കഴിഞ്ഞ ദിവസങ്ങളിൽ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ചില സുഹൃത്തുക്കൾ പങ്കുവെച്ച വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ഞാനിത് എഴുതുന്നത്. ആഗോളതലത്തിൽ തന്നെ തൊഴിൽ മേഖലയിലും സാമ്പത്തിക മേഖലയിലും വലിയ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ വളരെ അധികം മാനസിക സംഘർഷങ്ങളിൽ പെട്ടുഴലുകയാണ്.ഉള്ള ജോലി എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാം. ലഭിച്ചുകൊണ്ടിരുന്ന വരുമാനം എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാം. ഈ ഒരവസ്ഥയിൽ ദൈവത്തിലുള്ള വിശ്വാസം പോലും ചോർന്നുപോകുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ വായിച്ച ഒരു പുസ്തകവും ഈ വിഷയത്തിൽ വ്യക്തമായ ചില കാര്യങ്ങൾ പ്രതിപാദിക്കുക യുണ്ടായി.
മനുഷ്യനുവേണ്ടി സ്വന്തം ജീവൻ നൽകിയ ദൈവത്തെ, എല്ലാ ശാസ്ത്രങ്ങളും രൂപപ്പെടാൻ കാരണമായ ദൈവത്തെ, ദൈവശാസ്ത്രമാകുന്ന വലയത്തിൽ ഒതുക്കാൻ ചിലർ വെമ്പൽ കൊണ്ടപ്പോൾ നാമാവശേഷമായത് ദൈവീക പദ്ധതിയാണ്.
വിശുദ്ധ പൗലോസ് കോറിന്തോസുകാർക്ക് എഴുതിയ ലേഖനത്തിൽ യേശു അവസാന അത്താഴ സമയത്ത് മനുഷ്യനുമായി ഉണ്ടാക്കിയ ഉടമ്പടി യെക്കുറിച്ച് വളരെ വ്യക്തമായി പറയുന്നു.
“അപ്രകാരം തന്നെ, അത്താഴത്തിനുശേഷം പാനപാത്രമെടുത്ത് അരുളിച്ചെയ്‌തു: ഇത് എന്‍െറ രക്‌തത്തിലുള്ള പുതിയ ഉടമ്പടിയാണ്; നിങ്ങള്‍ ഇതു പാനംചെയ്യുമ്പോഴെല്ലാം എന്‍െറ ഓര്‍മയ്‌ക്കായി ചെയ്യുവിന്‍.നിങ്ങള്‍ ഈ അപ്പം ഭക്‌ഷിക്കുകയും ഈ പാത്രത്തില്‍നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കര്‍ത്താവിന്‍െറ മരണം, അവന്‍െറ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.”1 കോറിന്തോസ് 11 : 25-26
യേശുവിന്റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്തു സജീവമായി നിലനിൽക്കണമെന്ന് ഏറെക്കാലം യേശുവിനേയും സഭയേയും പീഡിപ്പിച്ച സാവുൾ ആയിരുന്ന പൗലോസ് ഇവിടെ വ്യക്തമാക്കുന്നു.
കാരണം യേശുവിന്റെ രക്തത്തിന്റെ വില അദ്ദേഹം അനുഭവിച്ചറിഞ്ഞു.
എന്നാൽ കാലത്തിനനുസരിച്ച് കോലം മാറാനുള്ള പ്രവണത ആരാധനാക്രമത്തിലും ആത്മീയ ജീവിതത്തിലും ഉൾചേർത്തപ്പോൾ യേശുവിൻറെ രക്തം അപമാനിക്കപ്പെട്ടു. അസൗകര്യങ്ങളുടെ പേരുപറഞ്ഞ് യേശുവിൻറെ തിരുരക്തം ദിവ്യബലിയിൽ പങ്കെടുക്കുന്നവർക്ക് നൽകുന്നതിൽനിന്ന് ബലിയർപ്പകർ സൗകര്യപൂർവ്വം പിന്മാറിയപ്പോൾ യേശുവിന്റെ അവസാന ആഗ്രഹം തമസ്ക്കരിക്കപ്പെട്ടു..
വിശുദ്ധ കുർബാന കൈകളിൽ കൊടുക്കാൻ തുടങ്ങിയതോടെ പലരും അത് പോക്കറ്റിലിട്ടു കൊണ്ടുപോയി സാത്താൻ സേവകർക്ക് കൊടുത്തു പണമുണ്ടാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി.
ഗൾഫിൽ നിന്നും സംസാരിച്ച വ്യക്തി പെസഹ വ്യാഴാഴ്ച വിശുദ്ധ കുർബാനയ്ക്കിടയിൽ ദിവ്യകാരുണ്യം കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച ഒരമ്മയേയും മകളേയും കയ്യോടെ പിടിച്ച കാര്യം പറയുകയുണ്ടായി.
ഇത് കേട്ടപ്പോൾ വളരെ വേദന തോന്നി. വിശുദ്ധ കുർബാനയുടെ ശക്തിയറിയാതെ ദിവ്യകാരുണ്യത്തെ വെറും അപ്പക്കഷണമായി കാണുന്നവർ. സാമ്പത്തികഞെരുക്കം അനുഭവിക്കുന്നവർ, തൊഴിലില്ലാതെ പ്രയാസപ്പെടുന്നവർ, രോഗികളായി ജോലിക്ക് പോകാൻ കഴിയാതെ വിഷമിക്കുന്നവർ, ഇങ്ങനെ വിവിധ രീതിയിൽ പ്രതിസന്ധിയിലായവരെ കണ്ടെത്തി അവരുടെ ഭവനങ്ങളിൽ പതിവായി പോകുകയും അവരോടൊപ്പം സമയം ചിലവഴിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും അവരോട് വചനം പങ്കുവയ്ക്കുകയും ചെയ്തു അകത്തോലിക്കാ വിഭാഗങ്ങൾ അവരെ തങ്ങളുടെ സ്വാധീനവലയത്തിൽ ആക്കുകയും, കത്തോലിക്കാ സഭയിൽ നിന്നും അടർത്തിമാറ്റി അവരുടെ കൂട്ടായ്മയിൽ ചേർക്കുകയും ചെയ്യുന്നു.
ഇപ്രകാരം മാമോദിസ വെള്ളം തലയിൽ വീണു എന്ന് അവകാശപ്പെടുന്ന വലിയൊരു സമൂഹം കത്തോലിക്കാ വിശ്വാസം ഉപേക്ഷിച്ചു ച്ച മറ്റു സഭാ വിഭാഗങ്ങളുടെ കൂടുകളിൽ ചേക്കേറുന്നു.
കേരളത്തിൽ ചില സ്ഥലങ്ങളിൽ പകർച്ചവ്യാധികളുടെ രൂപത്തിൽ പൈശാചിക ശക്തികൾ ശക്തമാകുമ്പോൾ മറ്റു ചില ജില്ലകളിൽ സഭ തന്നെ പ്രതിസന്ധിയിലാകുന്നു. കോടതി വ്യവഹാരങ്ങളും കേസുകളും അപാദങ്ങളും അവഹേളനങ്ങളും അടിക്കടി ഉണ്ടാകുന്നു. പത്രങ്ങളിലും ചാനലുകളിലും ദിനംപ്രതി സഭയും സംവിധാനങ്ങളും അവഹേളിക്കപ്പെടുന്നു.
അൾത്താരയിൽനിന്ന് എന്നുമുതൽ യേശുവിൻറെ തിരുരക്തം അവമതിക്കപ്പെടുന്ന രീതിയിൽ ബലിയർപ്പണം മാറിയോ അന്നുമുതൽ സമൂഹത്തിൽ തിന്മയുടെ ശക്തികൾ പ്രബലമാക്കപ്പെട്ടു.സാത്താൻ സേവകർ ശക്തരായി.
ഇടവക നയിക്കുന്ന പുരോഹിതനും ഇടവകയിൽ സേവനം ചെയ്യുന്ന സന്യസ്തർക്കും ഇടവകയിലെ ദൈവജനത്തെ സന്ദർശിക്കാനും അവരുടെ പ്രയാസങ്ങൾ മനസ്സിലാക്കാനും അവരോടൊപ്പം സമയം ചിലവഴിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനും വചനം പങ്കുവെച്ചു നൽകാനും സമയം ഇല്ലാതായപ്പോൾ, താല്പര്യമില്ലാതായപ്പോൾ അവമതിക്കപ്പെടുന്ന തും അവഹേളിക്കപ്പെട്ടതും യേശുവും യേശുവിന്റെ വചനങ്ങളുമാണ്. ലോകം മുഴുവൻ സുവിശേഷം അറിയിക്കുക എന്ന ദൗത്യം തമസ്കരിക്കപ്പെട്ടപ്പോൾ ഇടവകകൾ ശിഥിലമായി. കൗമാരക്കാരും യുവജനങ്ങളും നാമമാത്ര കത്തോലിക്കരായി.
വിശ്വാസത്തിൽ നിന്ന് പിന്നോക്കം പോയി. മദ്യത്തിനും മയക്കുമരുന്നിനും ലഹരിവസ്തുക്കളുടെയും അടിമകളായി. ആരാധന ജീവിതം നാമാവശേഷമായി. ഇതെല്ലാം മുതലെടുത്തുകൊണ്ട് പെന്തക്കോസ്ത് സഭാ വിഭാഗങ്ങൾ ശക്തിപ്പെട്ടുവരുന്നു. കത്തോലിക്കാ വിശ്വാസികളെ ചുണ്ടയിട്ട്പിടിക്കുന്നു. അവരുടെ പ്രാർത്ഥനാലയങ്ങൾ വർദ്ധിച്ചുവരുന്നു നാട്ടിലും ഗൾഫിലും. ഇതിനെല്ലാം വളംവെച്ചു കൊടുക്കുന്നത് കത്തോലിക്കാ സഭയിലെ നേതൃത്വം തന്നെയാണ് എന്ന് പറയാതിരിക്കാനാവില്ല.
സുവിശേഷത്തിന് സാക്ഷ്യമാകേണ്ടവർ സുവിശേഷ വിരുദ്ധമായ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിനു മുഴുവൻ എതിർ സാക്ഷ്യമായി നിലകൊള്ളുമ്പോൾ സഭ വിട്ടു പോകുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ഇതിൽ ആശങ്കപ്പെടേണ്ടിയിരിക്കുന്നു .എല്ലാ പാപങ്ങളും നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് യേശു കാൽവരിയിൽ രക്തം ചിന്തിയത്. തന്റെ ശരീരത്തിന്റെ ഭാഗമാണ് രക്തം എന്നറിഞ്ഞിട്ടും എന്തുകൊണ്ട് യേശു അപ്പത്തിന്റേയും വീഞ്ഞിന്റെയും സാദൃശ്യത്തിൽ തന്റെ ശരീരവും രക്തവും പങ്കുവെക്കാൻ തയ്യാറായി എന്നും ചിന്തിക്കേണ്ടതുണ്ട്.
എന്റെ ഇടവക പള്ളിയിൽ സാധാരണ ദിവസങ്ങളിലെങ്കിലും അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യത്തിൽ യേശുവിന്റെ ശരീരവും രക്തവും നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ബഹുമാനപ്പെട്ട വികാരിയച്ചൻ പറഞ്ഞത് ശരീരത്തിൽ രക്തം ഉണ്ടല്ലോ അതു കൊണ്ട് അപ്പം മാത്രം നൽകിയാൽ മതിയെന്ന്.
ദൈവശാസ്ത്രം അനുസരിച്ച് അത് ശരിയാണെന്നും. (യേശുവിന് ഇല്ലാതെ പോയ ഒന്നാണ് ഈ ദൈവശാസ്ത്ര ചിന്ത. അതു കൊണ്ടാണല്ലോ അദ്ദേഹം പാടു പീഡകൾ സഹിച്ച് കാൽവരിയിൽ രക്തം ചിന്തി കുരിശിൽ തൂങ്ങിയത്)
ഇതോടൊപ്പം സന്തോഷപൂർവ്വം പങ്കുവെക്കാനാഗ്രഹിക്കുന്ന ഒരു കാര്യം കഴിഞ്ഞ ദിവസങ്ങളിൽ താമരശ്ശേരി രൂപതയിൽപ്പെട്ട കോടഞ്ചേരി പള്ളിയിൽ ഞായറാഴ്ച വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധിച്ചു . പള്ളി അകം തിങ്ങിനിറഞ്ഞ് വിശ്വാസികൾ ദിവ്യബലിയിൽ പങ്കെടുക്കുന്നു .മൂന്ന് വൈദികർ ഉൾപ്പെടെ പത്ത് പേരാണ് വിശുദ്ധ കുർബാന എഴുന്നള്ളിച്ച് നൽകിയത്. അപ്പത്തിന്റെയും വീഞ്ഞിന്റേയും സാദൃശ്യത്തിൽ. ദേവാലയത്തിൽ ഉണ്ടായിരുന്ന എല്ലാവർക്കും ഇപ്രകാരം രണ്ട് സാദൃശ്യത്തിലും വിശുദ്ധ കുർബാന സ്വീകരിക്കാൻ സാധിച്ചു.
അടുത്ത ദിവസം തന്നെ നെല്ലിപ്പൊയിൽ ഇടവകയിലും ദിവ്യബലിയിൽ സംബന്ധിക്കാൻ അവസരമുണ്ടായി. ഒരു ഇടദിവസമായിരുന്നു ഇവിടെ ബലിയിൽ പങ്കെടുത്തത്. സാധാരണ ദിവസമായിരുന്നിട്ടും ഇവിടെ ദേവാലയം നിറച്ചും വിശ്വാസികളെ കാണാനിടയായി. മാത്രമല്ല ഇവിടെയും ഏതാണ്ട് മുന്നൂറോളം വരുന്ന വിശ്വാസികൾക്ക് ബലിയർപ്പിച്ച പുരോഹിതൻ തന്നെയാണ് അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യത്തിൽ ദിവ്യകാരുണ്യം എഴുന്നള്ളിച്ചു നൽകിയത്
വിശുദ്ധ കുർബാന വിശുദ്ധമായി പരികർമ്മം ചെയ്യേണ്ടതും യേശു കല്പിച്ചതുപോലെ വിശ്വാസികൾക്ക് പങ്കുവെച്ച് നൽകേണ്ടതുമാണ്. പിതാവുമായി എന്നും ഒന്നു ചേർന്നിരുന്ന യേശുവിന്റെ അവസാന ആഗ്രഹവും അതിലേറെ കൽപ്പനയുമാണ്.) അത് ദൈവശാസ്ത്രമെന്ന പഞ്ചസാരയിൽ പൊതിഞ്ഞ് മാറ്റംവരുത്തിയപ്പോൾ നഷ്ടപ്പെട്ടത് സുവിശേഷ മൂല്യങ്ങളാണ്.
വിദേശരാജ്യങ്ങളിലെ കത്തോലിക്കാ വിശ്വാസികൾ ഒന്നുചേരുമ്പോൾ ചാനലുകളിലും പത്രങ്ങളിലും വരുന്ന വാർത്തകളാണ് ചർച്ചാവിഷയമാകുന്നത് എന്ന് സുഹൃത്ത് പറയുകയുണ്ടായി.ഇത്തരം ചർച്ചകൾ പലരെയും വിശ്വാസ ജീവിതത്തിൽ നിന്ന് പിന്നോട്ട് നയിക്കുന്നുമുണ്ട്. ഇത് മുതലെടുത്തുകൊണ്ട് അകത്തോലിക്കാ വിഭാഗങ്ങളും സാത്താൻ സേവകരും ശക്തി പ്രാപിക്കുന്നു. അധികാരത്തിനും സമ്പത്തിനും വേണ്ടിയുള്ള വടംവലിയിൽ പങ്കു ചേർന്ന് ഇതിന് വളംവച്ചു കൊണ്ട് സഭയും പ്രവർത്തിക്കുന്നു. ഇതിനെതിരെ ദൈവസന്നിധിയിൽ മുട്ടിന്മേൽ വീണ് മുട്ടിപ്പായി പ്രാർത്ഥിക്കുന്ന ഒരു സമൂഹം ഉയർന്നു വരേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ അടുത്ത തലമുറ സാത്താൻ സേവകരുടെ പിടിയിലാകും.
സമൂഹം ശക്തമായ പൈശാചിക വലയത്തിലും.ഇവയൊന്നും ഉണ്ടാവാതിരിക്കണമെങ്കിൽ യേശുവിന്റെ രക്തത്തിന് വിലനൽകാൻ ബലിയർപ്പിക്കുന്ന പുരോഹിതർ തയ്യാറാകണം. ഇവിടെ വിശ്വാസികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്ക് പരിധിയുണ്ട് . പരിമിതിയുണ്ട്.
എന്തിനും ഏതിനും ഒഴുക്കിനൊത്ത് നീന്തുന്ന പുരോഹിതരെക്കാൾ വിശുദ്ധ പാദ്രെ പിയോയെപ്പോലെ യേശുവിനെ അറിയുകയും വചനത്തിന് മൂല്യം നൽകുകയും ചെയ്യുന്ന പുരോഹിതൻമാരെയാണ് ഇന്ന് സഭയ്ക്ക് ആവശ്യം. അതിനുള്ള കൃപ ദൈവം സമൃദ്ധമായി ചൊരിയട്ടെ,
തിരുരക്തത്തിന്റെ സംരക്ഷണത്തിനായി നമുക്ക് സമർപ്പിച്ച് പ്രാർത്ഥിക്കാം.
പ്രേംജി