പ്രാര്‍ത്ഥിക്കുകയും നല്ല ജീവിതം നയിക്കുകയും ചെയ്യുമ്പോഴും ക്രൈസ്തവര്‍ സാത്താന്റെ ആക്രമണത്തിന് ഇരകളായി മാറാറുണ്ടെന്ന് പ്രശസ്ത ഭൂതോച്ചാടകനും ഡൊമിനിക്കന്‍ വൈദികനുമായ ഫാ. ഫ്രാങ്കോയിസ് ഡെര്‍മിന്‍. ക്രൈസ്തവര്‍ പലപ്പോഴും ഒക്കള്‍ട്ട് വിദ്യകളുടെ ഇരകളായി മാറാറുണ്ടെന്നും അദ്ദേഹം വെളിപെടുത്തി. ലെറ്റ്‌സ് റീസണ്‍ എബൗട്ട് ദ ഡെവിള്‍; ബിറ്റുവിന്‍ സൂപ്പര്‍സിഷന്‍സ്, മിത്ത്‌സ് ആന്റ് റിയാലിറ്റി എന്ന അടുത്തയിടെ പ്രസിദ്ധീകരിച്ച പുസ്തകത്തിലാണ് അദ്ദേഹം തന്റെ നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
വിശുദ്ധര്‍ക്കു പോലും സാത്താനിക പീഡകളും ആക്രമണങ്ങളും ബാധകളും ഉണ്ടായതായി നാം ചരിത്രത്തില്‍ നിന്ന് പഠിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അവരെല്ലാം അതിനെ കീഴടക്കിയതും വിജയിച്ചതും ദൈവത്തിന്റെ സഹായത്താലായിരുന്നു. വിശുദ്ധി കൊണ്ടും എളിമ കൊണ്ടുമായിരുന്നു. സാത്താന്റെ നിലനില്പിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് താന്‍ ഈ ഗ്രന്ഥം ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നതെന്നും അച്ചന്‍ പറയുന്നു.
ഞാനൊരു ഭൂതോച്ചാടകനാണ്. എന്നാല്‍ ചില വൈദികര്‍ പോലും സാത്താന്‍ ഇല്ല എന്ന് പറഞ്ഞുകേള്‍ക്കുമ്പോള്‍ ഞാന്‍ ഖേദിക്കുന്നു. ഇത്തരമൊരു അഭിപ്രായത്തിന് വേണ്ടി നിലകൊള്ളാന്‍ എനിക്കാവില്ല. ഈ പുസ്തകം എഴുതാനുള്ള അടിസ്ഥാന കാരണവും അതാണ്. സാത്താന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എളുപ്പത്തിലുള്ള മറുമരുന്നുകളൊന്നുമില്ല. ദൈവത്തിന്റെ സഹായവും അവിടുത്തെ കൃപയുമല്ലാതെ. ഓരോരുത്തരും തിന്മയ്ക്ക് ഇരകളായി മാറാം. എന്നാല്‍ ദൈവകൃപയില്‍ സത്യസന്ധതയോടെ ജീവിക്കുന്നവര്‍ക്ക് ഇതില്‍ നിന്ന് രക്ഷ നേടാന്‍ കഴിയും. അച്ചന്‍ പറയുന്നു.