ജീവിതം ക്ഷണികമാണ്. എത്ര സമ്പത്ത് സ്വരുക്കൂട്ടിവച്ചാലും ദൈവം വിളിക്കുമ്പോള്‍ പോകാതിരിക്കാനാവില്ല നമുക്കാര്‍ക്കും. പക്ഷേ ഇങ്ങനെയൊക്കെ ആയിരുന്നിട്ടും മറ്റുള്ളവരെ സാമ്പത്തികമായി സഹായിക്കാന്‍ മടിയുള്ളവരും സഹായം ചോദിക്കുന്നവരില്‍ നിന്ന് മുഖം തിരിക്കുന്നവരുമാണ് നമ്മളില്‍ ഭൂരിപക്ഷവും.
വായ്പ ചോദിക്കുന്നവര്‍ക്ക് നാം പലപ്പോഴും വായ്പയായിട്ടുപോലും സഹായം നല്കാറില്ല. എന്നാല്‍ മറ്റുള്ളവരെ അവരുടെ ആവശ്യങ്ങളില്‍ സാമ്പത്തികമായി സഹായിക്കുന്നതും വായ്പ കൊടുക്കുന്നതും നമ്മുടെ മക്കള്‍ അനുഗ്രഹിക്കുന്നതിന് കാരണമായി മാറാറുണ്ട്. വിശുദ്ധ ഗ്രന്ഥം അത് ഉറപ്പുവരുത്തുന്നുമുണ്ട്
അവന്‍ എപ്പോഴും ഉദാരമായി ദാനം ചെയ്യുകയും വായ്പ കൊടുക്കുകയും ചെയ്യുന്നു. അവന്റെ സന്തതി അനുഗ്രഹത്തിന് കാരണമാകും.( സങ്കീ 37:26)
നമ്മുടെ മക്കള്‍ അനുഗ്രഹിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ മറ്റുള്ളവരെ അവരുടെ ആവശ്യങ്ങളില്‍ സഹായിക്കുക. എത്രയോ കുടുംബങ്ങളുണ്ട് സാമ്പത്തികമായി ബുദ്ധിമുട്ടില്‍ കഴിയുന്നവരായിട്ട്. ജോലിയുള്ളവര്‍ക്കുപോലും ലോണുകളുടെയും മക്കളുടെ വിദ്യാഭ്യാസചെലവിന്റെയും കാര്യമോര്‍ത്ത് ഉള്ളില്‍ തീയാണ്. അങ്ങനെയെങ്കില്‍ വരുമാനം ഇല്ലാത്തവരുടെ കാര്യം പറയാനുണ്ടോ?
വായ്പ ചോദിക്കുന്നവരില്‍ നിന്ന് ഒഴിഞ്ഞുമാറാതിരിക്കാനും ബൈബിള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇതിന് പുറമെ ലൂക്ക 6:38 നമ്മെ മറ്റൊരു കാര്യം കൂടി ഓര്‍മ്മിപ്പിക്കുന്നുണ്ട്.
കൊടുക്കുവിന്‍ നിങ്ങള്‍ക്കും കിട്ടും. അമര്‍ത്തിക്കുലുക്കി നിറച്ചളന്ന് അവര്‍ നിങ്ങളുടെ മടിയില്‍ ഇട്ടുതരും. നിങ്ങള്‍ അളക്കുന്ന അളവു കൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും.
അതെ കൊടുക്കുക, നാം അനുഗ്രഹിക്കപ്പെടുക തന്നെ ചെയ്യും.