പ്രസ്റ്റണ്‍: ദൈവപുത്രിയും ദൈവപുത്രനുമായി ജീവിക്കുന്നതില്‍ നാം പരാജയപ്പെടുന്നുണ്ടെന്ന് തിരിച്ചറിയണമെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. പുതിയ ആരാധനക്രമവത്സരത്തിലേക്ക് പ്രവേശിച്ചുകൊണ്ട് വചനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
ദനഹാ എന്നാല്‍ സൂര്യോദയം, വെളിപാട് എന്നെല്ലാമാണ് അര്‍ത്ഥം. പുതിയ ആരാധനക്രമവത്സരത്തില്‍ പുതിയ നീതിസൂര്യനായ, ഈശോയുടെ, ഉദയവും വെളിപാടുമാണ്് നാം കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്നത്. എല്ലാവരുടെയും കണ്ണുകള്‍ ഈശോയില്‍ തറച്ചിരുന്നു. അത്രമാത്രം സൗന്ദര്യത്തിന്റെ തികവാണ് ദൈവം. ആ സൗന്ദര്യത്തിന്റെ മനുഷ്യാവതാരമാണ് ഈശോ. മോശയോടൊപ്പം ഈജിപ്തിലേക്ക് പോകുകയും ഫറവോയുടെ അടിമത്തത്തില്‍ നിന്ന് രക്ഷി്ക്കുകയും ചെയ്ത കര്‍ത്താവ് തന്നെയാണ് ഈശോ, ഈശോയുടെ ഓരോ പ്രവൃത്തിയിലൂടെയും വാക്കുകളിലൂടെയും പ്രവചനം പൂര്‍ത്തിയാക്കപ്പെടുകയാണ് ചെയ്യുന്നത്.
ഈശോയുടെ ഓരോ വാക്കും കൃപയുടെ വാക്കാണ്. ഈശോയുടെ ഓരോ പ്രവൃത്തിയും കൃപയുടെ പ്രവൃത്തിയാണ്. പിതാവിന്റെ ഹിതം നടപ്പിലാക്കാനുളളതായിരുന്നു ഈശോയുടെ ഓരോ പ്രവൃത്തിയും. പിതാവിന്റെ മഹത്വത്തിന്റെ തേജസാണ് ഈശോ. ആ നീതിസൂര്യന്‍ ഉദിച്ചുകഴിയുമ്പോള്‍ നമ്മിലെ പാപം ഇല്ലാതാകും. നമുക്ക് പ്രകാശമായിത്തീരാന്‍ കഴിയും. പാപം അന്ധകാരമാണ്. ഈ അന്ധകാരമാണ് നമ്മെ പാപത്തിലേക്ക് നയിക്കുന്നത്. ദൈവപുത്രനായി ഈശോ വന്നുകഴിയുമ്പോള്‍ നാം അന്ധകാരത്തില്‍ നിന്ന് മോചിക്കപ്പെട്ടിരിക്കുകയാണ്. സമയത്തിന്റെ പൂര്‍ത്തീകരണമാണ് ഈശോ. നിത്യമായ ഇന്നിലാണ് നാം ആയിരിക്കുന്നത്. നിത്യമായ ഇന്നാണ് ഈശോ. ഈശോയില്‍ നിന്ന് നമുക്ക് സമഗ്രമായ വിമോചനം ലഭിക്കുന്നു. പാപത്തില്‍ നിന്ന്, സാത്താനില്‍ നിന്ന്,ലോകത്തില്‍ നിന്ന്..ഈശോയില്‍ വിശ്വസിക്കുമ്പോള്‍ അതേ മഹത്വത്തിലേക്ക് ഈശോയുടെ അതേ ശക്തിയിലേക്കാണ് നാം പ്രവേശിക്കുന്നത്.
പരിശുദ്ധ കന്യാമറിയത്തില്‍ നിന്ന് പുതിയ ആദം ജനിച്ചതായി റാറ്റ്‌സിംഗര്‍ പിതാവ് നസ്രത്തിലെ ഈശോ എന്ന ഗ്രന്ഥത്തില്‍ പറയുന്നു. തിരുസഭയുടെ ഭാഗമായി നാം ജീവിക്കുമ്പോള്‍ നാമൊരു തുടര്‍ച്ചയാണ്. പുതിയൊരു ആദമായിത്തീരുകയാണ്. ഈശോയില്‍ വിശ്വസിക്കുമ്പോള്‍ ഓരോ വിശ്വാസിയും ദൈവപുത്രനായി ത്തീരുന്നു.ദൈവപുത്രിയായിത്തീരുന്നു. ഈ യാഥാര്‍ത്ഥ്യം ജീവിക്കുന്നതില്‍ നാം പരാജയപ്പെടുന്നുണ്ട് എന്ന് നാം തിരിച്ചറിയണം.
എല്ലാ മനുഷ്യര്‍ക്കും വേണ്ടിയാണ് ഈശോ ബലിയായിത്തീര്‍ന്നതെന്ന് നാം അറിയണം. എല്ലാവരുടെയും പാപങ്ങള്‍ മോചിക്കണമെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. വിശുദ്ധ ബലി അര്‍പ്പിക്കുമ്പോള്‍ നാം അങ്ങനെ പ്രാര്‍ത്ഥിക്കണം. മാര്‍ സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു.