Sunday, November 10, 2024
spot_img
More

    തിരുവചനമാരിക്കു കൊടിയിറങ്ങി: എട്ടു റീജിയയണുകളിലായി കൃപാമാരിയിൽ മുങ്ങിനിവർന്ന് ആയിരങ്ങൾ; കാഴ്ചപ്പാടിലെ ക്രിസ്തീയതക്കുറവ് പ്രശ്നങ്ങൾക്കു കാരണമെന്ന് ഫാ. ജോർജ്ജ് പനക്കൽ

     

    സൗത്താംപ്ടൺ: യുകെയിലെ എട്ടു പ്രധാന നഗരങ്ങളിലായി നടന്നു വരുകയായിരുന്ന ‘ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ മൂന്നാം ബൈബിൾ കൺവെൻഷന്’ ഭക്തിനിർഭരമായ സമാപനം. ഒക്ടോബര് 22 മുതൽ 30 വരെ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ എട്ടു റീജിയനുകളിലായി നടന്നുവരികയായിരുന്ന ഏകദിന ബൈബിൾ കൺവെൻഷൻ സൗത്താംപ്ടൺ റീജിയനിലാണ് സമാപിച്ചത്.

    രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, മുഖ്യ പ്രഭാഷകൻ റെവ. ഫാ. ജോർജ്ജ് പനക്കൽ വി. സി., മറ്റു കൺവെൻഷൻ പ്രഭാഷകർ, വിവിധ റീജിയനുകളിലെ വൈദികർ, വോളണ്ടിയേഴ്‌സ് തുടങ്ങിയവർ ശുശ്രുഷകൾക്കു നേതൃത്വം നൽകി. 

    കുടുംബജീവിതത്തിൽ ഭാര്യാഭർത്താക്കന്മാർ തങ്ങളുടെ ജീവിത കടമകളെ ദൈവിക ശുശ്രുഷയായി കരുതണമെന്നു മുഖ്യപ്രഭാഷകനായിരുന്ന ഫാ. ജോർജ്ജ് പനക്കൽ ഓർമ്മിപ്പിച്ചു. മക്കളെ വളർത്തുമ്പോൾ ദൈവമക്കളെയെന്നപോലെ  കരുതണമെന്നും അത് സ്വർഗ്ഗം തുറന്നു അനുഗ്രഹങ്ങൾ ലഭിക്കാൻ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. മാതാപിതാക്കന്മാർ കുടുംബമാകുന്ന സഭയിലെ കാർമ്മികരാണ്. ഈ പ്രധാന കടമ വിസ്മരിച്ചു ലോകത്തിന്റെ സന്തോഷങ്ങളിലേക്കു മാത്രം ശ്രദ്ധ മാറിപ്പോകുന്ന കാഴ്ചപ്പാടാണ് കുടുംബബന്ധങ്ങളിലെ പ്രശ്നങ്ങൾക്ക് കാരണമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

    രൂപതയിലെ മുഴുവൻ കുടുംബങ്ങളെയും ദൈവികപദ്ധതിയിൽ ഉൾച്ചേർത്തു വിശുദ്ധിയിലേക്ക് നയിക്കാനാണ് ഗ്രേറ്റ് ബ്രിട്ടൺ രൂപത ഉത്സാഹിക്കുന്നതെന്നു ദിവ്യബലിയർപ്പിച്ചു വചന സന്ദേശം നൽകിയ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. സൗത്താംപ്ടൺ റീജിയണിലെ വിവിധ വിശുദ്ധ കുർബാന കേന്ദ്രങ്ങളിൽ ശുശ്രുഷ ചെയ്യുന്ന വൈദികരും ധ്യാന പ്രഭാഷകരും വി. ബലിയിൽ സഹകാർമികരായി. വിവിധ വിശുദ്ധ കുർബാന കേന്ദ്രങ്ങളിൽനിന്നായി നൂറുകണക്കിനാളുകൾ തിരുക്കർമ്മങ്ങളിൽ സംബന്ധിച്ചു.

    കൺവെൻഷൻ നടന്ന എട്ടു റീജിയനുകളിലും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ദിവ്യബലിക്ക് മുഖ്യകാർമ്മികത്വം വഹിക്കുകയും വചനസന്ദേശം നൽകുകയും ചെയ്തു. എല്ലായിടത്തും കുട്ടികൾക്കായി പ്രത്യേകം ശുശ്രുഷകൾ ക്രമീകരിക്കുകയും വി. കുമ്പസാരത്തിനു സൗകര്യമേർപ്പെടുത്തുകയും ചെയ്തിരുന്നു. ആരാധനാസ്‌തുതിഗീതങ്ങൾ, ദിവ്യകാരുണ്യ ആരാധന എന്നിവയും കൺവെൻഷൻ ദിവസങ്ങൾക്കു ചൈതന്യം പകർന്നു. എല്ലാ സ്ഥലങ്ങളിലും രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു വരെയായിരുന്നു ബൈബിൾ കൺവെൻഷൻ.   

    ഡിസംബർ 7 നു ബെർമിംഗ്ഹാമിൽ വച്ച് നടക്കുന്ന രൂപതാതല വനിതാസംഗമത്തിൽ രൂപതയിലെ പതിനെട്ടു വയസ്സിനു മുകളിലുള്ള എല്ലാ വനിതകളും പങ്കെടുക്കണമെന്നും മാർ ജോസഫ് സ്രാമ്പിക്കൽ അഭ്യർത്ഥിച്ചു. ഇതിനുള്ള പ്രാര്ഥനാപൂര്ണമായ ഒരുക്കത്തിനായി ബൈബിളിലെ ആദ്യ പുസ്തകമായ ഉൽപ്പത്തി മുതൽ അവസാന പുസ്തകമായ വെളിപാട് വരെ ഇനിയുള്ള ദിവസങ്ങളിൽ വായിച്ചൊരുങ്ങാനും അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു. 

    ഫാ. ബിജു കുന്നയ്ക്കാട്ട് PRO 

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!