ഗുണ്ടൂര്‍: ആന്ധ്രാപ്രദേശില്‍ വൈദികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഗുണ്ടൂര്‍ രൂപതയിലെ കോലാകലൂര്‍ ഇടവകയിലെ ഫാ. ബാല ഷൗറി റെഡിയാണ് അസ്വഭാവികമായി മരിച്ച നിലയില്‍ കാണപ്പെട്ടത്. ജൂണ്‍ 20 നാണ് സംഭവം. അമ്പതു വയസുണ്ടായിരുന്നു.
വൈദികരുടെയും ബന്ധുക്കളുടെയും ഇടവകക്കാരുടെയും സാന്നിധ്യത്തിലാണ് വാതില്‍ തകര്‍ത്ത് മൃതദേഹം താഴെയിറക്കിയതെന്ന് രൂപത ചാന്‍സലര്‍ ഫാ. മധു ബാലസ്വാമി അറിയിച്ചു. ശരീരത്തില്‍ കത്തികൊണ്ട് കുത്തി മുറിവേല്പിച്ച പാടുകളുമുണ്ടായിരുന്നു. വിഷാദവും ഏകാന്തതയും കാരണം ആത്മഹത്യ ചെയ്തതാണെന്നാണ് പറയപ്പെടുന്നത്. വൈദികന്റേതായി ഏകാന്തതയെക്കുറിച്ച് പരാമര്‍ശിക്കുന്ന കുറിപ്പും പോലീസ് കണ്ടെത്തി.
എന്നാല്‍ ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ കഴിഞ്ഞ രണ്ടുമാസത്തോളം അച്ചന്‍ സ്വഭവനത്തില്‍ ആയിരുന്നുവെന്നും നിയന്ത്രണങ്ങളില്‍ അയവ് വന്നപ്പോഴാണ് പള്ളിയിലേക്ക് തിരികെയെത്തിയതെന്നും അടുത്ത വൃന്തങ്ങള്‍ പറയുന്നു. ഈ വര്‍ഷം പൗരോഹിത്യത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കാന്‍ പദ്ധതിയിട്ടിരുന്ന ഇദ്ദേഹം സാമൂഹ്യസേവനപ്രവര്‍ത്തനങ്ങളില്‍ മുമ്പന്തിയിലായിരുന്നു. ആത്മീയോപദേഷ്ടാവും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്നു ഇദ്ദേഹമെന്ന് സഹവൈദികര്‍ പറയുന്നു.
പോലീസ് അന്വേഷണത്തോട് ആത്മാര്‍ത്ഥമായി സഹകരിക്കുമെന്ന് രൂപത അധികാരികള്‍ അറിയിച്ചു. ദുരുഹസാഹചര്യത്തില്‍ മരണമടയുന്ന കത്തോലിക്ക വൈദികരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുകയാണ്.
കേരളത്തില്‍ കഴിഞ്ഞ ദിവസമാണ് കത്തോലിക്കാ വൈദികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.