ഇന്‍ഡോര്‍: പുതുതായി രൂപീകരിച്ച മതപരിവര്‍ത്തന നിയമം അനുസരിച്ച് അറസ്റ്റ് ചെയ്ത ഒമ്പത് ക്രൈസ്തവര്‍ക്ക് വിചാരണ കോടതി ജാമ്യം നിഷേധിച്ചു. വസ്തുതകളും സാഹചര്യങ്ങളുംഅനുസരിച്ച് ജാമ്യം നല്കാനാവില്ലെന്ന നിലപാടാണ് ജഡ്ജി യതീന്ദ്ര കുമാര്‍ ഗുരുവിന്റെ നിലപാട്. ഇത്തരമൊരു സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുകയല്ലാതെ മറ്റ്മാര്‍ഗ്ഗങ്ങളില്ലെന്ന് അറസ്റ്റ് ചെയ്യപ്പെട്ട ക്രൈസ്തവര്‍ക്ക് നിയമസഹായം നല്കുന്ന പത്രാസ് സാവില്‍ പറഞ്ഞു.
കാത്തലിക് മീഡിയ സെന്ററില്‍ പ്രാര്‍ത്ഥനാകൂട്ടായ്മ നടത്തിയ പെന്തക്കോസ്തു സഭാംഗങ്ങളെയാണ് മതപരിവര്‍ത്തനം നടത്തുന്നു എന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഹൈന്ദവ മതമൗലികവാദികള്‍ പ്രാര്‍ത്ഥനാകൂട്ടായ്മക്കെതിരെ രംഗത്തെത്തിയപ്പോള്‍ ഡിവൈന്‍ വേര്‍ഡ് സൊസൈറ്റിയുടെ രക്ഷാധികാരികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ 25 വയസുള്ള യുവതിയുടെ പരാതിയെ തുടര്‍ന്നാണ്് അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് പോലീസ് ഭാഷ്യം.
തന്റെ അനുവാദമില്ലാതെ പ്രാര്‍ത്ഥനാസമ്മേളനത്തിന് മാതാപിതാക്കള്‍ കൊണ്ടുവരികയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെപരാതി. തുടര്‍ന്നാണ് പതിനൊന്ന് പേര്‍ക്കെതിരെ കുറ്റപത്രം ചുമത്തുകയും ഒമ്പതുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
ഒമ്പതുപേര്‍ ഇപ്പോള്‍ ജയിലിലാണ്. രണ്ടുപേര്‍ ഒളിവിലാണ്.