‍ നിന്നും വിജയികളായ 73 വനിതാ ജനപ്രതിനിധികള്‍ക്ക് യോഗത്തില്‍ സ്വീകരണം നല്‍കി. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നടത്തിയ അധ്യക്ഷ പ്രസംഗത്തില്‍ ‘സമൂഹത്തിന് ദിശാബോധം നല്‍കുവാന്‍ വിളിക്കപ്പെട്ടവരാണ് അമ്മമാര്‍’ എന്ന് അഭിപ്രായപ്പെട്ടു. ദൈവത്തോടും മനുഷ്യരോടും എന്നല്ല വിശേഷമായി കുടുംബത്തോട് അമ്മമാര്‍ പുലര്‍ത്തുന്ന ആത്മാര്‍പ്പണം ഇന്ന് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. ആ ദൗത്യം കരുതലോടും കരുത്തോടും, പ്രാര്‍ത്ഥിക്കുന്ന അമ്മ മുഖത്തോടും കൂടെ നിര്‍വ്വഹിക്കുവാന്‍ കഴിയട്ടെ എന്ന് മാര്‍ പുളിക്കല്‍ ആശംസിച്ചു.
പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മാതൃമഹാസംഗമം ഉദ്ഘാടനം ചെയ്തു. ‘കുടുംബങ്ങളില്‍ കുട്ടികള്‍ കുറയുന്നു; ധാരാളം കുട്ടികള്‍ വിദേശ കുടിയേറ്റത്തിന്റെ ഭാഗമാകുന്നു; പുതുതലമുറ ലഹരിയുടെ മായികവലയത്തിലാകുന്നു; പ്രവാസ കുടുംബങ്ങള്‍ മാതൃഭാഷയായ മലയാളം മറക്കുന്നു. ഇവ ആശാവഹമല്ലാത്ത സാംസ്‌കാരിക ശോഷണത്തിന്റെ അടയാളമാണെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.
അഡ്വ ജസ്റ്റിന്‍ പള്ളിവാതുക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. ക്രിസ്തുവിനെയും അപ്പനെയും നെഞ്ചുറപ്പോടെ നോക്കി വളരുന്ന തലമുറ വഴിമാറില്ല എന്നും, ആഗോള തീവ്രവാദത്തിന്റെ മൂന്നു കവാടങ്ങളായ ലഹരി, സെക്‌സ്, മീഡിയ എന്നീ മേഖലകളെ വ്യക്തതയോടെ മക്കള്‍ക്ക് പറഞ്ഞു കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘അമ്മയുടെ ദൈവം എന്റെയും ദൈവമായിരിക്കണം എന്നു പറയാന്‍മാത്രം വിശ്വാസബോധ്യമുള്ള മക്കള്‍ തലമുറയുടെ അനുഗ്രഹമാണെ’ന്ന് അദ്ദേഹം കൂടിച്ചേര്‍ത്തു.
പരമ്പരാഗത കലാരൂപങ്ങളായ മാര്‍ഗ്ഗംകളി, റമ്പാന്‍ പാട്ട്, കോല്‍ക്കളി, ക്രിസ്ത്യന്‍ തിരുവാതിര എന്നിവയും വേദിയില്‍ അവതരിപ്പിക്കപ്പെട്ടു.
മാതൃവേദി രൂപതാ പ്രസിഡന്റ് ശ്രീമതി ജിജി ജേക്കബ് പുളിയംകുന്നേല്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. മാതൃവേദി വെളിച്ചിയാനി ഫൊറോന പ്രസിഡന്റ് ശ്രീമതി ജൂബി ആന്റണി വേഴമ്പശ്ശേരില്‍ കൃതജ്ഞത രേഖപ്പെടുത്തി. സ്‌നേഹവിരുന്നോടെ ഹെസദ് 2K26 സമാപിച്ചു
ഫാ. മാത്യു ഓലിക്കല്‍
ഡയറക്ടര്