ട്രിച്ചി: കപ്പൂച്ചിന്‍ വൈദികനായിരുന്ന ഫാ. ജോണ്‍ പീറ്റര്‍ സവരിനായകത്തെ ദൈവദാസനായി പ്രഖ്യാപിച്ചു. കുംഭകോണം ബിഷപ് എഫ് അന്തോണി സാമിയാണ് ദൈവദാസപ്രഖ്യാപനം നടത്തിയത്. ഇതോടെ ഫാ. പീറ്ററിന്റെ നാമകരണനടപടികള്‍ക്ക് രൂപതതലത്തില്‍ തുടക്കമായി.
തഞ്ചാവൂര്‍ ജില്ലയില്‍ 1941 മെയ് 29 ന് ആയിരുന്നു ഫാ. പീറ്ററിന്റെ ജനനം. 1959 ല്‍ കപ്പൂച്ചിന്‍ സഭയില്‍ അംഗമായി. റൊണാള്‍ഡ് എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചത്. 1969 ഡിസംബര്‍ 11 ന് വൈദികനായി . പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍, മൈനര്‍ സെമിനാരി റെക്ടര്‍, സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ആന്‍സിന്റെ ആത്മീയപിതാവ് എന്നീ നിലകളില്‍ ശുശ്രൂഷ നിര്‍വഹിച്ച അദ്ദേഹം എപ്പോഴും പീഡിതരുടെയും ദരിദ്രരുടെയും പക്ഷത്ത് നിലയുറപ്പിച്ച വ്യക്തിയായിരുന്നു.
കാന്‍സര്‍ രോഗബാധയെ തുടര്‍ന്നുണ്ടായ ഓപ്പറേഷന്‍ കഴിഞ്ഞ് പതിനഞ്ചാം ദിവസം മരിക്കുമ്പോള്‍ അദ്ദേഹത്തിന് 38 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. വിശുദ്ധമായ ജീവിതം നയിച്ചിരുന്ന അദ്ദേഹത്തിന്റെ കബറിടത്തിങ്കലേക്ക് അന്നുമുതല്‍ വിശ്വാസികളുടെ പ്രവാഹമാണ്.