എന്തെന്നാല്‍ നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്മാര്‍ക്കും സ്വര്‍ഗ്ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണ് പടവെട്ടുന്നത്. അതിനാല്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍ തിന്മയുടെ ദിനത്തില്‍ ചെറുത്തുനില്ക്കുവാനും എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് പിടിച്ചുനില്ക്കാനും നിങ്ങള്‍ക്ക് കഴിയും. വിശുദ്ധ പൗലോസ് ശ്ലീഹ എഫേസോസുകാര്‍ക്ക് എഴുതിയ ലേഖനത്തില്‍ ഓര്‍മ്മപ്പെടുത്തിയ കാര്യമാണ് ഇത്. നമ്മുടെ ആത്മാവിന് വേണ്ടി സാത്താന്‍ യുദ്ധം ചെയ്യുന്നുണ്ടെന്ന കാര്യം സുനിശ്ചിതമാണ്.
ഈ പോരാട്ടത്തില്‍ നാം ദുര്‍ബലരായിപോകുകയാണെങ്കില്‍ സാത്താന്‍ നമ്മെ പരാജയപ്പെടുത്തും. അതുണ്ടാവരുത്. അതുകൊണ്ട് നാം നിരന്തരമായി യുദ്ധം ചെയ്യേണ്ടിയിരിക്കുന്നു. സാത്താനോടും അവന്റെ അനുയായികളോടും.
ഈ യുദ്ധത്തില്‍ നമ്മെ സഹായിക്കാന്‍ കരുത്തുള്ളവരാണ് മാലാഖമാര്‍. പ്രത്യേകിച്ച് മുഖ്യദുതനായ വിശുദ്ധ മിഖായേല്‍. എല്ലാ ദിവസവും കുടുംബപ്രാര്‍ത്ഥനയിലോ വ്യക്തിപരമായ പ്രാര്‍ത്ഥനയിലോ ഈ പ്രാര്‍ത്ഥന ചൊല്ലുക:
മുഖ്യദൂതനായ വിശുദ്ധ മിഖായേലേ, സ്വര്‍ഗ്ഗീയ സൈന്യങ്ങളുടെ പ്രതാപവാനായപ്രഭോ, ഉന്നതശക്തികളോടും അധികാരങ്ങളോടും ഇരുളടഞ്ഞ ഈ ലോകത്തിലെ ഭരണകര്‍ത്താക്കളോടും ഉപരിതലങ്ങളിലെ ദുരാത്മാക്കളോടുമുള്ള യുദ്ധത്തില്‍ ഞങ്ങളെ സഹായിക്കണമേ. ദൈവം സ്വന്തം ഛായയില്‍ സൃഷ്ടിക്കുകയും വലിയ വില കൊടുത്ത് വീണ്ടെടുക്കുകയും ചെയ്ത മനുഷ്യരെ പിശാചിന്റെ ക്രൂരഭരണത്തില്‍ നിന്നും രക്ഷിക്കുവാന്‍ വരണമേ. അങ്ങയെയാണല്ലോ തിരുസഭ തന്റെ പരിപാലകനും സംരക്ഷകനുമായി സ്‌നേഹിക്കുന്നത്. കര്‍ത്താവ് രക്ഷിച്ച ആത്മാക്കളെ സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുവാന്‍ നിയുക്തനായിരിക്കുന്നത് അങ്ങ് തന്നെയാണല്ലോ. ആകയാല്‍ ഞങ്ങളുടെ പാദങ്ങളുടെ കീഴില്‍ പിശാചിനെ അടിമപ്പെടുത്തുവാന്‍ സമാധാനദാതാവായ ദൈവത്തോട് പ്രാര്‍ത്ഥിക്കണമേ. അവന്‍ ഒരിക്കലും മനുഷ്യരെ കീഴ്‌പ്പെടുത്തുകയോ തിരുസഭയെ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കട്ടെ. കര്‍ത്താവിന്റെ കരുണ വേഗം ഞങ്ങളുടെ മേല്‍ ഉണ്ടാകുന്നതിനായി ഞങ്ങളുടെ യാചനകള്‍ അത്യുന്നതന്റെ മുമ്പില്‍ സമര്‍പ്പിക്കണമേ. ദുഷ്ടജന്തുവും പഴയ സര്‍പ്പവുമായ സാത്താനെയും അവന്റെ കൂട്ടുകാരെയും പിടിച്ചുകെട്ടി പാതാളത്തില്‍ തള്ളിത്താഴ്ത്തണമേ. അവന്‍ മേലാലൊരിക്കലും ജനങ്ങളെ വഴിതെറ്റിക്കാതിരിക്കട്ടെ. ആമ്മേന്‍.