Tuesday, July 1, 2025
spot_img
More

    സിസ്റ്റര്‍ ജെസീനയുടെ മരണം; ഈ സത്യം അറിയാതെ പോകരുത്

    കന്യാസ്ത്രീമഠത്തില്‍ സ്വഭാവികമായി സംഭവിക്കുന്നവയെ പോലും തെറ്റിദ്ധരിക്കുകയും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന സ്ഥിതിഗതികള്‍ സോഷ്യല്‍ മീഡിയായുടെ അതിവ്യാപനഫലങ്ങളുടെ ദൂഷ്യഫലങ്ങളിലൊന്നാണ്. ഒരാള്‍ക്ക് തന്റെ മനസ്സില്‍ തോന്നുന്ന കുനിഷ്ഠുകള്‍ മാധ്യമധര്‍മ്മമോ സത്യസന്ധതയോ കണക്കിലെടുക്കാതെ പടച്ചുവിടാനുള്ള (ദു) സ്വാതന്ത്ര്യം സോഷ്യല്‍ മീഡിയ അനുവദിക്കുന്നുണ്ട്. കോട്ടയത്ത് സിസ്റ്റര്‍ അഭയ മരിച്ചപ്പോഴും തിരുവല്ലയില്‍ സന്യാസാര്‍ത്്ഥിനി ദിവ്യ മരിച്ചപ്പോഴും പാണന്മാര്‍ കൊട്ടിപ്പാടിയ കഥകള്‍ ഏറെ കേട്ടവരാണ് നമ്മള്‍.

    അത്തരക്കാരുടെ മുമ്പിലേക്ക് വന്നുവീണ പുതിയ അപകടമായിരുന്നു ഡോട്ടേഴ്‌സ് ഓഫ് സെന്റ് തോമസ് സന്യാസിനി സമൂഹാംഗം സിസ്റ്റര്‍ ജെസീനയുടെ അസ്വഭാവികമരണം. സോഷ്യല്‍ മീഡിയാ വഴി ഇല്ലാക്കഥകള്‍ പ്രചരിക്കുന്ന ഇക്കാലത്ത് മാനസികരോഗത്തിന് വര്‍ഷങ്ങളോളം ചികിത്സയിലായിരുന്ന സിസ്റ്ററുടെ മരണത്തിന് പിന്നിലെ അറിയാക്കഥകള്‍ തുറന്നുപറയുകയാണ് സന്യാസിനിസമൂഹം പുറപ്പെടുവിച്ച ഈ പത്രക്കുറിപ്പ്. ഇത് വായിക്കുക. സത്യം മനസ്സിലാക്കുക, കന്യാസ്ത്രീ മഠങ്ങള്‍ക്ക് നേരെ ഉളളിലെ വിഷം ചീറ്റാതിരിക്കുക.

    പത്രക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ:

    എറണാകുളം വാഴക്കാല ഡോട്ടേഴ്സ് ഓഫ് സെൻ്റ് തോമസ് (ഡി.എസ്.റ്റി) കോൺവെൻ്റിലെ അംഗമായ സിസ്റ്റർ ജെസീന തോമസ് (45) കോൺവെൻ്റിന് പിന്നിൽ ഉള്ള പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുകയും സിസ്റ്റർ ജെസീനയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാൻ പ്രാർത്ഥിക്കുകയും ഒപ്പം അവരുടെ കുടുംബാംഗങ്ങളുടെയും സമൂഹാംഗങ്ങളുടെയും വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.

    ഉജ്ജൈൻ രൂപതയിൽ ചന്ദുക്കേടി മിഷൻ സ്റ്റേഷനിൽ സേവനം ചെയ്തിരുന്ന സിസ്റ്റർ ജെസീന 2004 ഓഗസ്റ്റ് 21- ന് ഉജ്ജൈനിലെ ഡി. എസ്. റ്റി സഭയുടെ പ്രൊവിൻഷ്യൽ ഹൗസിൽ നിന്നും ഇൻ്റേണൽ ഓഡിറ്റിങ്ങിനായി വന്ന സിസ്റ്റർ സിജി കിഴക്കേപറമ്പിലിനെ തിരികെ യാത്ര അയയ്ക്കാനായി റോഡരികിൽ ബസ്സ് കാത്ത് നിൽക്കുമ്പോൾ അമിത വേഗത്തിൽ വന്ന ഒരു വാഹനം സിസ്റ്റർ സിജിയെ ഇടിച്ച് തെറിപ്പിക്കുകയും സിസ്റ്റർ സിജി തൽക്ഷണം മരണമടയുകയും ചെയ്തു. ഈ ദാരുണ സംഭവത്തിൻ്റെ ദൃക്സാക്ഷിയായ സിസ്റ്റർ ജെസീനയെ ഈ ദുരന്തം വല്ലാതെ തളർത്തിക്കളഞ്ഞു. പിന്നീട് മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചു തുടങ്ങിയ സിസ്റ്റർ ജെസീനക്ക് ഉജ്ജൈനിൽ ചികിത്സകൾ നൽകികൊണ്ടിരുന്നു. എന്നാൽ കൂടുതൽ ശ്രദ്ധയും വിദഗ്ധ ചികിത്സയും കൊടുക്കുന്നതിനായി 2011ൽ കേരളത്തിലേക്ക് കൊണ്ടുപോന്നു. കഴിഞ്ഞ 10 വർഷമായി സി. ജെസീന കാക്കനാട് കുസുമഗിരി ആശുപത്രിയിൽ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു.

    സി. ജെസീന 2009 ലും 2011 ലും ആത്മഹത്യാ പ്രവണത പ്രകടിപ്പിക്കുകയുണ്ടായപ്പോൾ അന്നത്തെ മേജർ സുപ്പീരിയേഴ്സ് മാതാപിതാക്കളെ യഥാക്രമം പാലായിലും വാഴക്കാലയിലുള്ള കോൺവെൻറുകളിലേക്ക് വിളിച്ച് വിശദവിവരം പറയുകയും 2011ൽ ചികിത്സക്കായി കുറച്ചു ദിവസം വീട്ടിൽ കൊണ്ടു പോകുകയും ചെയ്തിരുന്നു. വീട്ടിൽ അവധിക്കു പോകുമ്പോൾ ഇപ്പോൾ ഉപയോഗിക്കുന്ന മരുന്നിന്റെ വിവരങ്ങൾ മാതാപിതാക്കളെ ബോധിപ്പിക്കുകയും മരുന്നു കൊടുത്തു വിടുകയും പതിവാണ്. എറണാകുളം അതിരൂപതയിലെ വാഴക്കാല ഇടവകയിലുള്ള ഡി. എസ്. റ്റി കോൺവെൻ്റിലേക്ക് 2019 നവംമ്പർ മാസത്തിൽ ആണ് സിസ്റ്റർ ജെസീന ചികിത്സാർത്ഥം ട്രാൻസ്ഫർ ആയിവന്നത്. ഈ ലോക്ക് ഡൗൺ കാലത്ത് സിസ്റ്റർ ജെസീന ഡിപ്രഷൻ പോലുള്ള അസ്വസ്ഥത കാണിക്കുകയും അടുത്തടുത്ത് ഡോക്ടറെ കണ്ട് നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നു.

    ഇന്നലെ (ഫെബ്രു. 14, ഞായറാഴ്ച) രാവിലെ സിസ്റ്റർ ജെസീനായ്ക്ക് ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെട്ടതിനാൽ പള്ളിയിൽ പോകാതെ കോൺവെൻ്റിൽ ഇരുന്ന് വിശ്രമിക്കാൻ മദർ നിർദ്ദേശിച്ചതനുസരിച്ച് സിസ്റ്റർ ജെസീന വിശ്രമിക്കാനായി മുറിയിലേക്ക് പോയി. എന്നാൽ കുറച്ച് സമയം വിശ്രമിച്ച ശേഷം സിസ്റ്റർ ജെസീന എഴുന്നേറ്റ് അവിടെ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന രണ്ട് സിസ്റ്റേഴ്സിനു പ്രഭാത ഭക്ഷണവും 10. 30 ന് ചായയും മുറിയിൽ എത്തിച്ചു കൊടുത്തിരുന്നു. പിന്നീട് ഉച്ചയൂണിൻ്റെ സമയത്ത് സിസ്റ്റർ ജെസീനയെ കാണാതിരുന്നപ്പോൾ കോൺവെൻ്റിൽ ഉണ്ടായിരുന്ന മറ്റ് സിസ്റ്റേഴ്സ് അവരെ അന്വേഷിച്ച് മുറിയിൽ ചെന്നെങ്കിലും അവിടെയും കാണാത്തതിനാൽ കോൺവെൻ്റിലും പരിസരത്തും അന്വേഷിക്കുകയും തുടർന്നും കാണാതെ വന്നതിനാൽ മേലധികാരികളെ അറിയിക്കുകയും പിന്നീട് അവരുടെ നിർദ്ദേശപ്രകാരം പോലീസിൽ പരാതി കൊടുക്കുകയും ചെയ്തു. അതിനുശേഷമുള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വൈകുന്നേരം ആറു മണിയോടെ സി. ജെസീനയെ സമീപത്തെ പാ​റ​മ​ട​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തിയത്.

    ഞങ്ങളുടെ സഹോദരിയായ സിസ്റ്റർ ജെസീനയുടെ ആകസ്മികമായ മരണത്തിൽ വേദനിച്ചിരിക്കുന്ന ഈ വേളയിൽ മാധ്യമങ്ങളിൽ കൂടിയും സോഷ്യൽ മീഡിയവഴിയും കിവംദന്തികൾ പരത്താതിരിക്കാൻ ശ്രദ്ധിക്കണമെന്ന അപേക്ഷയോടെ,

    സി. ജ്യോതി മരിയ ഡി. എസ്. റ്റി (ഡോട്ടേഴ്സ് ഓഫ് സെൻ്റ് തോമസ് കോൺഗ്രിഗേഷൻ്റെ പി ആർ ഓ – ജനറലേറ്റ്, ഭരണങ്ങാനം)

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!