Sunday, October 13, 2024
spot_img
More

    ‘തോത്താ പുൾക്രാ’: ചരിത്രമായി ഗ്രേറ്റ് ബ്രിട്ടൺ രൂപതാ പ്രഥമ വനിതാ സമ്മേളനം; വിമെൻസ് ഫോറം രൂപതയുടെ വളർച്ചയിൽ നിർണ്ണായക ഘടകമെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ



    ബെർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ പ്രഥമ ദേശീയ രൂപതാതല സംഗമം ‘തോത്താ പുൾക്ര’, ഇന്നലെ ബെർമിംഗ്ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ നടന്നു. രൂപതയുടെ എട്ടു റീജിയനുകളിൽനിന്നായി രണ്ടായിരത്തോളം വനിതകൾ ചരിത്രസമ്മേളനത്തിനു സാക്ഷികളായി. യൂറോപ്പിലെതന്നെ ഏറ്റവും വലിയ കത്തോലിക്കാ വനിതാ കൂട്ടായ്മയായ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ വിമെൻസ് ഫോറത്തിൻറെ പ്രഥമ രൂപതാതല സംഗമം സ്വർഗീയമാധ്യസ്ഥയായ പരി. കന്യകാമറിയത്തിന്റെ അമലോത്ഭവത്തിരുനാളിൽ തന്നെ നടത്തപ്പെട്ടു എന്നതും ശ്രദ്ധേയമായി. 

    ഗ്രേറ്റ് ബ്രിട്ടൺ രൂപതാ വനിതാ ഫോറം രൂപതയുടെ വളർച്ചയിൽ നിർണ്ണായകമായ സ്വാധീനമാണ് ചെലുത്തിയതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. തുടർച്ചയായ പ്രാർത്ഥനകളിലൂടെയും ജീവകാരുണ്യപ്രവർത്തനങ്ങളിലൂടയും രൂപതാ പ്രവർത്തനങ്ങളുടെ ശക്തമായ അടിത്തറയാകുന്നതിൽ വിമെൻസ്‌ഫോറം സുപ്രധാനപങ്കുവഹിച്ചെന്ന് അദ്ദേഹം പറഞ്ഞു. പരി കന്യകാമറിയം ഒരിക്കൽ പോലും പാപത്തിൽ വീഴാതിരുന്നതിനാൽ മറിയത്തിലൂടെ ദൈവത്തിന്റെ പ്രവൃത്തികളെല്ലാം നടന്നെന്നും നമ്മിലുള്ള പാപമാണ് ദൈവത്തിൻറെ പ്രവൃത്തിക്ക് തടസ്സം നിൽക്കുന്നതെന്നും, മാതാവിൻറെ അമലോത്ഭവത്തിരുനാളിനെ അനുസ്മരിച്ച് മാർ സ്രാമ്പിക്കൽ പറഞ്ഞു. ദൈവം സൗന്ദര്യമാണെന്നും ആ സൗന്ദര്യം സമ്പൂർണ്ണമായി  (തോത്താ പുൾക്ര) പരി. മറിയത്തിലാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

    രാവിലെ ഒമ്പതുമണിക്ക് രജിസ്ട്രേഷനോടുകൂടി ആരംഭിച്ച സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പത്തുമണിക്ക് നിലവിളക്കുതെളിച്ച് മാർ ജോസഫ് സ്രാമ്പിക്കൽ നിർവ്വഹിച്ചു. വികാരി ജനറാൾമാരായ റെവ.ഡോ. ആൻ്റണി ചുണ്ടെലിക്കാട്ട്, റെവ. ഫാ. ജിനോ അരീക്കാട്ട് എം.സി.ബി.എസ്, റെവ. ഫാ. ജോർജ് ചേലക്കൽ, വിമൻസ് ഫോറം കമ്മീഷൻ ചെയർമാൻ റെവ. ഫാ. ജോസ് അഞ്ചാനിക്കൽ,  വിമൻസ് ഫോറം ഡയറക്ടർ.സി,കുസുമം ജോസ് എസ്. എച്ച്‌, പ്രസിഡന്റ് ജോളി മാത്യു ,  സി. ഷാരോൺ സി. എം .സി., സെക്രെട്ടറി ഷൈനി മാത്യു, ട്രെഷറർ ഡോ . മിനി നെൽസൺ എന്നിവർ  പ്രസംഗിച്ചു. രൂപതയുടെ വിവിധ റീജിയനുകളിലെ ഇടവകകളിൽ നിന്നും, മിഷനുകളിൽ നിന്നും  എത്തിയ വൈദികർ, സമർപ്പിതർ, എക്സിക്യൂട്ടീവ് കമ്മിറ്റി, വിമൻസ് ഫോറം ഭാരവാഹികൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. സമ്മേളനത്തിൻറെ തുടക്കത്തിൽ പ്രസിഡന്റ് ജോളി മാത്യു എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു. തുടർന്നുനടന്ന വീഡിയോരൂപത്തിലുള്ള രണ്ടുവർഷത്തെ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരണം ശ്രദ്ധേയമായി. 

    സമ്മേളനത്തോടനുബന്ധിച്ച്, ആധുനിക സ്ത്രീത്വത്തിന് സമൂഹത്തിലും സഭയിലും കുടുംബത്തിലുമുള്ള സുപ്രധാന സ്ഥാനത്തെക്കുറിച്ച്,  പ്രശസ്ത മനഃശാസ്ത്ര വിദഗ്ദ്ധയും പ്രഭാഷകയുമായ സി. ഡോ. ജോവാൻ ചുങ്കപ്പുര ക്ലാസ് നയിച്ചു. തുടർന്ന് നടന്ന ദിവ്യബലിയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികനായി. രൂപതയുടെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ വൈദികർ സഹകാർമികരായി. ഉച്ചകഴിഞ്ഞു നടന്ന കലാവിരുന്നിൽ, രൂപതയുടെ എട്ടു റീജിയനുകളിൽനിന്നായി അത്യാകർഷകമായ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു. വിവാഹത്തിൻറെ ഇരുപത്തഞ്ചും നാല്പതും അമ്പതും വർഷങ്ങൾ ആഘോഷിക്കുന്നവരെ പ്രത്യേകമായി ചടങ്ങിൽ ആദരിച്ചു. ബെർമിംഗ്ഹാം അതിരൂപതാ എത്തിനിക് ചാപ്ലൈൻസി കോ ഓർഡിനേറ്റർ മോൺ. ഡാനിയേൽ മഹ്‌യു സമ്മേളനത്തിന് ആശംസകളർപ്പിച്ചു സംസാരിച്ചു. 

    സമയനിഷ്ഠമായ  പരിപാടികൾകൊണ്ടും ചടങ്ങുകളുടെ ഗുണനിലവാരംകൊണ്ടും സമ്മേളനം കൂടുതൽ ആകർഷകമായി. ഇത്തരമൊരു സുപ്രധാനസമ്മേളനം അണിയിച്ചൊരുക്കാനായി മാസങ്ങൾ അക്ഷീണം അദ്ധ്വാനിച്ച കോ ഓർഡിനേറ്റർ, കൺവീനർ, വിമെൻസ്‌ഫോറം എക്സിക്യൂട്ടീവ് കമ്മറ്റി, രൂപതാ-റീജിയണൽ ഭാരവാഹികൾ, വോളണ്ടിയേഴ്‌സ്  എന്നിവർക്കും മാർ ജോസഫ് സ്രാമ്പിക്കൽ നന്ദി പ്രകാശിപ്പിച്ചു. കൺവീനർ  റെവ. ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ നൂറിലധികം അംഗങ്ങൾ അണിനിരന്ന ഗായകസംഘവും ആകർഷകമായി.

    ഫാ. ബിജു കുന്നയ്ക്കാട്ട് PRO  

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!