Tuesday, December 3, 2024
spot_img
More

    ഉയിർപ്പ്: ഈശോയ്ക്കും നമുക്കും പിന്നെ നോത്രെഡാം കത്തീഡ്രലിനും




    യേശുവിൽ നിദ്രപ്രാപിച്ചവരെയും ദൈവം അവനോടുകൂടി ഉയിർപ്പിക്കും”(1 തെസ. 4: 14)

    അമ്പതു ദിവസങ്ങളോളം നീണ്ട ഒരു ആത്മീയ യാത്ര ഇന്ന് ഒരു കല്ലറയുടെ വാതിൽക്കൽ അവസാനിച്ചിരിക്കുന്നു. ‘അവൻ ഇവിടെ ഇല്ല എന്ന്’ ദൂതന്മാർ പറഞ്ഞ ഈശോയുടെ കല്ലറയാണത്. ശൂന്യമായ ഈ കല്ലറയുടെ മുകളിൽ വിശ്വാസത്തിന്റെ ഭവനം പണിതിരിക്കുന്ന നമുക്ക് ഈ തിരുനാൾ ഏറ്റവും പ്രധാനം. ‘An empty tomb is the foundation stone of our faith-house’ – എന്ന വചനത്തിൻറെ പൊരുൾ മനസ്സിലാകുന്നവർക്ക്, വിശ്വാസജീവിതത്തിന്റെ പടികളെല്ലാം കയറിച്ചെല്ലാനാകും. നമ്മുടെ വിശ്വാസജീവിതത്തിന്റെ അടിസ്ഥാനവും നിത്യജീവന്റെ ഉറപ്പുമായ ഈശോയുടെ ഉയിർപ്പു തിരുനാളിന്റെ മംഗളങ്ങൾ എല്ലാ മാന്യവായനക്കാർക്കും സ്നേഹപൂർവ്വം ആശംസിക്കുന്നു. 

    പുനരുത്ഥാനത്തിന്‍റെ സന്തോഷവാർത്ത കാത്തിരുന്ന ലോകജനതയുടെ മനസ്സിനെ പൊള്ളിച്ചുകൊണ്ടാണ് നോത്രഡാം കത്തീഡ്രലിനെ അഗ്നി വിഴുങ്ങിയ വാർത്ത കാട്ടുതീപോലെ പടർന്നത്. എണ്ണൂറ്റിഅൻപത് വർഷം പഴക്കമുള്ള അതിപുരാതന കത്തോലിക്കാ കത്തീഡ്രൽ എന്നതുമാത്രമല്ല, പുരാതന ഗോഥിക് ശില്പകലാ വൈദഗ്ധ്യം, ഈശോയുടെ തലയിൽ വച്ച മുൾമുടി ഉൾപ്പെടെയുള്ള അപൂർവ്വ തിരുശേഷിപ്പുകൾ, കലാ വൈഭവത്തിന്റെയും കൊത്തുപണികളുടെയും അപൂർവ്വ ചാരുത, ഫ്രാൻസിന്റെ തലയെടുപ്പിന്റെ നേർക്കാഴ്ച…എന്നിങ്ങനെ ഏറെ സവിശേഷതകൾ ഉണ്ട് പരി. ദൈവമാതാവിൻ്റെ നാമത്തിലുള്ള ഈ പ്രസിദ്ധ ദൈവാലയത്തിന്. ‘ഔർ ലേഡി ഓഫ് പാരീസ്’ എന്നാണ് ‘Notre dame de paris’ എന്ന ഫ്രഞ്ച് പേരിന്റെ അർത്ഥം. എങ്ങനെയാണ് തീ പിടിച്ചു കത്തീഡ്രൽ കത്തിയെരിഞ്ഞതെന്നു ഇപ്പോഴും ആർക്കും അറിയില്ലെങ്കിലും എങ്ങനെ അത് പുനരുദ്ധരിക്കണമെന്ന കാര്യം ഫ്രഞ്ച് ജനതയ്ക്കും ലോകം മുഴുവനുമുള്ള മറ്റു നല്ല മനുഷ്യർക്കും ഇപ്പോൾ നന്നായറിയാം എന്നത് ഒരു യഥാർത്ഥ ഉയിർപ്പിൻറെ മാതൃകയായി ലോകത്തിനു ലഭിക്കുന്നു. 

    ആത്‌മീയ അർത്ഥത്തിൽ ഈശോയുടെ ഉയിർപ്പും അതിന്റെ ഭൗതിക നേർക്കാഴ്ചയായി നോത്രഡാം കത്തീഡ്രലിന്റെ ഉയിർപ്പും ഇന്ന് ലോകം ചിന്തിക്കുന്നു. നൂറു വർഷങ്ങൾ കൊണ്ട് പണിത കത്തീഡ്രൽ അഞ്ചു വര്ഷം കൊണ്ട് പുനരുദ്ധരിക്കുമെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ പറഞ്ഞിരിക്കുന്നു. ശതകോടീശ്വരന്മാർ ഉൾപ്പെടെ ഫ്രഞ്ച് ജനത മുഴുവൻ തങ്ങളുടെ സ്വന്തം ഭവനം പണിയാനെന്നപോലെ കത്തീഡ്രൽ പുനരുദ്ധാരണത്തിനായി പണം കൊടുത്തേൽപ്പിക്കാൻ ക്യൂ നിൽക്കുന്നു. വിദേശ രാജ്യങ്ങൾ ഉൾപ്പെടെ പലരും സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ വാഗ്ദാനം ചെയ്തിരിക്കുന്നു. ഒരു മനസ്സോടെ ലോകം കൈകോർക്കുമ്പോൾ കത്തോലിക്കാ വിശ്വാസത്തിന്റെ ഈ അഭിമാനസ്തംഭം ചുരുങ്ങിയ കാലത്തിനുള്ളിൽ ഉയിർത്തെഴുന്നേൽക്കുമെന്നു തീർച്ച! ലോകത്തിന്റെ മുഴുവൻ കണ്ണും കരളും പ്രാർത്ഥനയും ഇപ്പോൾ ഫ്രാൻസിനോടൊപ്പമുണ്ട്. ഇതോടൊപ്പം, ഈശോയുടെ ഉയിർപ്പിന്റെ വെളിച്ചത്തിൽ നമ്മുടെ ജീവിതങ്ങളും ‘ഉയിർപ്പിക്കാൻ’ ഒരുപിടി നല്ല സന്ദേശങ്ങളും ഈ ‘അഗ്നിപരീക്ഷണം’ ലോകത്തിന് തരുന്നുണ്ട്. 

    അഗ്നിക്കും ചാരമാക്കാൻ പറ്റാത്തതാണ് യഥാർത്ഥ വിശ്വാസമെന്ന് ഫ്രഞ്ച് യുവത്വം ഈ അവസരത്തിൽ ലോകത്തെ കാണിച്ചു തന്നു. കൺമുൻപിൽ സ്വന്തം ആത്‌മീയഭവനം കത്തിയെരിയുമ്പോഴും വഴിയോരങ്ങളുടെ വെറും നിലത്തു മുട്ടുകുത്തി സ്വർഗത്തിലേക്ക് ജപമാല പ്രാർത്ഥനകളുയർത്തി ഇവർ ലോകത്തിനു പ്രാർത്ഥനാ സാക്ഷ്യമായി. നമ്മുടെ ജീവിതങ്ങളുടെ പൊള്ളുന്ന അനുഭവങ്ങളിൽ നിൽക്കുമ്പോഴും ധൈര്യം കൈവെടിയാതെ പ്രാർത്ഥനയും ദൈവാശ്രയവുമാണ് പ്രകടിപ്പിക്കേണ്ടതെന്നു ഈ യുവത ലോകത്തെ പഠിപ്പിച്ചു. 

    നോത്രദാം കത്തീഡ്രലില്‍ അഗ്നിബാധയുണ്ടായത് അറിഞ്ഞപ്പോള്‍ ഓടിയെത്തിയ യുവജനങ്ങള്‍ ജപമാലക്കായി മുട്ടുകുത്തി പ്രാര്‍ത്ഥിച്ചപ്പോള്‍

    കത്തിത്തീർന്ന കത്തീഡ്രൽ പണിതുയർത്താൻ സഹായിക്കാൻ മുന്നോട്ടുവരുന്നവരാണ് അടുത്ത ഓർമ്മപ്പെടുത്തൽ തരുന്നത്. ഈ ലോകത്തിൽ പലരുടെയും ജീവിതത്തിൽ ഉയിർപ്പുണ്ടാകാൻ മറ്റു ചിലരുടെ നിർലോപമായ സഹായവും സന്മനസ്സും ആവശ്യമുണ്ട്. അഗ്നിയിലെരിഞ്ഞു നിൽക്കുന്ന ജീവിതങ്ങളുമായി നമ്മുടെ ചുറ്റുമുള്ളവരിൽ ദൈവഭവനത്തെ കാണാനും സഹായിക്കാനും അവരെ കൈപിടിച്ചുയർത്താനും നമ്മുടെ നല്ല മനസ്സും വാക്കുകളും പ്രവർത്തിയും നമുക്ക് ഉപയോഗിക്കാം. 

    ആളിപ്പടരുന്ന അഗ്നിയുടെ ഉത്ഭവകാരണം ഇപ്പോഴും അജ്ഞാതമായി നിൽക്കുമ്പോഴും ചിലതു പഠിക്കാനുണ്ട്: ആരുടെയെങ്കിലും ഒരു ചെറിയ കൈപ്പിഴയോ, തനിയെ സംഭവിച്ചതോ, അതുമല്ലങ്കിൽ ഇനി ആരെങ്കിലും മനഃപൂർവം ചെയ്തതാണങ്കിലുമോ (ഐസിസിന്റെ പ്രതികരണം അധികാരികളിൽ സംശയം ഉളവാക്കുന്നു…?) അത് വരുത്തിവച്ച നാശം വലുതായിരുന്നു. അശ്രദ്ധമായി നമ്മുടെ നാവിൽ നിന്ന് വീഴുന്ന ഒരു വാക്കോ എതെങ്കിലും ഒരു അശ്രദ്ധ പ്രവൃത്തിയോ ഒക്കെ മറ്റുള്ളവരുടെ ജീവിതങ്ങളെ അപ്പാടെ തകർത്തുകളയാവുന്നെ വൻ അഗ്നിയിലേക്കുള്ള  തീപ്പൊരിയുടെ തുടക്കമായേക്കാമെന്നു മറക്കരുത്. 
     

    തോമസ് ആൽവാ എഡിസൻ

    1914 ഡിസംബർ 9 ന് വിഖ്യാത ശാസ്ത്രജ്ഞനും നിരവധി കണ്ടുപിടുത്തങ്ങളുടെ പിതാവുമായ തോമസ് ആൽവാ എഡിസൻറെ പരീക്ഷണശാല വലിയൊരു പൊട്ടിത്തെറിയോടുകൂടി കത്തിനശിച്ചു. ബാറ്ററി സ്റ്റോറേജ് ഉൾപ്പെടയുള്ള ഒരു പ്രധാന ഭാഗം നശിക്കാതെ രക്ഷപ്പെട്ടെങ്കിലും ഏഴ് മില്യൺ ഡോളറിന്റെ ഭീമമായ നഷ്ടമാണ് അദ്ദേഹത്തിന് ഉണ്ടായത്. രണ്ടു മില്യൺ മാത്രം അദ്ദേഹത്തിന് ഇൻഷുറൻസ് പരിരക്ഷയിൽ തിരിച്ചുകിട്ടിയപ്പോൾ, ബാക്കി മുഴുവൻ വലിയ നഷ്ടമായി അവശേഷിച്ചു. ആ ചാരക്കൂമ്പാരത്തിനു മുൻപിൽ നിന്ന്, ഹൃദയത്തിന്റെ അപാര വേദനയിലും അദ്ദേഹം ഇങ്ങനെ പറഞ്ഞു: “എനിക്കിപ്പോൾ അറുപത്തേഴു വയസ്സ് കഴിഞ്ഞെങ്കിലും, നാളെ മുതൽ എല്ലാം ഞാൻ വീണ്ടും ആരംഭിക്കും.” അദ്ദേഹത്തിന്റെ ഉറച്ച വാക്കിലും നിശ്ചയദാർഢ്യത്തിലും വിധി അദ്ദേഹത്തിന്റെ മുൻപിൽ തോറ്റു പിന്മാറി എന്ന് ചരിത്രം. പിറ്റേ ദിവസം തന്നെ, പരീക്ഷണശാലയിലെ ഏഴായിരത്തിലധികം ജോലിക്കാരോടുകൂടെ, പുനർനിർമാണപ്രവർത്തനങ്ങൾ അദ്ദേഹം ആരംഭിച്ചു. വെറും രണ്ടു ദിവത്തിനുള്ളിൽ കയ്യിൽ കൊണ്ടുനടക്കാവുന്ന ‘സേർച്ച് ലൈറ്റിൻറെ’ കണ്ടുപിടുത്തം നടത്തി ലോകത്തിന്റെ മുൻപിൽ അവതരിപ്പിച്ചു. കുറച്ചു നാളുകൾക്കുള്ളിൽ അദ്ദേഹത്തിന്റെ പരീക്ഷണശാല പഴയതുപോലെ ആക്കിത്തീർത്തു. ദൃഢമനസ്സുകളെ കീഴ്‌പ്പെടുത്താൻ ഒരു അഗ്നിയും പര്യാപ്തമല്ല എന്ന് ചരിത്രത്തിന്റെ സാക്ഷ്യം. അഗ്നിയുടെ കെടുതികളെ അതിജീവിച്ചു നോത്രഡാം കത്തീഡ്രലും ഇതുപോലെ ഉയിർത്തെഴുന്നേൽക്കും. 

    “Cathedral is the extension of your mother’s womb” എന്നൊരു നിരീക്ഷണമുണ്ട്. അമ്മയുടെ ഉദരത്തിലായിരിക്കുന്ന ഒരു കുഞ്ഞിന്റെ സുരക്ഷതത്വവും മാതാവിനോടുള്ള ബന്ധവും തുടർന്നു കൊടുക്കാൻ സാധിക്കുന്നത് “മദർ ചർച്” എന്നറിയപ്പെടുന്ന കത്തീഡ്രൽ ദേവാലയത്തിനാണ് സാധിക്കുന്നത് എന്ന ചിന്തയിലാണത്രെ ഈ നിരീക്ഷണം. നമ്മൾ ഓരോരുത്തരും ഈ ‘കത്തീഡ്രൽ’ ആയി മാറണമെന്ന്, ദൈവത്തെയും സ്നേഹത്തെയും കൊടുക്കുന്ന സ്ഥലങ്ങളായി മാറണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അതിനായി നമ്മെ ഒരുക്കിയ അഗ്നിസ്നാനത്തിന്റെ നാളുകളായിരുന്നു ഈ നോമ്പുകാലം. 

    ജീവിതത്തെ പുതിയ വീക്ഷണത്തോടെ കാണാൻ സാധിക്കുന്നതാണ് ഉയിർപ്പ്. ചിന്തകളിൽ, മനോഭാവങ്ങളിൽ, വാക്കുകളിൽ, പ്രവൃത്തിയിൽ നമുക്ക് ഈശോയോടൊപ്പം പുതിയ കത്തീഡ്രലായി ഉയിർത്തെഴുന്നേൽക്കാം. ലോകം മുഴുവനെയും ഉയിർപ്പിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ ദൈവപദ്ധതിയിൽ നടന്ന കാര്യമായി നോത്രഡാം കത്തീഡ്രൽ സംഭവത്തെ കണ്ടാൽ നിരാശപ്പെടാതിരിക്കാൻ നമുക്ക് വകയുണ്ട്. തീ പിടുത്തം സമ്മാനിച്ച വേദനയും നഷ്ടവും ദുഖവും, ഒരു ജനതയുടെയും ലോകം മുഴുവൻറെയും ഒരുമയ്ക്കും, തീക്ഷ്ണമായ പ്രാർത്ഥനയ്ക്കും വിശ്വാസത്തിനും കാരണമായതുപോലെ, ഈശോയുടെ പീഡാസഹനവും കുരിശുമരണവും സമ്മാനിച്ച വേദന, മനുഷ്യകുലത്തിനു മുഴുവൻ രക്ഷയും പാപത്തിൽ നിന്ന് മോചനവും ഉത്ഥാനത്തിന്റെ സന്തോഷവും നമുക്കുതന്നെ ലഭിക്കാനിരിക്കുന്ന ഉയിർപ്പിന്റെ ഉറപ്പുമായി മാറി. വിശ്വസിക്കുന്നവർക്ക്, എല്ലാ സഹനങ്ങളും ദൈവപദ്ധതിയുടെ ഭാഗമാണ്, പിന്നീട് ലഭിക്കാനിരിക്കുന്ന സന്തോഷത്തിന്റെ മുന്നോടിയാണ്. 

    ഉയിർപ്പുതിരുനാളിന്റെ മംഗളങ്ങൾ ഏവർക്കും സ്നേഹപൂർവ്വം ആശംസിക്കുന്നു. പുനരുദ്ധരിക്കപ്പെട്ട കത്തീഡ്രലുകളായി, ദൈവസാക്ഷ്യമായി നമുക്ക് ലോകത്തിനു മുൻപിൽ തല ഉയർത്തി നിൽക്കാം. ഉത്ഥിതൻ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 

    സ്നേഹപൂർവ്വം,

    ഫാ. ബിജു കുന്നയ്ക്കാട്ട് 

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!