ഒഡീഷ: ക്രൈസ്തവരെ അവരുടെ വിശ്വാസത്തിന്റെ പേരില്‍ ഹൈന്ദവര്‍ പീഡിപ്പിക്കുകയും ഗ്രാമം വിട്ടുപോകാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. നിരവധി ക്രൈസ്തവഭവനങ്ങള്‍ ആക്രമിക്കപ്പെടുന്നു. ജീവരക്ഷാര്‍ത്ഥം ക്രൈസ്തവര്‍ വനങ്ങളില്‍ അഭയം തേടിയിരിക്കുകയാണ്.. ഒഡീഷയിലെ റായഗാഡ ജില്ലയിലെ സിക്കാപ്പായി ഗ്രാമത്തിലാണ് സംഭവം. ഒന്നുകില്‍ ക്രൈസ്തവവിശ്വാസം ഉപേക്ഷിക്കുക. അല്ലെങ്കില്‍ ഗ്രാമം വിട്ടുപോകുക. ഇതാണ് ഹൈന്ദവതീവ്രവാദികളുടെ ഭീഷണി. വിശ്വാസം ഉപേക്ഷിക്കാന്‍ തയ്യാറല്ലാത്തവര്‍ ആക്രമണങ്ങളെ ഭയന്ന് വനത്തില്‍ അഭയം തേടിയിരിക്കുകയാണ്. കട്ടക്-ഭൂവനേശ്വര്‍ അതിരൂപതയിലെ ഫാ. പുരുഷോട്ടം നായക് പറഞ്ഞു. ക്രൈസ്തവര്‍ സംഭവത്തെക്കുറിച്ച് പോലീസില്‍ പരാതി നല്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 32 ഹൈന്ദവകുടുംബങ്ങളാണ് ഗ്രാമത്തിലുള്ളത്. എട്ടു ക്രൈസ്തവ കുടുംബങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്. ക്രൈസ്തവ യുവതികളെ ആക്രമിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വെള്ളം കോരാന്‍ പോയ സ്ത്രീകളാണ് ആക്രമിക്കപ്പെട്ടത്. വെള്ളം കോരാന്‍ അനുവദിക്കാതെ അവരെ നിര്‍ബന്ധപൂര്‍വ്വം തിരിച്ചയച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ഭീഷണികള്‍ക്ക് നടുവിലും ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുകയാണ്. ഒഡീഷയില്‍ ക്രൈസ്തവര്‍ക്ക് നേരെയുളള കലാപം പുതിയതൊന്നുമല്ല. മനുഷ്യമനസ്സാക്ഷിയെ തന്നെ നടുക്കിയ കാണ്ടമാല്‍ കലാപം നടന്നത് ഇവിടെയായിരുന്നു. 2008 ല്‍ നടന്ന ആ കലാപത്തില്‍ ഏഴു പേര്‍ കൊല്ലപ്പെടുകയും ആയിരങ്ങള്‍ക്ക് വീടുകള്‍ നഷ്ടമാകുകയും പതിനായിരങ്ങള്‍ പലായനം ചെയ്യുകയും ചെയ്തിരുന്നു.