Wednesday, November 13, 2024
spot_img
More

    മറിയം ദൈവത്തിന്‍റെ അമ്മയോ?

    കന്യകാമറിയത്തെ ദൈവത്തിന്‍റെ  അമ്മ എന്ന് അഭിസംബോധന ചെയ്യുവാൻ മടിക്കുന്ന അകത്തോലിക്കാരായ സഹോദരങ്ങൾ ഉണ്ട്. മറിയം എങ്ങനെയാണ് ദൈവത്തിൻ്റെ അമ്മയാകുന്നത് എന്ന് അവർ പലപ്പോഴും ചോദ്യങ്ങൾ ഉയർത്തുകയും അത് നമ്മെ അലോസരപ്പെടുത്തുകയും ചെയ്യാറുണ്ട്. ഇത് പലപ്പോഴും സംഭവിക്കുന്നത് പരിശുദ്ധ അമ്മയുടെ ‘ദൈവത്തിൻ്റെ അമ്മ’ എന്ന പദവിയെക്കുറിച്ചും, ഈശോയുടെ ദൈവീകവും മാനുഷീകവുമായ സ്വഭാവത്തെക്കുറിച്ച് (nature) തെറ്റിദ്ധാരണ ഉള്ളതുകൊണ്ടും, പ്രൊട്ടസ്റ്റന്റ് നവീകരണക്കാർ പകർന്നുകൊടുത്ത ചില തെറ്റായ ആശയങ്ങളുടെ പേരിലുമാണ്.‘

    യേശു ജഡപ്രകാരം ദാവീദിൻ്റെ സന്തതിയിൽ’ (റോമാ 1:3).നിന്ന്  മറിയം  വഴിയാണ് ജനിച്ചത്, യൗസേപ്പിതാവ് വഴിയല്ല. മറിയം യേശുവിനെ ഗർഭത്തിൽ ചുമക്കുക മാത്രമല്ല, യേശുവിൻ്റെ ശരീരത്തിനാവശ്യമായതെല്ലാം തൻ്റെ ശരീരം വഴിയായി നൽകുകയും ചെയ്തു. ഈ രണ്ട് രീതിയിലും മേരി ഈശോയുടെ അമ്മയാണ്. സഭ ആദ്യമായി നിർവചിച്ച മാതാവിനെക്കുറിച്ചുള്ള വിശ്വാസസത്യം  മാതാവിൻ്റെ ‘ദൈവത്തിൻ്റെ അമ്മ’യെന്ന നിലയിലുള്ള സ്ഥാനത്തെക്കുറിച്ചായിരുന്നു. ഗ്രീക്കിൽ ആ വാക്ക് തെയോതോക്കോസ് (Theotokos) എന്നാണ്.

    ദൈവത്തെ വഹിക്കുന്നവൾ എന്നാണ് അതിനർത്ഥം. ഏറ്റവും പഴക്കമുള്ളതും ഏറ്റവും കൂടുതൽ മാതാവിനെക്കുറിച്ച് ഉപയോഗിച്ചിരുന്നതുമായ ഈ പേര് ആദ്യ നൂറ്റാണ്ടുകളിൽ തന്നെ ഉപയോഗിക്കപ്പെട്ടിരുന്നു. മൂന്നാം നൂറ്റാണ്ടിൽ ഉപയോഗിച്ചിരുന്ന ‘എത്രയും ദയയുള്ള മാതാവേ’ എന്ന പ്രാർത്ഥനയുടെ ആദ്യരൂപമായ Sub Tuum praesidium (അങ്ങയുടെ സംരക്ഷണത്തിന് കീഴെ) എന്ന പ്രാർത്ഥനയിൽ ഈ പേര് ഉപയോഗിക്കപ്പെടുന്നതായി കാണപ്പെടുന്നുണ്ട്.

    ആദിമക്രിസ്ത്യാനികൾ മാതാവിനെ ‘ദൈവത്തിൻ്റെ അമ്മ’ എന്ന് യാതൊരു ആശങ്കകളുമില്ലാതെ വിളിച്ചിരുന്നു. യേശു ദൈവമായിരുന്നെങ്കിൽ, മറിയം യേശുവിൻ്റെ അമ്മയായിരുന്നെങ്കിൽ, അത് മറിയത്തെ ദൈവത്തിൻ്റെ അമ്മയാക്കി എന്ന യുക്തിയുക്തമായ ദൃഷ്ടാന്തം നിലനിന്നിരുന്നു. ഭാഷാശൈലികളുടെ ആശയവിനിമയം (Communication of Idioms) എന്ന ഒരു സിദ്ധാന്തത്തെ അവലംബിച്ചുകൊണ്ടാണ് ഈ നിഗമനം നിലകൊള്ളുന്നത്.

    ആ സിദ്ധാന്തമനുസരിച്ച് ക്രിസ്തുവിൻ്റെ മാനുഷീകമോ ദൈവീകമോ ആയ സ്വഭാവങ്ങളിൽ ഏതിനെയെങ്കിലും കുറിച്ച് ഒരാൾ  എന്തെങ്കിലും പറഞ്ഞാൽ അത് പറയുന്നത് ക്രിസ്തുവിനെക്കുറിച്ച് തന്നെയാണ്. എന്തെന്നാൽ ക്രിസ്തുവിൻ്റെ രണ്ടു സ്വഭാവങ്ങളും, ദൈവീകഭാവവും മാനുഷീക ഭാവവും, ഒന്നായി സംയോജിക്കപ്പെട്ടിരിക്കുന്നു.

    ക്രിസ്തു അനന്യനായ ഒരു ദൈവീക വ്യക്തിയാണ്.അകത്തോലിക്കാരായ പലരും മറിയത്തിൻ്റെ ദൈവമാതാവ് എന്ന പദവിയയെക്കുറിച്ച്  ഉയർത്തുന്ന അതേ എതിർപ്പുകൾ  അഞ്ചാം നൂറ്റാണ്ടിൽ തന്നെ പലരും ഉയർത്തിയിരുന്നു. അവരുടെ ആരോപണം  ദൈവമാതാവ് എന്ന പദവികൊണ്ട് ദൈവത്തിൻ്റെ സൃഷ്ടാവ് എന്ന് അർത്ഥമാക്കപ്പെടുന്നു എന്നതാണ്. അതേസമയം ഈ എതിർപ്പുകൾ ഉയർത്തുന്നവർക്ക് ക്രിസ്തുവിൻ്റെ അമ്മ എന്ന ശീർഷകം സ്വീകാര്യമാണ്.

    എന്നാൽ ദൈവത്തിൻ്റെ അമ്മ എന്ന ശീർഷകം സ്വീകാര്യമല്ല. എതിർപ്പുകൾക്ക് കാരണമാകുന്നത്   ക്രിസ്തുവിൻ്റെ ദൈവീക സ്വഭാവവും മാനുഷീക സ്വഭാവവും തമ്മിലുള്ള യോജിപ്പിനെക്കുറിച്ചുള്ള തർക്കമാണ്. മാതാവ് ക്രിസ്തുവിൻ്റെ മാനുഷീക സ്വഭാവത്തിന് മാത്രമേ ജന്മം കൊടുത്തിട്ടുള്ളൂ എന്നും ദൈവീകമായ ഭാവത്തിന് ജന്മം നൽകിയിട്ടില്ലെന്നും അവർ സമർത്ഥിക്കുന്നു.

    സെലസ്റ്റിയൻ ഒന്നാമൻ മാർപാപ്പയും അലക്‌സാൻഡ്രിയായിലെ വി. സിറിലും സഭയുടെ ഭാഗത്തുനിന്ന് ഈ അഭിപ്രായത്തെ ചെറുത്തു. ഒരു അമ്മ ജന്മം നൽകുന്നത് ഒരു വ്യക്തിക്കാണെന്നും (person) ഒരു സ്വഭാവത്തിനല്ലെന്നും(nature)  വി. സിറിൽ സ്ഥാപിച്ചു. അതുകൊണ്ട് മറിയം ജന്മം നൽകിയത് ദൈവ വ്യക്തിയായിരുന്ന (was), ദൈവ വ്യവ്യക്തിയായ (is) യേശു ക്രിസ്തുവിനാണ്. മറിയം ദൈവത്തെ സൃഷ്ടിക്കുകയോ ജനിപ്പിക്കുകയോ ചെയ്തിട്ടില്ലെങ്കിലും അവൾ ദൈവത്തെ ഉദരത്തിൽ വഹിക്കുകയും ജന്മം നൽകുകയും ചെയ്തു. അവൾ ദൈവത്തിൻ്റെ അമ്മയാണ്.

    മറിയം ജന്മം നൽകിയ ക്രിസ്തുവിൽ മാനുഷീകവും ദൈവികവുമായ രണ്ടു വ്യക്തികൾ ഉണ്ടെന്നും അവർ ഏകരല്ലെന്നുമുള്ള നെസ്തോറിയൻ കാഴ്ചപാട് ക്രിസ്തുവിൽ മനുഷ്യസ്വഭാവവും ദൈവസ്വഭാവവും വേർതിരിച്ച് വ്യത്യസ്തവും വിഭിന്നവുമായ മാനുഷീകവും ദൈവികവുമായ രണ്ട് വ്യക്തികളെ ഉണ്ടെന്ന് ചിന്തിക്കാൻ പ്രേരിപ്പിച്ചു.

    സത്യത്തിൽ നെസ്‌റ്റോറിയസ് പോലും തൻ്റെ പേരിലുള്ള ഈ പാഷാണ്ഡതയിൽ വിശ്വസിക്കാൻ  സാധ്യതയില്ല. മാത്രമല്ല, നെസ്തോറിയൻ സഭ കത്തോലിക്കാ സഭയുമായി ചേർന്ന് ക്രിസ്തുശാസ്ത്രത്തെക്കുറിച്ച് ഒരു യോജിച്ചുള്ള പ്രഖ്യാപനം നടത്തുകയും മാതാവിൻ്റെ ദൈവമാതൃത്വം, അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.കത്തോലിക്കർ ഏകമനസ്സായി, തീക്ഷണതയോടെ മറിയത്തെ ‘ദൈവത്തിൻ്റെ അമ്മയായി’ പ്രഖ്യാപിക്കുന്നതിന് കാരണം മറിയം ദൈവത്തിൻ്റെ അമ്മയാണെന്നത് നിഷേധിക്കുന്നവർ ധ്വനിപ്പിക്കുന്നത്, യേശുവിൻ്റെ  ദൈവത്വത്തെക്കുറിച്ചുള്ള സംശയമാണെന്നുള്ളതുകൊണ്ടാണ്.എ ഡി 431 ലെ എഫോസോസ് കൗൺസിൽ വച്ച് മാതാവിൻ്റെ ‘ദൈവത്തിൻ്റെഅമ്മ’ എന്ന പദവിയെക്കുറിച്ച് പഠനം നടത്തപ്പെട്ടു.

    നെസ്‌റ്റോറിയസിൻ്റെ തെറ്റായ പഠനം തള്ളിക്കളഞ്ഞുകൊണ്ട് യേശു ഏക വ്യക്തിയാണെന്നും അതിൽ യേശുവിന്റെ അമ്മയുടെ മാനുഷീക ഭാവവും പിതാവിൻ്റെ ദൈവീക ഭാവവും സമ്മേളിക്കുന്നു എന്നും സഭ പ്രഖ്യാപിച്ചു. മറിയം യേശുവിന് ദൈവീക സ്വഭാവമോ ദൈവീക വ്യക്തിത്വമോ കൊടുത്തിട്ടില്ല, ദൈവപിതാവിൻ്റെ ഏക മകൻ എന്ന നിലയിൽ നിത്യമായി അത് ഈശോ സ്വന്തമാക്കിയിരിക്കുന്നു.  യേശുവിന് മറിയം വെറുതെ ശരീരം നല്കുകയല്ലായിരുന്നു. അവൾ ജന്മം നൽകിയത് പൂർണ്ണമായ വ്യക്തിക്കായിരുന്നു. ദൈവവും മനുഷ്യനുമായ യേശുക്രിസ്തുവിനാണ് മറിയം ജന്മം നൽകിയത്. ഇതാണ് വിശ്വാസപ്രമാണത്തിൽ നാമെപ്പോഴും ഏറ്റുപറയുന്നത്. മറിയത്തെ ദൈവമാതാവ് എന്ന് വിളിക്കുമ്പോൾ ക്രിസ്തുവിനെക്കുറിച്ച് പ്രതിരോധിക്കേണ്ട  ഏറ്റവും പ്രധാനപ്പെട്ട ഒരു സത്യം ഏറ്റുപറയുകയാണ് ചെയ്യുന്നത്.

    ദൈവത്തിൻ്റെ അമ്മയായ കന്യകയായ മറിയമാണ് അവളുടെ മകൻ്റെ മനുഷ്യത്വവും ദൈവത്വവും തമ്മിലുള്ള ബന്ധം. യേശു ദൈവവും മനുഷ്യനുമാണെന്നതിൻ്റെ അടയാളം മറിയമാണ്‌.പരി. ത്രിത്വത്തിലെ രണ്ടാമത്തെ ആളുടെ മനുഷ്യാവതാരത്തിൽ വളരെ പ്രധാനപ്പെട്ട പങ്കുവഹിച്ച വ്യക്തിയാണ് മറിയം. ദൈവത്തിൻ്റെ തീരുമാനത്തിന് അവൾ സമ്മതം മൂളി.

    എലിസബത്ത് “ഉദ്‌ഘോഷിച്ചു: നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്‌. നിൻ്റെ ഉദരഫലവും അനുഗൃഹീതം. എൻ്റെ കര്‍ത്താവിൻ്റെ അമ്മ എൻ്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക്‌ എവിടെ നിന്ന്‌?” (ലൂക്കാ 1 : 42, 43). ദൈവത്തിൻ്റെ അമ്മയെന്ന സ്ഥാനം ദൈവത്തിൻ്റെ രക്ഷാകരകർമ്മത്തിൽ അതുല്യമായ ഒരുസ്ഥാനം മറിയത്തിന് നൽകി. ദൈവത്തിൻ്റെ സൃഷ്ടികർമ്മത്തിലെ പ്രധാനപ്പെട്ട ഒരു പദ്ധതിയായിരുന്നു മറിയത്തിൻ്റെ ‘ഈശോയുടെ മാതൃത്വം’ എന്ന് ചില ദൈവശാസ്ത്രജ്ഞന്മാർ ഊന്നിപ്പറയുന്നുണ്ട്.

    സൃഷ്ടകർമ്മത്തിൽ ദൈവത്തിൻ്റെ ആദ്യത്തെ ചിന്ത യേശുവായിരുന്നു. യേശുവെന്ന അവതരിച്ച വചനത്തിനുമാത്രമേ ദൈവത്തിനു സകല സൃഷ്ടികളുടെയും നാമത്തിൽ പരിപൂർണ്ണമായ സ്നേഹവും ആരാധനയും സമർപ്പിക്കാൻ സാധിക്കൂ. യേശു, ദൈവത്തിൻ്റെ മനസ്സിലെ ആദ്യ ചിന്ത ആയിരുന്നതുപോലെ അനാദിയിൽ തന്നെ യേശുവിൻ്റെ മാതാവാകുവാൻ മറിയത്തെ തിരഞ്ഞെടുത്തതുകൊണ്ട് മറിയം ദൈവത്തിൻ്റെ ചിന്തയിലെ രണ്ടാമത്തെ ആളായിരുന്നു.

    വത്തിക്കാൻ കൗൺസിലിൻ്റെ പ്രാമാണിക രേഖയായ ജനതകളുടെ പ്രകാശത്തിൽ (lumen Gentium) മാതാവിൻ്റെ സഭയിലെ സ്ഥാനത്തെക്കുറിച്ചു പ്രതിപാദിക്കുന്ന എട്ടാംഅധ്യായത്തിൽ 12 പ്രാവശ്യം മറിയത്തെ ദൈവത്തിൻ്റെ അമ്മയെന്ന് വിളിക്കുന്നുണ്ട്. 

    മനുഷ്യാവതാരം ഒരു വലിയ രഹസ്യമാണ്.  തെറ്റുകളും ആശയക്കുഴപ്പവും ഇല്ലാതിരിക്കാൻ സഭ വളരെ കർക്കശമായ തത്വചിന്താ ഭാഷയാണ് ഇതിനായി ഉപയോഗിക്കുന്നത്. എന്നിരുന്നാലും, എങ്ങനെയാണ് നമ്മുടെ രക്ഷകൻ,നമ്മെ പാപത്തിൽ നിന്ന് മോചിക്കുവാൻ, നമ്മുടെ മനുഷ്യശരീരം സ്വീകരിച്ചുകൊണ്ട്, ഈ ലോകത്തിലേക്കു വന്നതെന്ന മഹത്തായ രഹസ്യം നാം ധ്യാനിക്കണം. ഇതാ കർത്താവിൻ്റെ ദാസി, നിൻ്റെ വചനം പോലെ എന്നിലാകട്ടെ എന്ന് പറഞ്ഞ പരിശുദ്ധ അമ്മയുടെ മഹത്തായ മാതൃക നാം അനുകരിക്കുകയും ധ്യാനിക്കുകയും വേണം.

    “പരി. മറിയമേ, തമ്പുരാൻ്റെ അമ്മേ, പാപികളായ ഞങ്ങൾക്കുവേണ്ടി എപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ” എന്ന് പ്രാർത്ഥിച്ചുകൊണ്ട്  നമ്മുടെ അമ്മയാണെന്നുള്ള സ്വാതന്ത്ര്യത്തോടെ നമുക്ക് മറിയത്തിൻ്റെ  പാദാന്തികത്തിങ്കൽ അണയാം.

    Fr Sijo Kannampuzha OM

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!