25 മുതല്‍ 28 വരെയുള്ള ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് ആയിരക്കണക്കിന് വായനക്കാര്‍ ദിവസവും സന്ദര്‍ശിക്കുന്ന ഒരു ഓണ്‍ലൈന്‍ മാധ്യമമായി മാറിക്കഴിഞ്ഞ മരിയന്‍ പത്രംഡോട്ട് കോമിനെക്കുറിച്ച് വിശദീകരിക്കുവാന്‍ വേണ്ടിയാണ് ഇതെഴുതുന്നത്. ഈ വലിയ സ്‌നേഹത്തിന് ഞങ്ങളെ അര്‍ഹരാക്കിയ സര്‍വ്വശക്തനായ ദൈവത്തിനും ഞങ്ങള്‍്ക്ക് വേണ്ടി മാധ്യസ്ഥം പ്രാര്‍ത്ഥിക്കുന്ന പരിശുദ്ധ അമ്മയ്ക്കും വായനയൂടെ സ്‌നേഹത്തിലൂടെ ഞങ്ങളുടെ അടുക്കലെത്തിയ പ്രിയവായനക്കാര്‍ ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞുകൊണ്ടും തുടങ്ങട്ടെ.
നന്മ കാണാന്‍ കഴിയുന്നത് ഒരു നിധി കണ്ടെത്തുന്നതിനെക്കാള്‍ സന്തോഷകരമാണ്. ആ നിധി കണ്ടെത്താനുള്ള ചെറിയ ശ്രമത്തിന്റെ ഭാഗമായിട്ടാണ് മരിയന്‍ പത്രം ഡോട്ട് കോം മാര്‍ച്ച് 25 ന് ആരംഭം കുറിച്ചിരിക്കുന്നത്. സഭയുടെ നന്മയും നിറവും സഭാമക്കളിലേക്ക് എത്തിക്കുക. ആഗോള കത്തോലിക്കാ സഭയിലെ നന്മയുടെ പതാകവാഹകരാകുക. ആ യാത്രയ്ക്ക് പരിശുദ്ധ മറിയത്തിന്റെ കൈപിടിക്കുക. മരിയന്‍ പത്രം ലക്ഷ്യം വയ്ക്കുന്നത് ഇവയൊക്കെയാണ്.
നന്മയുടെ വാര്‍ത്തകള്‍ മാത്രം അവതരിപ്പിച്ചുകൊണ്ട് എങ്ങനെയാണ് ഇന്നത്തെ കാലത്ത് ഒരു മാധ്യമം മുന്നോട്ടുകൊണ്ടുപോവുക എന്ന് പലരും ചിന്തിക്കുന്നുണ്ടാവാം. തിന്മയിലേക്ക് ചായ് വുള്ള ചിന്തകളും ദുഷ്ടത വിചാരിക്കുന്ന മനസ്സും. എല്ലാ കാലത്തെയും മനുഷ്യരുടെയും രീതികള്‍ അങ്ങനെ തന്നെയായിരുന്നു. നന്മ നിറഞ്ഞ ഒരു വാര്‍ത്തയും തിന്മ നിറഞ്ഞ വാര്‍ത്തയും ഒരു പേജില്‍ തന്നെ കാണുമ്പോള്‍ സ്വഭാവികമായും രണ്ടാമതു പറഞ്ഞ ഗണത്തിലെ വാര്‍ത്തകളിലേക്ക് നോട്ടമയ്ക്കാനാണ് ഭൂരിപക്ഷവും ആഗ്രഹിക്കുന്നത്. സര്‍ക്കുലേഷനും വ്യൂവര്‍ഷിപ്പും വര്‍ദ്ധിപ്പിക്കാനുള്ള പത്ര-ചാനല്‍ സ്ഥാപനങ്ങളുടെ നിഗൂഢ ലക്ഷ്യങ്ങളും ഇത്തരമൊരു വാര്‍ത്താവതരണത്തിന് പിന്നിലുണ്ട്. നിരവധിയായ ക്രൈസ്തവ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നിരീക്ഷിച്ചിട്ടുള്ളവര്‍ക്കറിയാം അവിടെയും സഭയിലെ പുഴുക്കുത്തുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വിരളമൊന്നുമല്ല.
സഭയിലെ അംഗങ്ങളുടെ കുറ്റങ്ങളും കുറവുകളും വാര്‍ത്തകളാക്കി മാറ്റുന്നത് സഭയുടെ നന്മകളെ തമസ്‌ക്കരിക്കുന്നതിന് തുല്യമാണ്. അതുകൊണ്ട് സഭയുടെ നന്മകളിലേക്ക് തിരിച്ചുവച്ചിരിക്കുന്ന കണ്ണാടിയാകാനാണ് മരിയന്‍ പത്രം ഡോട്ട് കോം ശ്രമിക്കുന്നത്.
മാധ്യമങ്ങള്‍ ഈ ലോകത്ത് ഒരുപാട് പഴികേട്ട് മുന്നോട്ടുപോകുമ്പോഴും ഒരു കാര്യം തീര്‍ച്ചയാണ് മാധ്യമങ്ങള്‍ക്കെല്ലാം വലിയൊരു ഉത്തരവാദിത്വമുണ്ട്, നന്മ ചെയ്യാനും നന്മ അവതരിപ്പിക്കാനും നന്മയുടെ പക്ഷം ചേരാനും സാധ്യതകളുമുണ്ട്. ഈ ലോകത്ത് നന്മയുള്ളിടത്തോളം കാലം നന്മയുടെ പക്ഷം പിടിച്ച് ദൈവാനുഗ്രഹത്താല്‍ മരിയന്‍പത്രം മുന്നോട്ടുപോവുക തന്നെ ചെയ്യും.
ഒരുപാട് പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് മരിയന്‍പത്രത്തെ അണിയിച്ചൊരുക്കുന്നത് എന്നതാണ് വാസ്തവം. എന്നാല്‍ ആ പരിമിതികളെ അതിലംഘിക്കുന്ന പരിശുദ്ധാത്മാവിന്റെ കൃപ ഇതിലെ ഓരോ വാര്‍ത്തകളുടെ മേലും പറന്നിറങ്ങിയിട്ടുണ്ട് എന്നതാണ് ദൈവതിരുമനസ്സിന് മുമ്പാകെ ഞങ്ങളുടെ ശിരസ് കുനിക്കുന്നതും നിങ്ങളോരോരുത്തരോടും വീണ്ടും നന്ദി പറയുന്നതും. തുടക്കത്തില്‍ എഴുതിയതുപോലെ ഈ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ആയിരക്കണക്കിന് പേരാണ് മരിയന്‍പത്രം ഡോട്ട് കോം സന്ദര്‍ശിച്ചത്. നിങ്ങള്‍ക്കെല്ലാം അറിയാവുന്നതുപോലെ പരസ്യപ്രചരണങ്ങള്‍ ഒന്നും കൂടാതെയായിരുന്നു ഇത്. ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഞങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ അടയാളമായി ഞങ്ങളത് കാണുന്നു പരിധികളെ അതിലംഘിക്കുന്ന വീക്ഷണമാണ് മരിയന്‍ പത്രത്തിനുള്ളത് എന്നും പറഞ്ഞുകൊള്ളട്ടെ. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അനുഗ്രഹാശീര്‍വാദങ്ങളും പിന്തുണയും പ്രാര്‍ത്ഥനയും മരിയന്‍ പത്രത്തിന് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ്. നിരവധി കത്തോലിക്കാ ഓണ്‍ലൈനുകള്‍ ഉള്ളപ്പോഴും അവയ്‌ക്കൊന്നും കിട്ടാത്ത സവിശേഷമായ അംഗീകാരമാണ് ഇത്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വിശേഷങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും മുന്‍ഗണന കൊടുക്കുമ്പോഴും സഭയുടെ ആഗോള വീക്ഷണമാണ് ഈ ഓണ്‍ലൈന്‍ മാധ്യമം പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് ആഗോളസഭയുടെ നന്മയും നിറവും വായനക്കാരന് പരിചയപ്പെടുത്തുന്ന വിധത്തിലാണ് ഇതിന്റെ ഉള്ളടക്കം ഞങ്ങള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. തന്മൂലം സഭാവാര്‍ത്തകളുടെ നിരന്തരസാന്നിധ്യം ഇവിടെ അനുഭവിക്കാനാവും.
മാതാവിലൂടെ സഭയെ വളര്‍ത്തുക എന്ന പ്രഖ്യാപിത ലക്ഷ്യമുള്ള ഒരു മിനിസ്ട്രിയാണ് ബ്ര. തോമസ് സാജിന്റെ നേതൃത്വത്തിലുള്ള മരിയന്‍ മിനിസ്ട്രി. അക്കാരണത്താല്‍ മരിയന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ പുറത്തിറങ്ങുന്ന മരിയന്‍പത്രത്തിലും മാതൃഭക്തിയുടെയും മരിയ സ്‌നേഹത്തിന്റെയും സാന്നിധ്യവും സുഗന്ധവുമുണ്ടായിരിക്കും. മംഗളവാര്‍ത്താ തിരുനാള്‍ ദിനം തന്നെ ഇതിന് തുടക്കം കുറിക്കാന്‍ തിരഞ്ഞെടുത്തത് അതുകൊണ്ടാണ്.
ഗ്രേറ്റ്ബ്രിട്ടന്‍ കേന്ദ്രമായിട്ടാണ് മരിയന്‍ പത്രത്തിന്റെ പിന്നണിപ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നതെങ്കിലും എഡിറ്റോറിയല്‍ ബോര്‍ഡ് കേരളത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന കാര്യവും അറിയിച്ചുകൊള്ളട്ടെ. നിരവധിയായ പത്രങ്ങള്‍ക്കിടയില്‍ മരിയന്‍ പത്രം വ്യത്യസ്തമാക്കാനാണ് ഞങ്ങളുടെ ആത്മാര്‍ത്ഥമായ ശ്രമം.
പ്രിയ വായനക്കാരാ, നിര്‍ദ്ദേശങ്ങളും വസ്തുനിഷ്ഠമായ വിലയിരുത്തലുമായി തുടര്‍ന്നും കൂടെയുണ്ടാവുമെന്ന പ്രതീക്ഷയോടെ
സ്‌നേഹാദരങ്ങളോടെ
ഫാ. ടോമി എടാട്ട്
ചീഫ് എഡിറ്റര്‍