പ്രസ്റ്റണ്‍; തിരുവചനത്തിനായി നാം ഹൃദയങ്ങള്‍ കൊടുക്കണമെന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍.
ദൈവഹിതമായിരിക്കണം നമ്മുടെ ഭക്ഷണം. എന്റെ ഭക്ഷണം പിതാവിന്റെ ഹിതം പൂര്‍ത്തിയാക്കുക എന്നതാണ് എന്നാണ് ഈശോ പറയുന്നത്.
ദൈവത്തിന്റെ ഹിതം മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുന്നവയാണ് തിരുവചനം. ആ ദൈവഹിതത്തോട് നാം ഒന്നായിത്തീരുമ്പോള്‍ മാത്രമേ നാം തിരുസഭയുടെ, മിശിഹായുടെ ശരീരത്തിന്റെ ഭാഗമായിത്തീരുകയുള്ളൂ. ദൈവമക്കളായി ജീവിക്കാന്‍ സാധിക്കുകയുള്ളൂ, പരിശുദ്ധാത്മാവിന്റെ ആലയമായിത്തീരാന്‍ സാധിക്കുകയുള്ളൂ. ദൈവഹിതത്തോട് ഐക്യപ്പെട്ട് തിരുസഭയുടെ ഭാഗമായിത്തീരാനുള്ള കൃപയ്ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.
സങ്കീര്‍ത്തനം 23 ല്‍ നാം ഇങ്ങനെ വായിക്കുന്നു. കര്‍ത്താവ് എന്റെ ഇടയനാണ്. എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. നമുക്ക് വേണ്ടതെല്ലാം നല്കുന്നത് ഇടയനാണ്. ഈശോ പറയുന്നതും ഞാന്‍ നല്ല ഇടയനാണെന്നാണ്. നല്ല ഇടയന്റെ സവിശേഷതയാണ് ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുക എന്നത്. നല്ല ഇടയനായ വചനമായ,വചനം മാംസമായ ഈശോയുടെ സ്വരം ശ്രവിക്കുക വഴിയായിട്ടാണ് ഏതെങ്കിലും ഒരു വ്യക്തി ആട്ടിന്‍കൂട്ടത്തിന്റെ ഭാഗമാകുന്നത്.
ഒരു തൊഴുത്തും ഇടയനും എന്ന് നാം പലപ്പോഴും പറയാറുണ്ട്. ആട്ടിന്‍പറ്റവും ഇടയനും ഒന്നായിത്തീരുന്ന അനുഭവം ദൈവസ്വരം ശ്രവിക്കുകവഴിയായിട്ടാണ് സംഭവിക്കുന്നത്. ദൈവസ്വരം ശ്രവിക്കുന്ന ആളുകള്‍ മാത്രമേ ആട്ടിന്‍കൂട്ടത്തിന്റെ ഭാഗമായിത്തീരുകയുള്ളൂ. ദൈവവചനത്തിന്റെ ശക്തി സൃഷ്ടിപരമാണ്. അതിനെ ചെറുത്തുനില്ക്കാന്‍ ഒന്നിനും സാധിക്കുകയില്ല.
കര്‍ത്താവാണ് ഹൃദയങ്ങളെ രൂപപ്പെടുത്തുന്നത്. തിരുവചനത്തിനായി ഹൃദയം നല്കുമ്പോഴാണ് അനുസരിക്കുന്ന ഹൃദയം ദൈവം രൂപപ്പെടുത്തുന്നത്. കര്‍ത്താവിന്റെ സ്വരം ശ്രവിക്കുക വഴി ആട്ടിന്‍കൂട്ടത്തിന്റെ ഭാഗമായിത്തീരാന്‍ കഴിയും. നമ്മള്‍ തിരിച്ചരിയേണ്ട ഒരു കാര്യമുണ്ട് ഈശോ പറഞ്ഞതുപോലെ ഈ തൊഴുത്തില്‍പെടാത്ത ആടുകളും എനിക്കുണ്ട്.
ഓരോ മനുഷ്യനും വേണ്ടിയാണ് ഈശോ മനുഷ്യനായി അവതരിച്ചത്. കുരിശില്‍ ബലിയായത്. അതുകൊണ്ട് ഓരോ വ്യക്തിയെയും സഹോദരനായി കാണാന്‍ കഴിയണം. പിതാവിന്റെ അതേ ഹൃദയമാണ് ഈശോയ്ക്കുള്ളത്. പിതാവിന് എല്ലാവരും മക്കളാണ്. നമ്മള്‍ ഇക്കാര്യം മറ്റുള്ളവരോട് പറയുന്നില്ലെങ്കില്‍ സഹോദരന്‍ എന്ന അവസ്ഥയില്‍ നിന്ന് ഞാന്‍ മാറിപ്പോകുകയാണ്.
മിശിഹാ നമുക്കുവേണ്ടി സ്വന്തം ജീവന്‍ പരിത്യജിച്ചു എന്നതില്‍ നിന്ന് സ്‌നേഹം എന്തെന്ന് നാം അറിയുന്നു. നമ്മളും സഹോദരങ്ങള്‍ക്കുവേണ്ടി ജീവന്‍ പരിത്യജിക്കാന്‍ കടപ്പെട്ടിരിക്കുന്നു. ഈശോയോട് ഐക്യപ്പെട്ട് ബലിയായിത്തീരുമ്പോള്‍ മാത്രമേ നാം ആട്ടിന്‍കൂട്ടത്തിന്റെ ഭാഗമായിത്തീരുകയുള്ളൂ. നമ്മള്‍ സഹോദരങ്ങള്‍ക്കുവേണ്ടി ജീവന്‍ പരിത്യജിക്കാന്‍ കടപ്പെട്ടിരിക്കുന്നു. അവന്റെ സ്വരം കേള്‍ക്കാന്‍ നമുക്ക് കഴിയുന്നുണ്ടോ? നാം ആത്മശോധന നടത്തേണ്ടിയിരിക്കുന്നു.
സ്വന്തം ഇഷ്ടം അനുസരിച്ച് പോകുമ്പോഴാണ് നമ്മള്‍ തിരുസഭയില്‍ നിന്ന് അകന്നുപോകുന്നത്. അവന്റെ സ്വരം ശ്രവിക്കുന്ന ആളുകളായി നാം മാറണം. അപ്പോള്‍ ശ്രമിക്കുന്ന കാതുകള്‍ നല്കപ്പെടും. അനുസരിക്കുന്ന ഹൃദയം നല്കപ്പെടും.O