കൊച്ചി: വേദനയുടെയും അരക്ഷിത്വത്തിന്റെയും സാഹചര്യത്തിലൂടെ കടന്നുപോകുന്ന ശ്രീലങ്കയിലെ പൊതു സമൂഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
ഈസ്റ്റര്‍ ദിവസത്തില്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ ജീവന്‍ നഷ്ടമായവരുടെ ബന്ധുക്കളുടെയും പരിക്കേറ്റവരുടെയും ദു:ഖങ്ങളില്‍ പങ്കുചേരുന്നതായി ശ്രീലങ്കന്‍ കത്തോലിക്കാ മെത്രാന്‍ സമിതിക്ക് അയച്ച സന്ദേശത്തില്‍ മാര്‍ ആലഞ്ചേരി അറിയിച്ചു. ലോകം പുരോഗതിയുടെ ചിറകില്‍ അതിവേഗം സഞ്ചരിക്കുമ്പോഴും മനുഷ്യമനസുകളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന തിന്മയുടെ പ്രാകൃതമായ പ്രകടനങ്ങള്‍ പരിഷ്‌കൃതസമൂഹത്തിന് യോജിച്ചതല്ല എന്നും ഏറ്റവും ഹീനമായ ഇത്തരം ഭീകരാക്രമണങ്ങളെ ലോകമനസാക്ഷിയോട് ചേര്‍ന്ന് അപലപിക്കുന്നതായും മാര്‍ ആലഞ്ചേരി പറഞ്ഞു.