ന്യൂഡെല്‍ഹി: കോവിഡ് മൂലം ഭാരതസഭയ്ക്ക് തീരാനഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് ഇന്ത്യന്‍ കറന്റ്്്സ് വാരികയുടെ എഡിറ്റര്‍ ഫാ. സുരേഷ് മാത്യു കപ്പൂച്ചിന്‍. മെയ് 22 ന് പുറപ്പെടുവിച്ച ലിസ്റ്റ് പ്രകാരം കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തില്‍ സഭയ്ക്ക് നഷ്ടമായിരിക്കുന്നത് 181 വൈദികരെയും 166 കന്യാസ്ത്രീകളെയുമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
രൂപതാ വൈദികരും സന്യാസ വൈദികരുമായി ഇന്ത്യയ്ക്കുള്ളത് 30,000 വൈദികരാണ്. കന്യാസ്ത്രീകളാകട്ടെ 103,000 അടുപ്പിച്ചുവരും. ഈ കണക്കില്‍ താരതമ്യപ്പെടുത്തിയാല്‍ വൈദികരുടെ കോവിഡ് മരണനിരക്ക് വളരെ ഉയര്‍ന്ന തോതിലാണ്.
ഈ ലിസ്റ്റ് അനുസരിച്ച് തൃശൂര്‍ അതിരൂപതയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ രൂപതാ വൈദികരുടെ കോവിഡ് മരണം സംഭവിച്ചിരിക്കുന്നത്. 9. ബാംഗ്ലൂര്‍ അതിരൂപതയും ഗുണ്ടൂര്‍ രൂപതയ്ക്കും നാലു വൈദികരെ വീതം നഷ്ടമായി. 399 സന്യാസസഭകളിലെ 26 സമൂഹങ്ങളില്‍ നിന്ന് 94 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇതില്‍ ഈശോസഭയ്ക്കാണ് ഏറ്റവും കൂടുതല്‍ കോവിഡ് മരണം സംഭവിച്ചിരിക്കുന്നത്. 36. സിഎംഐ സഭയില്‍ നിന്ന് എട്ടും സൊസൈറ്റി ഓഫ് ഡിവൈന്‍ വേര്ഡിന് ഏഴും വൈദികരെ നഷ്ടമായി. സന്യാസിനിസമൂഹത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണം സംഭവിച്ചിരിക്കുന്നത് മിഷനറീസ് ഓഫ് ചാരിറ്റിക്കാണ്, 14 പേര്.
ഭൂരിപക്ഷം വൈദികരും 50 വയസില്‍ താഴെയുള്ളവരാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. മിനിസ്ട്രിയില്‍ സജീവമായി ഇടപെട്ടിരിക്കുന്നവരായിരുന്നു അവരെല്ലാവരും. സിസ്റ്റേഴ്സ് രോഗബാധിതരായത് ഹോസ്പിറ്റല്‍ ഡ്യൂട്ടിക്കിടയിലായിരിക്കാം വൈദികര്‍ സംസ്കാരച്ചടങ്ങുകളില്‍ നിന്നും. പല വൈദികരും വിദൂരദേശങ്ങളിലാണ് മിനിസ്ട്രി ചെയ്തിരുന്നത്. അവരില്‍ പലര്‍ക്കും മെച്ചപ്പെട്ട ആശുപത്രിയില്‍ നിന്ന് ചികിത്സ ലഭിച്ചി്ട്ടുമില്ല. ദരിദ്രരായ ആളുകള്‍ക്കിടയിലാണ് മരിച്ച കന്യാസ്ത്രീകളും വൈദികരും സേവനം അനുഷ്ഠിച്ചിരുന്നത്. അവര്‍ക്ക് മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സൗകര്യം ലഭിച്ചില്ല. അവര്‍ ആര്‍ക്കുവേണ്ടി ജീവിച്ചുവോ അവരെ പോലെ മരിച്ചു. എന്നാല്‍ ഇതിനൊപ്പം തന്നെ വൈദികരും കന്യാസ്ത്രീകളും രോഗവാഹകരായതില് അശ്രദ്ധയുമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. പല വൈദികരും മാസ്ക്ക് ധരിക്കുന്നതിലും സാനിറ്റൈസ് ചെയ്യുന്നതിലും അശ്രദ്ധരായിരുന്നുവെന്നും അദ്ദേഹം പറയുന്നു,കോവിഡ് നിര്‍ദ്ദേശങ്ങള്‍ അവര്‍ നിസ്സാരമായി എടുത്തു. ജീവന് ദൈവികദാനമാണ്. നമ്മുടെ ജീവനെ കാത്തുസൂക്ഷിക്കാത്തത് ഗൗരവതരമായ കുറ്റമാണ്. ഫാ. സുരേഷ് മാത്യു നിരീക്ഷിക്കുന്നു.