Friday, November 22, 2024
spot_img
More

    മൂന്നാം ദിവസം-22-02-2022-വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ ക്രമമനുസരിച്ചുള്ള ദൈവമാതാവിന്റെ വിമല ഹൃദയ പ്രതിഷ്ടാ ഒരുക്കം

    ==========================================================================

    33 ദിവസത്തെ സമ്പൂർണ വിമലഹൃദയ പ്രതിഷ്ഠക്കുള്ള നിർദ്ദേശങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

    ആദ്യ പന്ത്രണ്ട് ദിവസങ്ങളിലെ വിമലഹൃദയ പ്രതിഷ്ഠ ഒരുക്ക പ്രാർത്ഥനകൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

    ==========================================================================

    മൂന്നാം ദിവസം

    ആദ്യഘട്ടംലോകാരൂപിയെ ഉപേക്ഷിക്കുക

    താഴെ നൽകിയിരിക്കുന്ന വിമലഹൃദയ പ്രതിഷ്ഠാ ഒരുക്ക വായനകളും വിചിന്തനവും (ഓരോരുത്തരും തങ്ങളുടെ സമയലഭ്യതയും സാഹചര്യവുമനുസരിച്ച് ഒരുമിച്ചോ വിഭജിച്ചോ വായിക്കുക)

    1. ക്രിസ്താനുകരണ വായന

    വിശുദ്ദ്ധ,പിതാക്കന്മാരുടെ ദൃഷ്ടാന്തങ്ങൾ.

    സാക്ഷാത്തായ പരിപൂർണ്ണതയും ദൈവഭക്തിയും പ്രശോഭിച്ചിരുന്ന വിശുദ്ധ പിതാക്കന്മാരുടെ മഹത്തായ ദൃഷ്ടാന്തങ്ങൾ വീക്ഷിക്കുക. നാം എത്ര തുച്ഛമാണു ചെയ്യുന്നത്! ഒന്നും തന്നെ ചെയ്യുന്നില്ലെന്നു വേണം പറയാൻ.
    നമ്മുടേയും അവരുടെയും ജീവിതം തമ്മിൽ താരതമ്യപ്പെടുത്തി നോക്കിയാൽ നമ്മുടേന്താണ്?
    വിശപ്പിലും ദാഹത്തിലും തണുപ്പിലും നഗ്നതയിലും, അദ്ധ്വാനത്തിലും, ക്ഷീണത്തിലും, ഉറക്കമൊഴിവിലും, ഉപവാസങ്ങളിലും, പ്രാർത്ഥനകളിലും, ധ്യാനങ്ങളിലും, പീഡനങ്ങളിലും അപമാനങ്ങളിലും പുണ്യവാന്മാരും ക്രിസ്തുവിന്റെ സ്നേഹിതന്മാരും കർത്താവിനെ ശുശ്രൂഷിച്ചു!

    അപ്പസ്തോലരും രക്തസാക്ഷികളും,വന്ദര്യരും, കന്യകകളും, ക്രിസ്തുവിന്റെ തൃച്ചേവടി പിന്തുടരാൻ ആഗ്രഹിച്ച ശേഷമെല്ലാവരും, എത്രയേറെ അരിഷ്ടതകളും കഷ്ടതകളും സഹിച്ചു!
    നിത്യജീവൻ കൈവശമാക്കാൻ അവർ ഈ ലോകത്തിൽ തങ്ങളെത്തന്നെ വെറുത്തു കൊണ്ടിരുന്നു.
    വിശുദ്ധ പിതാക്കൻമാർ മരുഭൂമിയിൽ എത്ര നിഷ്ക്കളങ്കവും പരിത്യാഗാത്മകവുമായ ജീവിതമാണു നയിച്ചിരുന്നത്! എത്ര ദീർഘവും കഠിനവുമായ പരീക്ഷകൾ അവർക്കുണ്ടായിരുന്നു! എത്രയോ പ്രാവശ്യം ശത്രു അവരെ ദ്രോഹിച്ചു! എത്രയോ പ്രാവിശ്യം തീഷ്ണതയോടെ അവർ ദൈവത്തിന് പ്രാർത്ഥനകൾ സമർപ്പിച്ചു. അവർ അനുഷ്ഠിച്ചിരുന്ന ത്യാഗങ്ങൾ എത്രയോ ഭയങ്കരം! അദ്ധ്യാത്മിക പുരോഗതിക്കു വേണ്ടി അവർ എന്തുമാത്രം തീഷ്ണതയും ഉത്സാഹവും പ്രദർശിപ്പിച്ചിരുന്നു! ദുർഗ്ഗുണങ്ങളെ കീഴടക്കാൻ എത്ര വീറോടെയാണ് അവർ പോരാടിയിരുന്നത്! ദൈവത്തോടുള്ള ചുമതലകൾ നിർവ്വഹിക്കുന്നതിൽ അവരുടെ നിയോഗം എത്ര നിഷ്ക്കളങ്കവും പാവനവുമായിരുന്നു.
    പകൽ മുഴുവനും അവർ അദ്ധ്വാനിച്ചുപോന്നു: രാത്രിക്കാലം ദീർഘമായ പ്രാർത്ഥനകളിൽ മുഴുകി. ജോലി സമയത്തു പോലും അവർ ധ്യാനനിരതരായിരുന്നു.

    സമയം മുഴുവനും അവർ ഫലസംദായകമാം വിധം വിനിയോഗിച്ചു. ദൈവത്തോടുകൂടെ കഴിച്ചിരുന്ന മണിക്കൂറുകൾ അതിവേഗം കടന്നു പോകുന്നതു പോലെ അവർക്കുതോന്നി. ധ്യാനത്തിന്റെ മാധുര്യം നിമിത്തം ഭക്ഷണം കഴിക്കുന്ന കാര്യം പോലും മറന്നു പോയിരുന്നു.
    ധനവും സ്ഥാനമാനങ്ങളുമെന്നല്ല, സ്നേഹിതരേയും ബന്ധുക്കളേയും അവർ പരിത്യജിച്ചു. ലോകത്തിലുള്ള യാതൊന്നും അവർ ആഗ്രഹിച്ചിരുന്നില്ല. ജീവിതത്തിന് അത്യാവശ്വമായവ പോലും
    ദുർല്ലഭമായിട്ടേ ഉപയോഗിച്ചിരുന്നുള്ളൂ. ശരീരത്തിന് ആവശ്യകമായ പരിചരണങ്ങൾ ചെയ്യുക കൂടി അവർക്കു വിരസമായിരുന്നു.
    ഭൗമികസമ്പത്തിനെ സംബന്ധിച്ചിടത്തോളം അവർ ദരിദ്രരായിരുന്നുവെങ്കിലും കൃപാവരത്തിലും പുണ്യത്തിലും അവർ സമ്പന്നരായിരുന്നു.
    ബാഹ്യദൃഷ്ടാ അവർക്കു പ്രയാസങ്ങളുണ്ടായിരുന്നു: എന്നാൽ ,ആന്തരികമായി അവർ കൃപാവരവും ദിവ്യശ്വാസവും കൊണ്ടു പോഷിതരായിരുന്നു.

    ലോകത്തിൽ അവർ വിദേശികളെപ്പോലെ ആയിരുന്നുവെങ്കില്ലും ദൈവത്തിന് അടുത്ത വരും ഉറ്റമിത്രങ്ങളുമായിരുന്നു.
    തങ്ങളുടെ ദൃഷ്ടിയിൽ അവർ ശൂന്യമായിരുന്നു: ലോകത്തിനു പരിഹാസപാത്രങ്ങളും: എന്നാൽ, ദൈവദൃഷ്ടിയിൽ അവർ അമൂല്യരും സംപ്രീതരുമായിരുന്നു.
    യഥാർത്ഥമായ എളിമയിൽ അവർ ജീവിച്ചു. നിഷ്കപടമായ അനുസരണയിൽ അവർ കഴിഞ്ഞുകൂടി: സ്നേഹത്തോടും ക്ഷമയോടും കൂടെ അവർ മുന്നോട്ടു നീങ്ങി :അതുകൊണ്ട് ആത്മീയമായി അവർ പുരോഗമിച്ചു. ദൈവത്തിന്റെ മുമ്പാകെ കൃപാവരസമൃദ്ധരായി.
    അവർ എല്ലാ സന്യാസികൾക്കും മാതൃകയായി നിലകൊള്ളുന്നു. മന്ദഭക്തരെ അനുകരിച്ച് നാം ഉദാസീനരാകാതെ ഈ വിശുദ്ധരെ അനുഗമിച്ച് പുണ്യാഭിവൃദ്ധി പ്രാപിക്കാൻ ഉത്സാഹമുള്ളവരായിരിക്കണം.

    തങ്ങളുടെ പരിശുദ്ധ സ്ഥാപനത്തിന്റെ ആരംഭകാലത്ത് എല്ലാ സന്യാസികൾക്കും എന്നു മാത്രം തീക്ഷ്ണതയുണ്ടായിരുന്നു!
    പ്രാർത്ഥനയിൽ അവർക്കുണ്ടായിരുന്ന തീക്ഷ്ണത എത്ര വലുതായിരുന്നു! പുണ്യാഭിവൃദ്ധിയിൽ എന്തൊരു മത്സരമായിരുന്നു.!
    ക്രമാനുഷ്ഠാനം എത്ര മനോഹരം!മേലധികാരികളുടെ ശാസനത്തിൽ കീഴിൽ എല്ലാക്കാര്യങ്ങളിലും എന്തൊരു അനുസരണയും വണക്കവുമാണ് വിരാജിച്ചിരുന്നത് ഇത്ര രൂക്ഷമായി പോരാടി ലോകത്തെ തങ്ങളുടെ പാദങ്ങളിൽ കീഴ്ചവിട്ടിത്തേച്ചവർ പരിപൂർണ്ണരും പരിശുദ്ധരുമായിത്തീർന്നുവെന്ന് അവർ നൽകിയിരിക്കുന്ന മാതൃക സാക്ഷ്യം വഹിക്കുന്നു.
    കല്പനകൾ ലംഘിക്കാതിരിക്കുകയും താനേറ്റ കാര്യങ്ങളെല്ലാം നന്നായി ക്ഷമാപൂർവ്വം നിർവ്വഹിക്കുകയും ചെയ്യുന്നവൻ മഹാത്മാവായി എണ്ണപ്പെടുന്നു.
    ഇന്നത്തെ നമ്മുടെ മന്ദതയും ഉദാസീനതയും എത്ര വലുത് ! പൂർവ്വ ശുഷ്കാന്തി എത്രവേഗം മാറി മറഞ്ഞു പോയി! മടിയിലും മന്ദതയാലും ജീവിതം തന്നെ ഇപ്പോൾ അസനീയമായി.
    ഭക്തന്മാരുടെ അനേകം ദൃഷ്ടാന്തങ്ങൾ പലപ്പോഴും ദർശിച്ചിട്ടുള്ള നിന്നിൽ പുണ്യ വർദ്ധന നിലയ്ക്കാതിരുന്നെങ്കിൽ കൊളളാമായിരുന്നു.

    വിചിന്തനം.

    പരിശുദ്ധ ജീവിതത്തിന് പരിശുദ്ധന്മാരുടെ മാതൃക പോലെ ഉത്തേജനം നൽകുന്ന മറ്റൊന്നില്ല. പുണ്യജീവിതം സാദ്ധ്യമാണെന്നു മാതൃക തെളിയിക്കുന്നു.വിശുദ്ധി പ്രായോഗികവും സുഗവുമാണെന്നു വിശുദ്ധന്മാരുടെ മാതൃക ഉദാഹരിക്കുന്നു. വിശുദ്ധന്മാരുടെ ജീവചരിത്രം വായിക്കുമ്പോൾ നാം നമ്മോടു തന്നെ പറഞ്ഞു പോകുന്നു: നമ്മെപ്പോലെയുള്ള മനുഷ്യർ സ്വർഗ്ഗരാജ്യത്തിനു വേണ്ടി ചെയ്തിട്ടുള്ളതും സഹിച്ചിട്ടുള്ളതും എന്തെല്ലാമെന്നു കണ്ടാലും! അതു തന്നെയാണ് നമ്മുടെ പ്രത്യശാവിഷയം,എന്നാൽ നാം എന്തു ചെയ്തിട്ടുണ്ട്.

    പ്രാർത്ഥിക്കാം.

    കർത്താവായ ദൈവമേ, അങ്ങയുടെ ദാസനെ വിധിക്കരുതേ. വിശുദ്ധന്മാരുടെ ജീവിതത്തോട് എന്റെ ജീവിതം തട്ടിച്ചു നോക്കിയാലെനിക്കു യാതൊരു നീതികരണവുമില്ല. എന്റെ ചുമതലകൾ സൗമ്യമായി നിർവ്വഹിക്കുവാൻ എന്റെ രക്ഷകാ, അങ്ങ് നേടിയിട്ടുള്ള അനുഗ്രഹങ്ങൾ എനിക്കു നൽകണമേ. ആമ്മേൻ.

    അനുസ്മരണാ വിഷയം:

    ഭക്തന്മാരുടെ അനേകം ദൃഷ്ടാന്തങ്ങൾ പലപ്പോഴും ദർശിച്ചിട്ടുള്ള നിന്നിൽ പുണ്യാഭിവൃദ്ധി നിലയ്ക്കാതിരുന്നെങ്കിൽ കൊള്ളാമായിരുന്നു.

    അഭ്യാസം.

    വിശുദ്ധന്മാരുടെ ജീവചരിത്രം വായിച്ച് അവരെ അനുകരിക്കുക.

    2. യഥാര്‍ത്ഥ മരിയഭക്തിയിൽ നിന്നുള്ള വായന
    വി.ലൂയിസ് ഡി മോൺഫോര്‍ട്ട്.

    ആത്മാക്കളുടെ വിശുദ്ധീകരണത്തിനു മറിയത്തെ ദൈവത്തിന് ആവശ്യമാണ്

    മനുഷ്യാവതാരത്തിലും യേശുവിന്റെ ആദ്യാഗമനത്തിലും പരിശുദ്ധ ത്രിത്വം ഏതു മാര്‍ഗ്ഗം സ്വീകരിച്ചുവോ അതേ രീതിയില്‍ത്തന്നെ ഓരോ ദിവസവും കാഴ്ചയ്ക്കതീതമായ വിധത്തില്‍ തിരുസഭയില്‍ ഇപ്പോഴും പ്രവര്‍ത്തനനിരതരാണ് അവര്‍. കാലത്തിന്റെ അവസാനത്തില്‍ യേശുക്രിസ്തു വീണ്ടും ആഗതനാകുന്നതുവരെ അവര്‍ അതു തുടരുകതന്നെ ചെയ്യും.

    പിതാവായ ദൈവം വെള്ളത്തെ മുഴുവനും ഒരുമിച്ചുകൂട്ടി അതിനു കടല്‍ എന്നു പേരിട്ടു. അതുപോലെ അവിടുന്നു തന്റെ കൃപാവരം മുഴുവനും സമാഹരിച്ച് അതിനു മറിയം എന്നു പേരു വിളിച്ചു. ഉന്നതനായ ദൈവത്തിനു തന്റെ എല്ലാ സൗന്ദര്യവും സമൃദ്ധിയും, വിലയുറ്റവയും അപൂര്‍വ്വമായവയുമായ നിധികളൊക്കെയും- അല്ല, തന്റെ പുത്രനേപ്പോലും – സൂക്ഷിക്കുന്ന സമ്പന്നമായ ഒരു ഭണ്ഡാഗാരമുണ്ട്. ആ അതിവിശാലമായ ഭണ്ഡാഗാരം മറിയമല്ലാതെ മറ്റാരുമല്ല. തന്റെ ഐശ്വര്യസമൃദ്ധിയില്‍നിന്നും സകലരെയും സമ്പന്നരാക്കുന്ന ദൈവിക ഭണ്ഡാഗാരം എന്നു വിശുദ്ധര്‍ അവളെ സംബോധന ചെയ്യുന്നതിനു കാരണം ഇതത്രേ.
    പുത്രനായ ദൈവം തന്റെ ജീവിതംകൊണ്ടും മരണം കൊണ്ടും സമ്പാദിച്ച എല്ലാ സ്തുത്യര്‍ഹമായ പുണ്യങ്ങളും അനന്തമായ യോഗ്യതകളും തന്റെ മാതാവിനെ ഏല്‍പിച്ചു. പിതാവില്‍നിന്നും തനിക്ക് അവകാശമായി ലഭിച്ച സകലത്തിന്റെയും സംരക്ഷകയായി മറിയത്തെ നിയോഗിച്ചു. മറിയംവഴിയാണ് അവിടുന്നു മൗതികശരീരത്തിലെ മറ്റവയവങ്ങള്‍ക്ക് തന്റെ യോഗ്യതകള്‍ ഉപയുക്തമാക്കുന്നതും തന്റെ പുണ്യങ്ങള്‍ പകരുന്നതും. അവള്‍ അവിടുത്തേ കൃപയുടെ സംഭരണിയാണ്; നിഗൂഢ നീര്‍ച്ചാലാണ്. അത് മനുഷ്യര്‍ക്ക് അനുയോജ്യമാംവിധം നിര്‍മ്മിതമാകയാല്‍ അതിലൂടെ തന്റെ കാരുണ്യം സൗമ്യമായും സമൃദ്ധമായും ഒഴുക്കുക എളുപ്പമത്രേ.

    പരിശുദ്ധാത്മദാനങ്ങള്‍ മാതാവിലൂടെ

    പരിശുദ്ധാത്മാവായ ദൈവം അനിര്‍വചനീയമായ തന്റെ ദാനങ്ങള്‍ മണവാട്ടിയായ മറിയത്തിലേക്കു പകര്‍ന്നു. അവിടുത്തേക്കു സ്വന്തമായതെല്ലാം വിതരണം ചെയ്യാന്‍ അവളെ തെരഞ്ഞെടുത്തിരിക്കുന്നു. അവള്‍ക്ക് ഇഷ്ടമുള്ളപ്പോള്‍, ഇഷ്ടമായവിധത്തില്‍, ഇഷ്ടമുള്ളവര്‍ക്ക്, ഇഷ്ടമുള്ളിടത്തോളം വിതരണം ചെയ്യത്തക്കവിധത്തില്‍ തന്റെ ദാനങ്ങളും കൃപകളും അവിടുന്ന് അവള്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. കന്യകാമറിയത്തിന്റെ പരിശുദ്ധമായ കരങ്ങളിലൂടെ അല്ലാതെ സ്വര്‍ഗ്ഗീയദാനങ്ങള്‍ മനുഷ്യര്‍ക്ക് പരിശുദ്ധാത്മാവ് നല്‍കുന്നില്ല. അതായിരുന്നു ദൈവഹിതം. ഒരിക്കല്‍ വിനയംമൂലം ജീവിതകാലം മുഴുവന്‍ ദരിദ്രയും വിനീതയും ഇല്ലായ്മയുടെ അഗാധങ്ങളില്‍ മറഞ്ഞിരുന്നവളുമായ മറിയം ഇപ്പോള്‍ അത്യുന്നതനാല്‍ സമ്പന്നയും പ്രശംസനീയയും ബഹുമാനിതയുമായി. അതുതന്നെയാണ് സഭയുടെയും സഭാപിതാക്കന്മാരുടെയും അഭിപ്രായവും.

    ഇന്നത്തെ യുക്തിവാദികളോടാണ് ഞാന്‍ സംസാരിക്കുന്നതെങ്കില്‍, വളരെ സരളമായി ഇപ്പോള്‍ത്തന്നെ പറഞ്ഞുവച്ചവയെ, വേദപുസ്തകത്തില്‍നിന്നും സഭാപിതാക്കന്മാരുടെ പഠനങ്ങളില്‍നിന്നും ദീര്‍ഘവും വ്യക്തവുമായ അനവധി ന്യായങ്ങള്‍കൊണ്ട് തെളിയിക്കുമായിരുന്നു. ഫാദര്‍ പോയിറേയുടെ ‘മറിയത്തിന്റെ ത്രിവിധ കിരീടം’ എന്ന ഗ്രന്ഥത്തില്‍ എല്ലാ തെളിവുകളും വിശദമായി പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഞാന്‍ സംസാരിക്കുന്നത് പാവങ്ങളും സാധരണക്കാരും വിനീതരുമായവരോടാണ്. പണ്ഡിതഗണത്തോടുവച്ചുനോക്കുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ വിശ്വാസമുള്ളതിനാല്‍ അവര്‍ നിഷ്പ്രയാസം വിശ്വസിക്കുന്നു, യോഗ്യതകള്‍ നേടുന്നു. അതുകൊണ്ട് സത്യങ്ങള്‍ സരളമായി അവതരിപ്പിക്കുക മാത്രമേ ഞാന്‍ ചെയ്യൂ. അവര്‍ക്ക് ഒട്ടും മനസിലാക്കാനാവാത്ത ഉദ്ധരണികളൊന്നും നിരത്താന്‍ ഉദ്ദേശിക്കുന്നില്ല. എങ്കിലും സാന്ദര്‍ഭികമായി ചില വാക്യങ്ങള്‍ ഉദ്ധരിക്കുകയും ചെയ്യാം.

    കൃപാവരം പ്രകൃതിയെയും മഹത്വം കൃപാവരത്തെയും പരിപൂര്‍ണ്ണമാക്കുന്നു. അതുപോലെതന്നെ ക്രിസ്തുനാഥന്‍ ഭൂമിയിലെന്നപോലെ സ്വര്‍ഗ്ഗത്തിലും മറിയത്തിന്റെ സുതന്‍തന്നെയെന്ന് തീര്‍ച്ച. ഒരു നല്ല മകന്‍ ഉത്തമയായ മാതാവിനെ എന്നപോലെ, അവിടുന്ന് ഇപ്പോഴും അവളോടുള്ള വിധേയത്വവും അനുസരണവും നിലനിര്‍ത്തി പോരുന്നു. എന്നാല്‍ ഈ അനുസരണം ക്രിസ്തുവിനെ ഒരിക്കലും അപൂര്‍ണ്ണനോ തരംതാഴ്ന്നവനോ ആക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍ ദൈവം തന്നെയായ പുത്രനോട് തുലനം ചെയ്യുമ്പോള്‍ മറിയം അനന്തമായ വിധത്തില്‍ താഴ്ന്നവളാണ്. ഒരു സാധാരണമാതാവ് തന്റെ മകനോട് എന്നതുപോലെ കല്‍പിക്കുകയല്ല അവള്‍ ചെയ്യുന്നത്. കൃപാവരത്താലും മഹത്വത്താലും വിശുദ്ധര്‍ ദൈവത്തിലേക്കു രൂപാന്തരം പ്രാപിച്ചതുപോലെ മറിയം ദൈവത്തിലേക്കു പൂര്‍ണ്ണമായി രൂപാന്തരം പ്രാപിച്ചു. അവള്‍ ദൈവത്തിന്റെ അനന്തവും അചഞ്ചലവുമായ ഹിതത്തിനെതിരായി ഒന്നും ആഗ്രഹിക്കുകയോ അഭ്യര്‍ത്ഥിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്കയില്ല. ‘സ്വര്‍ഗത്തിലും ഭൂമിയിലിമുള്ളതെല്ലാം, ദൈവം തന്നെയും മറിയത്തിനു കീഴ്‌പ്പെട്ടിരിക്കുന്നു. വി. ബര്‍ണ്ണാര്‍ദ്, വി. ബര്‍ണ്ണാര്‍ഡിന്‍, വി. ബൊനവഞ്ചര്‍ ആദിയായ വിശുദ്ധരുടെ ഗ്രന്ഥങ്ങളില്‍ ഇങ്ങനെയാണ് കാണുക. ദൈവം മറിയത്തിനു നല്‍കുവാന്‍ തിരുച്ചിത്തമായ അധികാരം ഏറ്റവും ഉന്നതമായതിനാല്‍ മറിയത്തിനുള്ള ശക്തി ദൈവത്തിന്റെ ശക്തിക്കു സമാനമെന്നു തോന്നും. അവിടുന്നു തന്റെ പ്രിയമാതാവിന്റെ യാചനകള്‍ ഒരിക്കലും തിരസ്‌കരിക്കില്ല. പ്രത്യുത, ഒരു കല്‍പന എന്നപോലെ സ്വീകരിക്കും. കാരണം അതെപ്പോഴും വിനീതമാണ്. ദൈവഹിതത്തിന് അനുരൂപമാണ്.

    ദൈവത്തെ ധിക്കരിക്കുകയും അവിടുത്തെ കല്പന ലംഘിക്കുകയും ചെയ്ത ഇസ്രയേല്‍ ജനതയുടെമേല്‍ പതിച്ച ദൈവകോപം പിന്‍വലിക്കുവാന്‍ മോശ പ്രാര്‍ത്ഥിച്ചു. തന്റെ എളിയ ദാസന്റെ പ്രാര്‍ത്ഥന അത്യുന്നതനും അനന്തകാരുണ്യവാനുമായ ദൈവത്തിനു നിരാകരിക്കാനാവാത്തവിധം ശക്തമെങ്കില്‍ വിനീതയും ദൈവത്തിന് ഏറ്റവും അനുയോജ്യയുമായ മറിയത്തിന്റെ പ്രാര്‍ത്ഥന – സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ മാലാഖമാരുടെയും വിശുദ്ധരുടെയും സകലപ്രാര്‍ത്ഥനകളെയും മാദ്ധ്യസ്ഥതകളെയും അതിശയിക്കുന്ന അവളുടെ യാചന എങ്ങനെ നിരാകരിക്കാനാവും?

    മറിയം സ്വര്‍ഗത്തില്‍ മാലാഖമാര്‍ക്കും വിശുദ്ധര്‍ക്കും ആജ്ഞകള്‍ നല്‍കുന്നു. അഹങ്കാരം കൊണ്ട് അധ:പതിച്ച വാനവദൂതന്മാരുടെ സിംഹാസനങ്ങള്‍ വിശുദ്ധരെക്കൊണ്ടു നിറയ്ക്കുവാനുള്ള അധികാരവും ചുമതലയും തന്റെ അഗാധമായ എളിമയ്ക്കു പ്രതിഫലനമെന്നോണം ദൈവം അവള്‍ക്കു നല്‍കി. വിനീതരെ ഉയര്‍ത്തുന്ന അത്യുന്നതന്റെ ദിവ്യഹിതം സ്വര്‍ഗവും ഭൂമിയും നരകവും നല്ല മനസ്സോടെയോ അല്ലാതെയോ വിനീതയായ മറിയത്തിന്റെ ആജ്ഞകളുടെ മുമ്പില്‍ മുട്ടുകള്‍ മടക്കണമെന്നാണ്. കാരണം, അവിടുന്നവളെ ഭൂസ്വര്‍ഗങ്ങളുടെ രാജ്ഞിയും തന്റെ സൈന്യങ്ങളുടെ നായികയും അനര്‍ഘനിക്ഷേപങ്ങളുടെ കാവല്‍ക്കാരിയും കൃപാവരങ്ങളുടെ വിതരണക്കാരിയും ദൈവികാത്ഭുതങ്ങളുടെ പ്രവര്‍ത്തകയും മനുഷ്യരാശിയുടെ പുനരുദ്ധാരകയും അവരുടെ മധ്യസ്ഥയും ദൈവത്തിന്റെ ശത്രുക്കളെ സംഹരിക്കുന്നവളും തന്റെ മഹത്വത്തിലും വിജയത്തിലും വിശ്വസ്ത സഹകാരിണിയുമാക്കി.



    3. വിമലഹൃദയപ്രതിഷ്ഠാ ഒരുക്ക ധ്യാനവും വിചിന്തനവും.

    പാപരഹിത ജീവിതം സാധ്യം

    “യേശുക്രിസ്തു എല്ലാ തിന്മകളിലുംനിന്നു നമ്മെ മോചിപ്പിക്കുന്നതിനും സത്പ്രവൃത്തികൾ ചെയ്യുന്നതിൽ തീക്ഷ്ണതയുള്ള ഒരു ജനതയെ തനിക്കുവേണ്ടി ശുദ്ധീകരിക്കുന്നതിനുമായി നമ്മെപ്രതി തന്നെത്തന്നെ ബലിയർപ്പിച്ചു”
    (തീത്തോസ് 2 :14)

    ആമുഖം

    തിന്മനിറഞ്ഞ ഈ ലോകത്തിൽ ജീവിക്കുന്നേടത്തോളംകാലം പാപത്തിൽ വീണുപോവുകയില്ലേ എന്ന ഒരു ആശങ്ക ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ വിഷമപ്രശ്നത്തിന് വിശുദ്ധ പൗലോസ് മറുപടി തരുന്നുണ്ട് : “ക്രിസ്തുയേശുവിനോട് ഐക്യപ്പെടാൻ സ്നാനം സ്വീകരിച്ച നാമെല്ലാവരും അവന്റെ മരണത്തിലേക്കാണ് സ്നാനം സ്വീകരിച്ചതെന്ന് നിങ്ങൾക്കറിഞ്ഞുകൂടേ ? നാം ഇനി പാപത്തിന് അടിമപ്പെടാതിരിക്കത്തക്കവിധം പാപി പൂർണമായ ശരീരം നശിപ്പിക്കാൻവേണ്ടി നമ്മിലെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നുവെന്ന് നമുക്കറിയാമല്ലോ. എന്തെന്നാൽ , മരിച്ചവൻ പാപത്തിൽനിന്നു മോചിതനായിരിക്കുന്നു. നാം ക്രിസ്തുവിനോടുകൂടെ മരിച്ചുവെങ്കിൽ അവനോടുകൂടെ ജീവിക്കും എന്നു നാം വിശ്വസിക്കുന്നു. മരിച്ചവരിൽനിന്ന് ഉത്ഥാനം ചെയ്ത ക്രിസ്തു ഇനിയൊരിക്കലും മരിക്കുകയില്ലെന്നു നമുക്കറിയാം , മരണത്തിന് അവന്റെമേൽ ഇനി അധികാരമില്ല. അവൻ മരിച്ചു; പാപത്തെ സംബന്ധിച്ചേടത്തോളം എന്നേക്കുമായി അവൻ മരിച്ചു. അവൻ ജീവിക്കുന്നു; ദൈവത്തിനുവേണ്ടി അവൻ ജീവിക്കുന്നു, അതുപോലെ, നിങ്ങളും പാപത്തെ സംബന്ധിച്ചേടത്തോളം മരിച്ചവരാണെന്നും യേശുക്രിസ്തുവിൽ ദൈവത്തിനുവേണ്ടി ജീവിക്കുന്നവരാണെന്നും അറിഞ്ഞുകൊള്ളുവിൻ” (റോമാ 6:6-11).

    ഇഞാനസ്നാനകൃപ പാപത്തിനുള്ള പ്രതിവിധി

    ജ്ഞാനസ്നാനം എന്ന കൂദാശയുടെ കൃപാവരത്താൽ പാപ ചായ് വിനെ എതിർത്തുതോല്പിക്കാൻ ആർക്കു കഴിയും എന്നാണ് വിശുദ്ധ പൗലോസ് അപ്പസ്തോലൻ മേല്പറഞ്ഞ വചനത്തിൽ ശക്തിയുക്തം പ്രഖ്യാപിക്കുന്നത്. ധ്യാനത്തിൽ പങ്കെടുക്കുകവഴി ഇഞാനസ്നാന കൃപാവരം ഉജജ്വലിപ്പിച്ചിരിക്കുന്നതിനാൽ പാപമോഹം ജയിക്കുക ഇപ്പോൾ പൂർവാധികം സാധ്യമാണ്. ധ്യാനത്തിൽ ആത്മാർഥമായി പങ്കെടുത്ത ഓരോരുത്തരും അക്ഷരാർഥത്തിൽ പാപം സംബന്ധിച്ച് മരിച്ചവരും ദൈവത്തിൽനിന്ന് വീണ്ടും ജനിച്ചവരുമാണ്. “നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നത് നശ്വരമായ ബീജത്തിൽ നിന്നല്ല; അനശ്വരമായ ബീജത്തിൽ നിന്നാണ്. സജീവവും സനാതനവുമായ ദൈവവചനത്തിൽനിന്ന് ” ( 1 പത്രോ 1:23 ). ദൈവത്തിൽനിന്ന് വീണ്ടും ജനിച്ചിരിക്കുന്നതിനാൽ പാപം നമുക്ക് ചേർന്നതല്ല. “ദൈവത്തിൽനിന്നു ജനിച്ച ഒരുവനും പാപം ചെയ്യുന്നില്ല. കാരണം ദൈവചൈതന്യം അവനിൽ വസിക്കുന്നു. അവൻ ദൈവത്തിൽനിന്നു ജനിച്ചവനായതുകൊണ്ട് അവനു പാപം ചെയ്യാൻ സാധ്യമല്ല ” (1 യോഹ 3:9).

    പരിശുദ്ധാത്മശക്തി പാപപ്രവണതകളെ തോല്പിക്കും

    ദൈവവചനംവഴി വീണ്ടും ജനനം പ്രാപിച്ചവരിൽ പ്രവർത്തിക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തി പാപത്തെ തോല്പിക്കാനുള്ള ബലം തരുമെന്ന് വിശുദ്ധ പൗലോസ് ഉറപ്പുതരുന്നു. “യേശുവിനെ മരിച്ചവരിൽനിന്നുയിർപ്പിച്ചവന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നുണ്ടെങ്കിൽ, യേശുക്രിസ്തുവിനെ ഉയിർപ്പിച്ചവൻ നിങ്ങളുടെ മർത്ത്യശരീരങ്ങൾക്കും നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനാൽ ജീവൻ പ്രദാനം ചെയ്യും. ആകയാൽ, സഹോദരരേ, ജഡികപ്രവണതകൾക്കനുസരിച്ച് ജീവിക്കാൻ നാം ജഡത്തിന് കടപ്പെട്ടവരല്ല. ജഡികരായി ജീവിക്കുന്നുവെങ്കിൽ നിങ്ങൾ തീർച്ചയായും മരിക്കും. എന്നാൽ, ശരീരത്തിന്റെ പ്രവണതകൾ ആത്മാവാൽ നിഹനിക്കുന്നെങ്കിൽ നിങ്ങൾ ജീവിക്കും” (റോമാ 8:11-13).
    വിശുദ്ധ യോഹന്നാൻ ശ്ലീഹാ വളരെ വ്യക്തമായി ഇക്കാര്യം പഠിപ്പിക്കുന്നുണ്ട് : “ദൈവത്തിൽനിന്നു ജനിച്ച ഒരുവനും പാപം ചെയ്യുന്നില്ല. കാരണം , ദൈവചൈതന്യം അവനിൽ വസിക്കുന്നു . അവൻ ദൈവത്തിൽനിന്നു ജനിച്ചവനായതുകൊണ്ട് അവനു പാപം ചെയ്യാൻ സാധ്യമല്ല “(1 യോഹ 3:9). എത്ര ശക്തമായ പാപ പ്രലോപനങ്ങൾ ഉണ്ടായാലും അവയെ അതിജീവിക്കാനുളള ദൈവശക്തി നമുക്കു ലഭിക്കും എന്നതാണ് ഇതിനു കാരണം : “ആകയാൽ നില്ക്കുന്നു എന്നു വിചാരിക്കുന്നവൻ വീഴാതെ സൂക്ഷിച്ചുകൊള്ളട്ടെ. മനുഷ്യസാധാരണമല്ലാത്ത ഒരു പ്രലോഭനവും നിങ്ങൾക്കു നേരിട്ടിട്ടില്ല. ദൈവം വിശ്വസ്തനാണ്. നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനങ്ങൾ ഉണ്ടാകാൻ അവിടന്ന് അനുവദിക്കുകയില്ല. പ്രലോഭനങ്ങൾ ഉണ്ടാകുമ്പോൾ അവയെ അതിജീവിക്കാൻ വേണ്ട ശക്തി അവിടന്ന് നിങ്ങൾക്കു നല്കും ” (1 കോറി 10: 12 – 13)

    ജ്ഞാനസ്നാനവരപ്രസാദം കൃപാവരജീവിതം സാധ്യമാക്കും

    ജ്ഞാനസ്നാനം വഴി ലഭ്യമാകുന്ന വരപ്രസാദം വിസ്മയകരമാം വിധം ഇതിനു സഹായിക്കുന്നു.
    ജ്ഞാനസ്നാനം വഴി പരിശുദ്ധ ത്രിത്വത്തിലെ മൂന്ന് ദൈവിക ആളുകളും നമ്മുടെ ആത്മാവാകുന്ന വിശു ദ്ധാലയത്തിൽ വസിച്ചുകൊണ്ട് നമ്മെ അതിമാത്രം സ്നേഹിക്കുകയും നമ്മുടെ ആത്മാവിനെ സ്വഭാവാതീത ദാനങ്ങളാൽ പരിപുഷ്ടമാക്കു കയും ദൈവസദ്യശമായ ജീവിതത്തിലേക്ക് – വരപ്രസാദ ജീവിതത്തിലേക്ക് – നയിക്കുകയും ചെയ്യുന്നു. മാത്രമല്ല, ജ്ഞാനസ്നാനത്തിലൂടെ ലഭിക്കുന്ന സ്ഥിരവരപ്രസാദം ആത്മാവിന്റെ സാരാംശം ദിവ്യമാക്കിത്തീർക്കുകയും സ്വർഗത്തിൽ ദൈവദർശനം അനുഭവിക്കുന്നതിനും ഇഹത്തിൽ സ്വഭാവാതീതങ്ങളായ പ്രവൃത്തികൾ ചെയ്യുന്നതിനും അതിനെ പ്രാപ്തമാക്കുകയും ചെയ്യുന്നു. കൂടാതെ, പാപസ്ഥിതിയിൽ നിന്ന് നമ്മെ ശുദ്ധീകരിക്കുന്നു. അതുപോലെ, ജ്ഞാനസ്നാനം വഴി ലഭിക്കുന്ന നിവേശിതപുണ്യങ്ങളും പരിശുദ്ധാത്മാവിന്റെ ദാനങ്ങളും ദൈവസദൃശങ്ങളും സ്വഭാവാതീതങ്ങളും പുണ്യയോഗ്യതാപരങ്ങളുമായ പ്രവൃത്തികൾ ചെയ്യുന്നതിന് ആവശ്യമായ ശക്തി യഥാസമയം നമുക്ക് പ്രദാനം ചെയ്യുന്നു.

    ദൈവികപുണ്യങ്ങളും സന്മാർഗിക പുണ്യങ്ങളും വലിയ സഹായം

    ജ്ഞാനസ്നാനം വഴി സൗജന്യമായി ലഭിക്കുന്ന വിശ്വാസം, ശരണം, സ്നേഹം എന്നീ ദൈവികപുണ്യങ്ങൾ ദൈവത്തോട് നമ്മ നേരിട്ട് ബന്ധിപ്പിക്കുന്നു. സാന്മാർഗികപുണ്യങ്ങൾ നമ്മുടെ ശക്തിക്കതീതമായ ശക്തി പ്രദാനം ചെയ്യുന്നു. വിവേകം എന്ന സാന്മാർഗിക പുണ്യം സ്വർഗത്തിനും ദൈവത്തിനുംവേണ്ടി ചെയ്യേണ്ടത് എന്താണെന്ന് കാണിച്ചുതരും. അങ്ങനെ, ദൈവിക പുണ്യങ്ങളുടെ പ്രവർത്തനത്തിന് വഴിയൊരുക്കുന്നു. നീതി മറ്റുള്ളവരോടുള്ള നമ്മുടെ കടമകൾ നിർവഹിക്കാൻ നമ്മെ സഹായിക്കുന്നു. സ്ഥിരത (സ്ഥൈര്യം ) പ്രലോഭനങ്ങളെയും വിഷമങ്ങളെയും എതിർത്തുനില്ക്കാനും പുണ്യത്തിൽ അവസാനംവരെ നിലനില്ക്കാനുമുള്ള കഴിവ് പ്രദാനം ചെയ്യുന്നു. മിതത്വം നമ്മുടെ വ്യാപാരങ്ങൾ ദൈവത്തിനു യോജിച്ചവിധം നിയന്ത്രിക്കാൻ സഹായിക്കുന്നു.

    പ്രവർത്തകവരപ്രസാരം അതിസ്വാഭാവികജീവിതം എളുപ്പമാക്കും

    സുകൃതങ്ങളിൽ അഭിവൃദ്ധി പ്രാപിക്കുമ്പോൾ വിവേചനം, അറിവ്, ബുദ്ധിസാമർഥ്യം, ബോധജ്ഞാനം , ആത്മശക്തി, ഭക്തി, ദൈവഭയം എന്നീ ദിവ്യദാനങ്ങൾവഴി പരിശുദ്ധാത്മാവുതന്നെ നമ്മിൽ പ്രവർത്തിക്കാൻ തുടങ്ങുന്നു. പ്രവർത്തക വരപ്രസാദം സ്വഭാവാതീത പ്രവൃത്തികൾ ചെയ്യുന്നതിന് നമ്മൾ പ്രാപ്തരാകത്തക്കവണ്ണം ബുദ്ധിയെ പ്രകാശിപ്പിക്കുകയും മനസ്സിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇത് നമ്മുടെ ബുദ്ധിയെയും മനസ്സിനെയും അതിസ്വാഭാവിക സ്ഥിതിയിലേക്ക് ഉയർത്തുക മാത്രമല പിന്നെയോ, പ്രകൃത്യതീതകൃത്യങ്ങൾ ചെയ്യുന്നതിന് അവയെ പ്രേരിപ്പിക്കുയും ചെയ്യുന്നു. ഉദാഹരണമായി, സ്ഥിരവരപ്രസാദം നഷ്ടപ്പെട്ട് പാപത്തിൽ സ്ഥിതി ചെയ്യുമ്പോൾ പാപത്തിന്റെ ദുഷ്ടതയും അതിന്റെ ഭയങ്കരഫലങ്ങളും കണ്ട് പാപത്തെ വെറുക്കാൻ പ്രവർത്തകവരപ്രസാദം പ്രരണ നല്കുന്നു. നീതിമത്കരണത്തിനു ശേഷമാകട്ടെ, വിശ്വാസത്തിന്റെ വെളിച്ചത്തിൽ ദൈവത്തിന്റെ അനന്ത സൗന്ദര്യത്തെയും കരുണയെയും നമുക്കു കാണിച്ചുതന്ന് മുഴുഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കാൻ പ്രവർത്തകവരപ്രസാദം ഉത്തേജനം നൽകുന്നു.
    മേല് പറഞ്ഞ ആന്തരികമായ അനുഗ്രഹങ്ങൾക്കു പുറമേ ചില ബാഹ്യ സഹായങ്ങൾ കൂടി പ്രവർത്തകവരപ്രസാദത്തിന്റെ രൂപത്തിൽ നമുക്കു സിദ്ധിക്കുന്നുണ്ട്. ഇവ ഇന്ദ്രിയങ്ങൾ വഴി ആത്മിക ശക്തികളിൽ പരോക്ഷമായി പ്രേരണ ചെലുത്തുന്നു . വിശുദ്ധ ഗ്രന്ഥത്തിന്റെയോ മറ്റ് ആധ്യാത്മിക പുസ്തകങ്ങളുടെയോ പാരായണം, ഉപദേശങ്ങൾ, ഭക്തസംഭാഷണം തുടങ്ങിയവ മേല്പറഞ്ഞ തരത്തിലുള്ള സഹായങ്ങളാണ്. കൂടാതെ, ചില പ്രത്യേകഘട്ടങ്ങളിൽ ജീവിതനവീകരണത്തിനും മാനസാന്തരത്തിനും പുണ്യാഭിവൃദ്ധിക്കും ഉതകുന്ന ആന്തരിക പ്രേരണകളും ദൈവം നല്കാറുണ്ട്. ലിദിയാ എന്ന സ്ത്രീയുടെ ഹൃദയം പൗലോസ് ശ്ലീഹായുടെ പ്രസംഗം ശ്രവിക്കുന്നതിനായി പരിശുദ്ധാത്മാവ് തുറന്നുവെന്ന സംഭവം ഇതിന് ഉദാഹരണമാണ് ( അപ്പ 16:14 ).

    പ്രവർത്തക വരപ്രസാദം പ്രാർഥനവഴി നമുക്കു ലഭിക്കുന്നു. ഇതിനാലാണ് പ്രാർഥനയെപ്പറ്റി ഇത്ര ശക്തമായി വിശുദ്ധ ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നത് ” നിങ്ങൾ പ്രലോഭനത്തിൽ ഉൾപ്പെടാതിരിക്കാൻ ഉണർന്നിരുന്ന് പ്രാർഥിക്കുവിൻ ” (വി. മത്താ 26 : 41). സുകൃതകൃത്യങ്ങൾ വഴിയും, അതായത് നമുക്കു നല്കപ്പെടുന്ന പ്രവർത്തക വരപ്രസാദം വിശ്വസ്തതയോടെ ഉപയോഗപ്പെടുത്തിക്കൊണ്ടും ഈ വരപ്രസാദം കൂടുതൽ സമ്പാദിക്കാവുന്നതാണ്. ഇപ്രകാരമെല്ലാം ലഭ്യമായ ആധ്യാത്മിക ശക്തിമൂലം ഒരു ക്രൈസ്തവന് പാപരഹിത ജീവിതം സാധ്യമാണെന്നും എളുപ്പമാണെന്നും വ്യക്തമാണ്.
    വിശുദ്ധ ലിയോ പാപ്പാ ഉദ്ബോധിപ്പിക്കുന്നു : അല്ലയോ ക്രിസ്ത്യാനീ, നിന്റെ വില എത്ര ശ്രഷ്ഠമെന്ന് നീ മനസ്സിലാക്കുക. നീ ദൈവികസ്വഭാവത്തിൽ പങ്കുകാരനായിരിക്കയാണ്. അതിനാൽ , അയോഗ്യമായ ഒരു ജീവിതത്താൽ നിന്റെ ആദ്യത്തെ ബലഹീനതയിലേക്ക് നി പിന്തിരിയരുത് “.

    കന്യകാമറിയത്തിന്റെ അതിവല്ലഭ സഹായം

    പ്രസാദവര പൂർണയായ പരിശുദ്ധ മറിയം , നാം പാപത്തിൽ വീഴാതിരിക്കാനാവാശ്യമായ പ്രത്യേക കൃപാവരം പ്രാപിച്ചുതരുന്നതിൽ അതിവിദഗ്ദയാണ് . വിശുദ്ധ ലൂയിസ് ഡി മോൻഡ്‌ഫോർട്ട് പറയുന്നത് ഇപ്രകാരമാണ് “അവിശ്വാസിയായ ഹവ്വായുടെ അവിശ്വസ്തതമൂലമുണ്ടായ നഷ്ടങ്ങൾ ദൈവത്തോടുള്ള തന്റെ വിശ്വസ്തതകൊണ്ടു പരിഹരിച്ച ഏറ്റവും വിശ്വാസയോഗ്യയായ കന്യകയാണ് പരിശുദ്ധ മറിയം. അവൾ തന്റെ ഭക്തർക്ക് ദൈവത്തോടുള്ള വിശ്വസ്തതയും പുണ്യസ്ഥിരതയും സമ്പാദിചു കൊടുക്കുന്നു. ഒരു പുണ്യവാൻ അവളെ ഉറപ്പാർന്ന നങ്കുരത്തോട് ഉപമിക്കുന്നതിന്റെ കാരണം ഇതാണ്. ലോകമാകുന്ന സമുദ്രത്തിലെ കോളിളക്കത്തിൽപ്പെട്ട് തന്റെ ദാസർ നശിക്കാതിരിക്കാൻ അവൾ അവരെ മുറുക പ്പിടിക്കുന്നു ; ഇളകിമറിയുന്ന ഈ ലോകമാകുന്ന സമുദ്രത്തിൽ മുങ്ങി നശിക്കാതെ രക്ഷിക്കുന്നു. ഈ ബലവത്തായ നങ്കുരത്തോടു ബന്ധിതരല്ല എന്ന ഒറ്റക്കാരണത്താൽ എത്രയോപേർ ലോകസമുദ്രത്തിൽ മുങ്ങി നശിക്കുന്നു ! ആ വിശുദ്ധൻ പറഞ്ഞിരുന്നു : “ ഉറച്ച നങ്കൂരയോടെന്നപോലെ ആത്മാക്കളെ ഞങ്ങൾ നിന്നോട് ബന്ധിക്കുന്നു ” . സകലവിശുദ്ധരും സ്വയം പുണ്യത്തിൽ നിലനില്ക്കാൻ വേണ്ടി തങ്ങളെയും മറ്റുള്ളവരെ രക്ഷിക്കാൻവേണ്ടി അവരെയും അവളോടു ചേർത്തുബന്ധിച്ചവരാണ്. ആകയാൽ, ഉറച്ച ഒരു നങ്കുരത്തോടെന്നപോലെ മറിയമാകുന്ന ഉറപ്പേറിയ നങ്കുരത്തോട് തങ്ങ ളെത്തന്നെ വിശ്വസ്തതയോടെ, പരിപൂർണമായി ബന്ധിക്കുന്ന ക്രിസ്ത്യാനികൾ സന്തോഷിക്കുവിൻ; ഒരായിരം പ്രാവശ്യം സന്തോഷിക്കുവിൻ ! ഈ ലോകസാഗരത്തിലെ ശക്തമായ കൊടുങ്കാറ്റുകളുടെ നശീകരണശക്തി അവരെ കിടിലം കൊള്ളിക്കുകയില്ല ; അവരുടെ ആധ്യാത്മിക നിക്ഷേപങ്ങൾ മുക്കിക്കളയുകയുമില്ല : നോഹിന്റെ പേടകത്തിലെന്നപോലെ, മറിയമാകുന്ന പേടകത്തിൽ പ്രവേശിക്കുന്നവർ ആഹ്ലാദിക്കുവിൻ ! ഈ ലോകത്തിലെ ഒട്ടേറെപ്പരെ മുക്കിക്കൊന്ന പാപജലം അവരെ ഉപദ്രവിക്കുകയില്ല. ദൈവിക ഇഞാനത്തോടുകൂടെ മറിയം പറയുന്നു : “ഞാൻ വഴി പ്രവർത്തിക്കുന്നവർ പാപം ചെയ്യുകയില്ല ” ( പ്രഭാ 24 : 30 കാണുക ). നിർഭാഗ്യയും അസന്തുഷ്ടയുമായ ഹവ്വായുടെ അവിശ്വസ്തമക്കൾ വിശ്വസ്തതകന്യകയും മാതാവുമായ മറിയത്തോടു തങ്ങളെത്തന്നെ ബന്ധിക്കുമെങ്കിൽ ഭാഗ്യവാന്മാർ. എന്തെന്നാൽ ഒരിക്കലും വഞ്ചിക്കുകയോ വഞ്ചിക്കപ്പെടുകയോ ചെയ്യാത്ത ( 2 തിമോ 2 : 13 കാണുക ) വളാണ് മറിയം. “തന്നെ സ്നേഹിക്കുന്നവരെ അവൾ എല്ലായ്പ്പോഴും സ്നേഹിക്കും” ( സുഭാ 8 :17 ). ആ സ്നേഹത്തിന്റെ സ്വഭാവം, അതു വാത്സല്യമേറിയതു മാത്രമല്ല ഫലം ഉൽപാദിപ്പിച്ചേ അടങ്ങൂ എന്നതു കൂടിയാണ്. സുകൃതാഭ്യാസത്തിൽ പുറകോട്ടുപോകാതിരിക്കാനും തന്റെ ദിവ്യസുതന്റെ കൃപാവരം നഷ്ടപ്പെടുത്തി തളർന്നുവീഴാതിരിക്കാനും വേണ്ടി അനുഗ്രഹങ്ങൾ സമ്യദ്ധമായി വർഷിച്ചുകൊണ്ട് അവൾ അവരെ കാത്തുരക്ഷിക്കുന്നു ” (യഥാർഥ മരിയഭക്തി 1795 ).

    ബൈബിൾ വായന

    “പാപം ചെയ്യുന്നവൻ പിശാചിൽ നിന്നുള്ളവനാണ്, എന്തെന്നാൽ, പിശാച് ആദിമുതലേ പാപം ചെയ്യുന്നവനാണ്, പിശാചിന്റെ പ്രവൃത്തികൾ നശിപ്പിക്കുന്നതിനുവേണ്ടിയാണ് ദൈവപുത്രൻ പ്രത്യക്ഷനായത്. ദൈവത്തിൽ നിന്നു ജനിച്ചവനായതുകൊണ്ട് അവന് പാപം ചെയ്യാൻ സാധ്യമല്ല. ദൈവത്തിന്റെ മക്കളാരെന്നും പിശാചിന്റെ മക്കളാരെന്നും ഇതിനാൽ വ്യക്തമാണ്. നീതി പ്രവർത്തിക്കാത്ത ഒരുവനും ദൈവത്തിൽ നിന്നുള്ളവനല്ല ; തന്റെ സഹോദരനെ സ്നേഹിക്കാത്തവനും അങ്ങനെതന്നെ “
    (1 യോഹ 3:8-11)

    “ഞങ്ങൾ പാപികളെങ്കിലും അങ്ങയുടെ ജനമാണ് ; ഞങ്ങൾ അവിടത്തെ ശക്തി അറിയുന്നു. അങ്ങ് ഞങ്ങളെ, സ്വന്തമായി കണക്കാക്കിയെന്ന് അറിയുന്നതിനാൽ ഞങ്ങൾ പാപം ചെയ്യുകയില്ല “
    (ജ്ഞാനം 15 : 2).

    https://www.youtube.com/watch?v=aoK3xCdlRX4&list=PL3uhR8KUVQTxrd02-lFANST3UYzhj5ARI&index=3

    *******************************************************************************************************************

    ശാലോം ടി വി യിൽ ബഹുമാനപ്പെട്ട വട്ടായിലച്ചൻ നയിച്ച വിമലഹൃദയ പ്രതിഷ്ഠ അച്ഛന്റെ പ്രേത്യേക അനുവാദത്തോടെ ഇവിടെ നൽകുന്നു. സാധിക്കുന്ന എല്ലാവരും സമയം കണ്ടെത്തി ഈ അനുഗ്രഹപ്രദമായ ശുശ്രൂഷയിൽ പങ്കുകൊള്ളുക .

    DAY 1 പ്രതിഷ്ഠാ ഒരുക്കം

    DAY 2 പ്രതിഷ്ഠാ ഒരുക്കം

    ✝️ MARIAN MINISTRY, MARIAN EUCHARISTIC MINISTRY & ROSARY CONFRATERNITY INDIA ✝️

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!