നർമ്മം ചാലിച്ച വാക്കുകളിലൂടെ ചിന്തിപ്പിക്കുകയും നന്മനിറഞ്ഞ പ്രവൃത്തികളിലൂടെ മാതൃക നൽകുകയും ചെയ്ത വ്യക്തിത്വമായിരുന്നു അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. അഭിവന്ദ്യ വലിയ മെത്രാപോലീത്തയുടെ ഹൃദയനൈർമല്യവും  ലാളിത്യവും അദ്ദേഹവുമായി ഇടപെടുന്നവർക്ക് മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ചി രുന്നു. കരയുന്നവരുടെ കണ്ണുനീർ തുടയ്ക്കുമ്പോ ഴാണ് സുവിശേഷം യാഥാർത്ഥ്യമാകുന്നതെന്ന്  കാണിച്ച് തന്ന്  അനേകരിലേക്ക്  കരുതലിന്റെ  കരങ്ങൾ നീട്ടിയ മെത്രാപ്പോലീത്തയുടെ നന്മകൾ എക്കാലവും സ്മരിക്കപ്പെടുമെന്ന്  കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ ജോസ് പുളിക്കൽ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.
 തനിക്ക് ഏല്പിക്കപ്പെട്ടിരുന്ന  തിരക്കേറിയ ഉത്തരവാദിത്വങ്ങൾക്കിടയിലും  സൗഹൃദങ്ങൾ ഊഷ്മളമായി  കാത്തുസൂക്ഷിക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്ന മെത്രാപ്പോലീത്തയുടെ സ്നേഹപൂർവ്വമായ ഇടപെടലുകൾ എന്നും ഓർമ്മിക്കത്തക്കതാണെന്ന്  മുൻ  രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ അനുസ്മരിച്ചു.
 അഭിവന്ദ്യ ഡോ. തിയഡോഷ്യസ്  മാർത്തോമ്മാ മെത്രാപ്പോലീത്തയോടും മാർത്തോമ്മാ  സഭാമക്കളോടും  കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രാർത്ഥന വാഗ്ദാനം ചെയ്യുകയും വേർപാടിന്റെ വേദനയിൽ പങ്കു ചേരുകയും ചെയ്യുന്നതായി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലും  മുൻ രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കലും  അറിയിച്ചു