കുരിശിന്റെ നിഴല്‍ വീണ വഴിയില്‍ 21


അങ്ങയെ ഒറ്റിക്കൊടുത്ത യൂദാസിനെക്കുറിച്ച് അങ്ങയുടെ സ്‌നേഹദൂത് എഴുതിയ സുവിശേഷകന്‍ പറഞ്ഞുവച്ചിരിക്കുന്നത് ജനക്കൂട്ടം ഇല്ലാത്തപ്പോള്‍ അവനെ ഒറ്റിക്കൊടുക്കാന്‍ അവസരം പാര്‍ത്തിരുന്നു എന്നാണ്. നീ ഒറ്റയ്ക്ക് വരുന്നുണ്ടോ എന്ന് നോക്കിയിരുന്നവന്‍. ഒറ്റയ്ക്ക് വന്നാല്‍ ഒറ്റിക്കൊടുക്കാന്‍ വേണ്ടി തയ്യാറെടുത്തിരുന്നവന്‍. കര്‍ത്താവേ, ചിലപ്പോള്‍ നീ ഒറ്റയ്ക്ക് വരാന്‍ ഞാനും ആഗ്രഹിച്ചുപോകാറുണ്ട്.

കാരണം ഒറ്റയ്ക്ക് നിന്നോട് മിണ്ടാമല്ലോ. ഒറ്റയ്ക്കായിരിക്കുമ്പോള്‍ നിന്നോട് സ്‌നേഹസംഭാഷണം നടത്തണമെന്നാണ് ആഗ്രഹം. പിന്നെ നീ ഒറ്റയ്ക്ക് വരുമ്പോള്‍ എനിക്കായി നീ എന്തെങ്കിലും കൊണ്ടുവരുമെന്നും. എന്നാല്‍ ഞാന്‍ ഭയപ്പെടുന്ന ഏറ്റവും വലിയ കാര്യം നിന്നെ ഒറ്റയ്ക്ക് കിട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്ന ചില സമയങ്ങളെങ്കിലും ഒറ്റുകാരന്റെ മുഖംമൂടി ഞാനും എടുത്ത് അണിഞ്ഞിട്ടുണ്ട് എന്നതാണ്.

കര്‍ത്താവേ നീയെന്നും ഒറ്റയ്ക്കാണ് എന്റെ അടുക്കലേക്ക് വരുന്നത്.എന്നെ ഒറ്റുകാരനാക്കരുതേ എന്ന പ്രാര്‍ത്ഥനയാണെനിക്ക്. നിന്റെ സ്‌നേഹം അനുഭവിച്ചും നിന്റെ പരിലാളന ഏറ്റുവാങ്ങിയും നിന്നിലുളള വിശ്വാസം ഊതിയുറപ്പിച്ചും കടന്നുപോയ ദിനങ്ങളില്‍ നിന്ന് ഒറ്റുകാരനിലേക്കുള്ള ദൂരം വളരെ ഹ്രസ്വമായിരുന്നുവെന്ന് ഒറ്റുകാരന്‍ യൂദാസ് ഓര്‍മ്മപ്പെടുത്തുകയാണ്.

അയാള്‍ അറിയാതെ പതുക്കെ പതുക്കെ ഒറ്റുകാരനായി രൂപാന്തരപ്പെടുകയായിരുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ കരുതിയിരുന്നില്ലെങ്കില്‍ ആര്‍ക്കും എപ്പോഴുംസംഭവിക്കാവുന്ന ഈ ഒരു അപകടത്തെയാണ് ഈ ഒരു സംഭവം എന്നെ ഓര്‍മ്മപ്പെടുത്തുന്നത്. ഒറ്റയ്ക്ക് അങ്ങനെ കാത്തിരിക്കുമ്പോള്‍ ഒറ്റികൊടുക്കാനുള്ള ഓര്‍മ്മകള്‍, ചിന്തകള്‍, പ്രലോഭനങ്ങള്‍ ജീവിതത്തിലേക്ക് കടന്നുവരുമെന്ന് അങ്ങ് എന്നെ ഓര്‍മ്മപ്പെടുത്തുന്നു.

കര്‍ത്താവേ എന്റെ പ്രിയപ്പെട്ടവരുടെ കൂടെയിരുന്ന് അങ്ങയെ കാത്തിരിക്കുവാന്‍ അവിടുന്നെനിക്ക് അനുഗ്രഹം നല്കിയാലും ഞാന്‍ വല്ലാതെ ഒറ്റപ്പെട്ട് പോകുമ്പോള്‍ ഒറ്റിക്കൊടുക്കുമോയെന്ന ഭയം എന്റെ ഉള്ളിലും കയറിവരുന്നു.

കര്‍ത്താവേ കൂട്ടായിരുന്ന് നിന്നെ കാത്തിരിക്കുവാനുളള കൃപ ഞങ്ങള്‍ക്കെല്ലാവര്‍ക്കും നീ നല്കിയാലും.
ഫാ. ടോമി എടാട്ട്‌

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates