തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭകള്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ അനുരഞ്ജന ചര്‍ച്ച നടത്തണമെന്നും എല്ലാ സഹായവും നല്കാന്‍ തങ്ങള്‍ തയ്യാറാണെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ക്ലീമിസ് ബാവയും ലത്തീന്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് ഡോ. എം സൂസൈപാക്യവും.
ഇവരെ കൂടാതെ മാര്‍ത്തോമ്മാ സഭ അധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, സിഎസ്‌ഐ സഭാ മോഡറേറ്റര്‍ ബിഷപ് തോമസ് കെ ഉമ്മന്‍ എന്നിവരും പ്രശ്‌നപരിഹാരത്തില്‍ ഇടപെടാന്‍ സന്നദ്ധത അറിയിച്ചുകൊണ്ട് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ, ശ്രേഷഠ ബസേലിയോസ്‌തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ എന്നിവര്‍ക്ക് കത്തെഴുതി.
തപാലിലും ഈമെയിലിലുമായിട്ടാണ് ഇവര്‍ക്ക് വിവിധ ക്രൈസ്തവ സഭാ നേതൃത്വം കത്തെഴുതിയത്. ദേവാലയങ്ങളില്‍ പ്രവേശിക്കുന്നതും സംസ്‌കാരം നടത്തുന്നതുമായ വിഷയങ്ങളുടെ പേരില്‍ സഭയിലുണ്ടായ പ്രതിസന്ധി തങ്ങളെ വേദനിപ്പിക്കുന്നതായി കത്തില്‍ പറയുന്നു.
സഭൈക്യരംഗത്ത് ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന ബന്ധങ്ങളും അനുരഞ്ജനവും നഷ്ടപ്പെടാതെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടണമെന്നാണ് തങ്ങളുടെ പ്രാര്‍ത്ഥനയെന്നും ക്രിസ്തീയമായ രീതിയില്‍ ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ തീരുമാനത്തിലേക്ക് നീങ്ങാന്‍ കഴിയട്ടെയെന്നും കത്ത് പറയുന്നു.