മുംബൈ: ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെ അസഹിഷ്ണുത വര്‍ദ്ധിച്ചുവരുന്നതായി ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍സ് പ്രസിഡന്റ് സാജന്‍ കെ ജോര്‍ജ്. ക്രൈസ്തവര്‍ക്കെതിരെ അടുത്ത ദിവസങ്ങളിലായി നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഡിസംബര്‍ 28 ന് ആന്ധ്രാപ്രദേശിലെ മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന് വെളിയില്‍ വച്ച് ബൈബിള്‍ വായിക്കുകയും ഫോട്ടോയെടുക്കുകയും ചെയ്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്തതും അതേ ദിവസം തന്നെ ബംഗാളില്‍ ദേവാലയം ആക്രമിക്കപ്പെട്ടതും ഉദാഹരിച്ചുകൊണ്ടായിരുന്നു അദ്ദേഹം സംസാരിച്ചത്. ഒരേ ദിവസം തന്നെ ഇന്ത്യയിലെ രണ്ടു ഭാഗങ്ങളില്‍ സമാനമായ രീതിയില്‍ ആക്രമണം നടന്നത് ക്രൈസ്തവര്‍ക്ക് നേരെയുള്ള അസഹിഷ്ണുത വര്‍ദ്ധിച്ചുവരുന്നതിന്റെ അടയാളമാണ്. അദ്ദേഹം വ്യക്തമാക്കി.
ആന്ധ്രാപ്രദേശില്‍ ബൈബിള്‍ വായിച്ചതിന്റെ പേരില്‍ നാലു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് പിന്നീട് ജാമ്യം അനുവദിച്ചു.
ബംഗാളില്‍ പുതുതായി പണികഴിപ്പിച്ച ദേവാലയമാണ് ആക്രമിക്കപ്പെട്ടത്. വാതിലുകളും ജനാലകളും തകര്‍ക്കപ്പെട്ടു. 12 ഫാനുകള്‍, സൗണ്ട് സിസ്റ്റം, ഫര്‍ണിച്ചര്‍, വാട്ടര്‍ ടാങ്ക് എന്നിവയും നശിപ്പിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.
ഈ രണ്ടുസംഭവങ്ങളും വ്യക്തമാക്കുന്നത് ക്രൈസ്തവര്‍ക്ക് നേരെ എപ്പോഴും ഏതു നിമിഷവും അക്രമങ്ങള്‍ സംഭവിക്കാമെന്നും അവര്‍ അനീതികള്‍ക്ക് ഇരയാക്കപ്പെടാം എന്നുമാണ്. സാജന്‍ പറഞ്ഞു.