ഒരു ക്രിസ്മസ് ദിനം. അസ്സീസിയിലെ വിശുദ്ധ ക്ലാരയ്ക്ക് അസുഖം മുര്‍ച്ഛിച്ചതു കാരണം അന്നേ ദിനം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അതിന്റെ സങ്കടത്തില്‍ കിടക്കയിലായിരിക്കവെ ദൈവം ക്ലാരയ്ക്ക് വേണ്ടി ഒരു അത്ഭുതം പ്രവര്‍ത്തിച്ചു. കോണ്‍വെന്റില്‍ ആ സമയം നടക്കുന്ന വിശുദ്ധ കുര്‍ബാന അതേപടി കിടക്കയില്‍ കിടന്നുകൊണ്ട് കാണാന്‍ ദൈവം ക്ലാരയ്ക്ക് അവസരമൊരുക്കി. ഇപ്പോള്‍ നമ്മള്‍ ടെലിവിഷനില്‍ ലൈവ് പ്രോഗ്രാം കാണുന്നതുപോലെ.
കത്തോലിക്കാ സഭ വിശുദ്ധരെ പ്രത്യേക ജോലികളുടെയും രോഗങ്ങളുടെയും ഒക്കെ മധ്യസ്ഥരായി വണങ്ങാറുണ്ട്. അത്ഭുതകാര്യങ്ങളുടെ മധ്യസ്ഥരായി വിശുദ്ധ യൂദാശ്ലീഹായെയും അന്തോനീസിനെയും വണങ്ങുന്നതുപോലെ. എന്നാല്‍ ടെലിവിഷന് ഒരു പ്രത്യേക മധ്യസ്ഥ ഉണ്ടെന്ന കാര്യം ചിലപ്പോള്‍ പലര്‍ക്കും അജ്ഞാതമായിരിക്കും. വിശുദ്ധ ക്ലാരയാണ് ടെലിവിഷന്റെ പേട്രണ്‍ സെയ്ന്റ്. മുകളില്‍ വിവരിച്ചതുപോലെയുള്ള സംഭവം ക്ലാരയുടെ ജീവിതത്തില്‍ ഉള്ളതുകൊണ്ടാണ് പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പ ക്ലാരയെ ടെലിവിഷന്റെ പ്രത്യേക മധ്യസ്ഥയായി പ്രഖ്യാപിച്ചത്.
1950 മുതല്‍ക്കാണ് ടെലിവിഷന്‍ ആധുനിക സമൂഹത്തിലേക്ക് പുതിയ മാധ്യമമായി കടന്നുവന്നത്. ഈ പുതിയ സാങ്കേതികതയ്ക്ക് സഭയുടെ ആശീര്‍വാദവും സംരക്ഷണവും ആവശ്യമാണെന്ന് അന്നത്തെ മാര്‍പാപ്പയായിരുന്ന പിയൂസ് പന്ത്രണ്ടാമന്‍ മനസ്സിലാക്കി. അതനുസരിച്ച് 1958 ല്‍ അദ്ദേഹം പുറപ്പെടുവിച്ച അപ്പസ്‌തോലിക് പ്രബോധനത്തിലൂടെ വിശുദ്ധ ക്ലാരയെ ടെലിവിഷന്റെ പേട്രണ്‍ സെയന്റായി പ്രഖ്യാപിക്കുകയായിരുന്നു.
സഭയുടെ പിന്തുണ ഈ നവമാധ്യമത്തിന് അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു. സുവിശേഷത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി ഈ മാധ്യമത്തെ ഉപയോഗിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. നന്മയും തിന്മയും ടെലിവിഷനിലൂടെ കൈമാറാന്‍ കഴിയുമെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു.