എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടത് എന്ന് ശിഷ്യന്മാര്‍ക്കുപോലും അറിഞ്ഞുകൂടായിരുന്നുവെന്ന് വിശുദ്ധ ഗ്രന്ഥം സൂചനകള്‍ നല്കുന്നുണ്ട്. ഞങ്ങളെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണമേ എന്ന് ശിഷ്യന്മാര്‍ ആവശ്യപ്പെടുന്നതുതന്നെ അത്തരമൊരു സാഹചര്യത്തിലാണല്ലോ.
നമ്മള്‍ പക്ഷേ അവരെക്കാള്‍ ഭേദപ്പെട്ടവരാണ്. നമുക്ക് പ്രാര്‍ത്ഥിക്കാനറിയാം. അപ്പോഴും ഏറ്റവും നല്ല രീതിയില്‍, ദൈവത്തിന് ഏറെ സ്വീകാര്യവും സന്തോഷകരവുമായ രീതിയില്‍എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടത് എന്ന് നമ്മില്‍ ഭൂരിപക്ഷത്തിനും അറിഞ്ഞുകൂടാ.
ക്രിസത്യാനികളെന്ന നിലയില്‍ നാം പ്രാര്‍ത്ഥിക്കേണ്ടത് ദൈവത്തോട് നാം അവിടുത്തെ മക്കളെന്ന നിലയിലാണ്..സുഹൃത്തുക്കളെന്ന നിലയിലാണ് നമ്മുടെ സ്രഷ്ടാവ് എന്ന നിലയിലാണ്. ദൈവത്തെക്കുറിച്ചോര്‍മ്മിക്കുമ്പോള്‍ നാം അവിടുത്തെ സ്‌നേഹത്തെക്കുറിച്ചോര്‍മ്മിക്കണം. പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ മനസ്സ് നിറയെ ദൈവത്തോടുള്ള സ്‌നേഹമായിരിക്കണം.
നന്ദിയുണ്ടായിരിക്കണം. ചിലപ്പോള്‍ നാം ചോദിക്കുന്നത് മുഴുവന്‍ ദൈവം തന്നിട്ടുണ്ടാവില്ല. എങ്കിലും എത്രയോ അധികമായി ദൈവം നമുക്ക് നല്കിയിട്ടുണ്ട്. അവയെല്ലാം നമുക്ക് ലഭിച്ചത് നമ്മുടെ നന്മകളെപ്രതിയോ സുകൃതങ്ങളെ പ്രതിയോ ആണോ..അല്ല ദൈവത്തിന്റെ കൃപ. നമുക്ക് അതിന്റെ പേരില്‍ ദൈവത്തിന് നന്ദി പറയാം. ഒരു പ്രാര്‍ത്ഥനയിലും ദൈവത്തോട് നന്ദി പറയാന്‍ നാം മറക്കരുത്.
അവിടുത്തെ നാം സ്തുതിക്കണം. ആത്മീയമായ സന്തോഷത്തോടെയായിരിക്കണം നാം പ്രാര്‍ത്ഥിക്കേണ്ടത്.
അതുപോല പ്രാര്‍ത്ഥനയ്ക്കിടയില്‍ പാടാന്‍ നാംമറക്കരുത്. ചിലപ്പോള്‍ പാടാന്‍ നമുക്കറിയില്ലായിരിക്കും. സ്വരം നല്ലതല്ലായിരിക്കാം. എങ്കിലും നാം പാടണം. നമ്മുടെ ദൈവത്തിന് വേണ്ടി.. നമ്മുടെ പാട്ടിന്റെ സൗന്ദര്യമല്ല ഹൃദയത്തിന്റെ സൗന്ദര്യമാണ് ദൈവം നോക്കുന്നത്. മറ്റുള്ളവര്‍ പരിഹസിച്ചാല്‍ പോലും നാം പ്രാര്‍ത്ഥനയ്ക്കിടയില്‍ പാടണം.
വിശുദ്ധ ഗ്രന്ഥത്തിലെ വചനങ്ങള്‍ പറഞ്ഞ് നാം പ്രാര്‍ത്ഥിക്കണം. വചനത്തിന് അതിശയകരമായ മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ വരുത്താന്‍ കഴിയും.
അതുകൊണ്ട് പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നമുക്ക് പ്രാര്‍ത്ഥനാരീതിയില്‍ ഒരു മാറ്റം വരുത്താം.