മനില: പരിശുദ്ധ കന്യാമറിയത്തിന്റെ ജനനതിരുനാളായ സെപ്തംബര്‍ എട്ട് ഫിലിപ്പൈന്‍സില്‍ പൊതു അവധി ദിനമായിരിക്കും. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടനെ ഉണ്ടാകും. 19-0 എന്ന കണക്കില്‍ വോട്ടെടുപ്പ് നടത്തിയാണ് സെനറ്റ് ഇത് പാസാക്കിയിരിക്കുന്നത്.
പ്രസിഡന്റ് റോഡ്രിഗോ ഡുറ്റെറെറ്റ് ഈ നിയമത്തില്‍ ഒപ്പു വയ്ക്കുകയാണെങ്കില്‍ ഇതോടെ പരിശുദ്ധ മറിയത്തിന്റെ പ്രധാനപ്പെട്ട രണ്ടു തിരുനാളുകള്‍ ഫിലിപ്പൈന്‍സില്‍ പൊതു അവധിദിനമായി മാറും. അമലോത്ഭവതിരുനാള്‍ ദിനമായ ഡിസംബര്‍ എട്ട് ഫിലിപ്പൈന്‍സില്‍ അവധിയാണ്.
കത്തോലിക്കാ ഭൂരിപക്ഷ രാജ്യമാണ് ഫിലിപ്പൈന്‍സ്. 1942 സെപ്തംബര്‍ 12 ന് പോപ്പ് പിയൂസ് പന്ത്രണ്ടാമനാണ് കന്യാമാതാവിനെ ഫിലിപ്പൈന്‍സിന്റെ മധ്യസ്ഥയായി പ്രഖ്യാപിച്ചത്. 105 മില്യന്‍ ജനസംഖ്യയുള്ള രാജ്യത്ത് 80 ശതമാനം കത്തോലിക്കരാണ്.
ഫിലിപ്പൈന്‍സില്‍ ക്രിസ്തുമതം എത്തിയതിന്റെ അഞ്ഞൂറാം വാര്‍ഷികം 2021 ല്‍ ആഘോഷിക്കുകയാണ്.