Thursday, November 21, 2024
spot_img
More

    മുത്തശ്ശീമുത്തച്ഛൻമാരേ,ഞങ്ങൾക്ക് നിങ്ങളെ ആവശ്യമുണ്ട്.നിങ്ങളെ ഞങ്ങൾ സ്നേഹിക്കുന്നു/ ടോണി ചിറ്റിലപ്പിള്ളി



    ജൂലൈ ഇരുപത്തിയഞ്ചാം തിയതി ആഗോള കത്തോലിക്കാ സഭയിൽ  മുത്തശ്ശീമുത്തച്ഛൻമാർക്കും മുതിർന്നവർക്കുമായുള്ള പ്രഥമ ആഗോള ദിനം ആചരിക്കപ്പെടുകയാണ്.“ഞാന്‍ എന്നും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും”(മത്തായി 28:20)എന്ന ബൈബിൾ വചനമാണ് ആചരണത്തിന്റെ പ്രമേയം.ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനും,റോമായുടെ മെത്രാനും വയോധികനായ ഒരാളും എന്ന നിലയിൽ അവരോടുള്ള ഐക്യദാർഢ്യം ഊട്ടിയുറപ്പിച്ചു കൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ മുത്തശ്ശീ മുത്തച്ഛൻമാർക്കും മുതിർന്നവർക്കുമുള്ള ഈ ആഗോള ദിനം ആചരിക്കാൻ ആഹ്വാനം ചെയ്തത്.

    പ്രായമായവര്‍ കാലത്തിന്‍റെ വിജ്ഞാനം പങ്കുവയ്ക്കുന്നവരാണെന്ന് സിവിൽത്താ കത്തോലിക്കാ പ്രസിദ്ധപ്പെടുത്തിയ “കാലത്തിന്‍റെ വിജ്ഞാനം പങ്കുവയ്ക്കാം”എന്ന പുസ്തകത്തിൽ പാപ്പാ ഫ്രാന്‍സിസ് പറയുന്നുണ്ട്. ഇന്നിന്‍റെ സമൂഹവും സംസ്ക്കാരവും അതിന്‍റെ നേട്ടങ്ങളും പരിരക്ഷിച്ചു വളര്‍ത്തിയവരാണ് പഴമക്കാര്‍.അതിനാല്‍ അവര്‍ ജീവിച്ചു പോറ്റിയ സകലത്തിനും നന്ദിയുള്ള ഹൃദയത്തോടെ ജീവിക്കേണ്ടവരാണ് യുവജനങ്ങള്‍ എന്ന് മാർപാപ്പാ അടിവരയിടുന്നു.

    വാർദ്ധക്യം ഭീതിജനകമായ ജീവിതാവസ്ഥയായി കണക്കാക്കുന്നവരാണ് നമ്മിൽ പലരും.ശാരീരികവും മാനസികവുമായ വല്ലായ്മകൾ ഉണ്ടാകുമ്പോൾ വാർദ്ധക്യം ഭീതിജനകമായ ജീവിതാവസ്ഥയായി കരുതുന്നത് തെറ്റു പറയാനാവില്ല.പക്ഷെ തിരിച്ചറിയേണ്ട യാഥാർത്ഥ്യം ഇത് ജീവിതത്തിന്റെ അവസാനഘട്ടമല്ല എന്നുള്ളതാണ്.ജീവിതത്തിൽ കൊണ്ടും കൊടുത്തും നേടിയ പച്ചയായ അനുഭവങ്ങളിൽനിന്നും പാഠങ്ങൾ ഉൾക്കൊണ്ട് പുതിയതായി ചിലതെല്ലാം ആരംഭിക്കുവാനുള്ള കാലയളവാണ് വാർദ്ധക്യം.അതിനുവേണ്ടത് പ്രായമാകാത്തൊരു മനസ്സും എന്തിനും പോന്ന മനക്കരുത്തുമാണ്.

    തോമസ് ആൽവാ എഡിസന്റെ ജീവിതം നമുക്ക് പ്രചോദനമാകട്ടെ.1914 ഡിസംബർ10- ന് വൈകുന്നേരം ന്യൂ  ജെഴ്സിയിലെ എഡിസന്റെ പരീക്ഷണശാലയ്ക്ക് തീ പിടിച്ചു.നിമിഷങ്ങൾ കൊണ്ട് അത്രയും കാലത്തെ അദ്ധ്വാനവും കണ്ടുപിടിത്തങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും കത്തിനശിച്ചു.നാശനഷ്ടങ്ങളുടെ കണക്കെടുത്താൽ ഇന്നത് ഏകദേശം 23 മില്ല്യൻ ഡോളറാണ്.എന്നാൽ പിറ്റേന്നത്തെ ന്യൂയോർക്ക് ടൈംസിൽ എഡിസൺ പ്രതികരിച്ചത് ഇപ്രകാരമാണ്.“എനിക്ക് 67 വയസ്സ് കഴിഞ്ഞുവെങ്കിലും നാളെ മുതൽ ഞാൻ എല്ലാം പുതുതായിആരംഭിക്കും.” പ്രായമല്ല മനസ്സാണ് പ്രധാനം.മനോഭാവങ്ങളാണ് മാറേണ്ടതെന്ന് എഡിസൻ നമ്മെ പഠിപ്പിക്കുന്നു.  

    കൊച്ചു കുട്ടികള്‍ക്കെന്ന പോലെ ഏറ്റവും കൂടിയ പരിചരണം ആവശ്യമായി വരുന്ന ജീവിതാവസ്ഥയാണ് വാര്‍ദ്ധക്യം.വാര്‍ദ്ധക്യ സാഹചര്യ രോഗങ്ങളാലും ജീവിത ശൈലീരോഗങ്ങളാലും ബഹുഭൂരിപക്ഷം വൃദ്ധജനങ്ങളും കഷ്ടതയനുഭവിക്കുന്നവരാണ്.മക്കളുടെയും കൊച്ചുമക്കളുടെയും സ്നേഹവാത്സല്യങ്ങളും പരിചരണങ്ങളും ഏറെ ആഗ്രഹിക്കുന്ന ഒരു ഘട്ടമാണിത്. ഇത്തരമൊരു സാഹചര്യങ്ങളിലൂടയാണ് ഏറെ ബഹുമാനിക്കപ്പെടേണ്ടവരായ വൃദ്ധജനങ്ങള്‍ കടന്നു പോകുന്നത്.

    രാജ്യത്ത് കേരളത്തിലാണ് വയോജനങ്ങളുടെ ശതമാനം കൂടുതൽ 13.1 %. ജനസംഖ്യയിൽ 48 ലക്ഷം വയോജനങ്ങളാണ്. ഇവരിൽ 80 വയസ്സിന് മുകളിൽ 15 ശതമാനത്തോളമാണ്.അതായത്   എഴുലക്ഷത്തിലേറെപേർ.കേരളത്തിൽ വയോജനങ്ങളിൽ 55 ശതമാനത്തിനു മേൽ സ്തീകളാണ്. കേരളത്തിലെ വയോജനങ്ങളിൽ ബഹുഭൂരിപക്ഷവും സാമ്പത്തികമായി പരാശ്രയത്തിൽ കഴിയാൻ നിർബന്ധിതരായവരാണ് വയോജനങ്ങളുടെ സാമൂഹ്യ സാമ്പത്തിക ആരോഗ്യ ലിംഗനീതി പ്രശ്നങ്ങളാണ് കേരളം ഇനി ഇടപെടേണ്ട മേഖലകളിൽ പ്രധാനപ്പെട്ടത്.

    2025 ആകുമ്പോഴേക്കും കേരളത്തിലെ  ജനസംഖ്യയിൽ 20 ശതമാനവും പ്രായമായവരാകുമെന്നാണ് കരുതുന്നത്.ഈ സാഹചര്യത്തിൽ കുടുംബങ്ങളിലെ വൃദ്ധരുടെ സാമൂഹ്യപദവി പ്രത്യേക പരിഗണന അർഹിക്കുന്നു.രാജ്യത്ത് ഏറ്റവും കൂടുതൽ വയോധികരുള്ള നമ്മുടെ സംസ്ഥാനം വയോജനങ്ങൾ ഏറ്റവും സുരക്ഷിതരായും സന്തോഷത്തോടെയും കഴിയുന്ന സംസ്ഥാനമായിക്കൂടി മാറണം.

    വാർദ്ധക്യം ഒരു ശാപമല്ല,ഏറ്റവും സ്നേഹിക്കപ്പെടേണ്ട, കരുതേണ്ടുന്ന കാലമാണ്.കൂട്ടുകുടുംബ വ്യവസ്ഥകള്‍ അണുകുടുംബങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ജീവിതം ഏറ്റവും ക്ലേശകരമായി തീര്‍ന്നിരിക്കുന്നത് സ്വാഭാവികമായും വൃദ്ധജനങ്ങള്‍ക്കാണ്.ജീവിത യാത്രയുടെ അവസാന നാളുകളിലെത്തി നില്‍ക്കുന്ന ഓരോ വൃദ്ധജനങ്ങളും വന്‍ നിധി ശേഖരങ്ങളാണ്.ഒരുപാട് അനുഭവത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും ചരിത്രപുസ്തകങ്ങളാണവര്‍.കാലത്തോടൊപ്പം നടന്ന് കാലത്തിന്‍റെ കുതിപ്പിനും കിതപ്പിനും സാക്ഷിയായവര്‍. ദാരിദ്ര്യവും,ഇല്ലായ്മകളും എല്ലാം താണ്ടി നമുക്ക് സമൃദ്ധിയുടെ പൂക്കാലം ഒരുക്കി തന്നവരാണവർ.

    ദൈവത്തിന്‍റെ സ്വന്തം നാടെന്ന് പറയപ്പെടുന്ന നമ്മുടെ കേരളം തന്നെയാണ് ഏറ്റവും കൂടുതല്‍ വൃദ്ധസദനങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്ന സംസ്ഥാനം.പുരുഷന്മാരെ അപേഷിച്ച് സ്ത്രീകളാണ് വൃദ്ധജനസംഖ്യയില്‍ കൂടുതലുള്ളത്.ഒരുപാട് അച്ഛനമ്മമാര്‍,മുത്തശ്ശന്മാര്‍,മുത്തശ്ശിമാര്‍, ഇന്ന് വൃദ്ധസദനങ്ങളുടെ ജനലഴിക്കു പിന്നില്‍ ഒരിറ്റ് സ്നേഹവും ഒരു വിരല്‍ തുമ്പും ആഗ്രഹിച്ച് കണ്ണിമ ചിമ്മാതെ നിശയെ നിദ്രാവിഹീനമാക്കി മക്കളുടെ വരവും കാത്തിരിക്കുന്നുണ്ട്.

    വയോധികരെ അങ്ങനെ എഴുതിത്തള്ളാൻ വരട്ടെ.പ്രായം വെറും അക്കം മാത്രമാണെന്ന് തെളിയിച്ച നിരവധി മഹാന്മാർ ഉണ്ട്.തന്റെ 88-ാമത്തെ വയസ്സിലാണ് മൈക്കലാഞ്ചലോ ചർച്ച് ഓഫ് സാന്താ മരിയ ഡെഗ്ലി ഏഞ്ചലിക്ക് വേണ്ടി വാസ്തുവിദ്യാ പദ്ധതികൾ സൃഷ്ടിച്ചത്.പി.ജി.വുഡ്‌ഹൗസ് 93 വയസ്സിലാണ് തന്റെ 97-ാമത്തെ നോവൽ എഴുതിയത്.റഷ്യന്‍ ലോകകപ്പില്‍ കളിച്ച ഏറ്റവും പ്രായം കൂടിയ താരമായ ഈജിപ്ത് ഗോള്‍കീപ്പര്‍ അസം എല്‍ ഹദരി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത് തന്റെ 45ാം വയസിലാണ്.ജാപ്പനീസ് മലകയറ്റക്കാരനായ യുചിരോ മിയൂറ 80-ാമത്തെ വയസ്സിലാണ് എവറസ്റ്റിലെത്തിയത്.

    നമ്മുടെ കേരളത്തിൽ സാക്ഷരതാ മിഷൻ നടത്തിയ പരീക്ഷയിൽ  തൊണ്ണൂറ്റാറാമത്തെ വയസ്സിൽ ഒന്നാം റാങ്ക് നേടി ലോകത്തെ ഞെട്ടിച്ച ആലപ്പുഴയിലെ കാർത്യായനി അമ്മ ഇന്ന് കോമൺവെൽത്ത് ലേണിംഗിന്റെ ഗുഡ് വിൽ അംബാസിഡറാണ്.പ്രായത്തിന്റെ അവശതകൾ വകവെക്കാതെയാണ് എറണാകുളം അങ്കമാലി സ്വദേശിനിയായ 104 വയസുകാരിയായ അന്നം വർക്കി കോവിഡ് വാക്‌സിൻ സ്വീകരിച്ച് കേരളത്തിന് മാതൃകയായത്.അതെ,വയോജനങ്ങൾ പലപ്പോഴും നമ്മെ വിസ്മയിപ്പിക്കുന്നു.

    മരണത്തിന്റെ മണമുള്ള നരയുടെ അസഹൃതയിൽ കൊതിതീരാത്ത ജീവിതത്തിന്റെ സുവർണ്ണസ്മരണകളാണ് വയോജനങ്ങൾ പ്രകാശിപ്പിക്കുന്നത്.കാരുണ്യം മരിക്കുമ്പോൾ വൃദ്ധരുടെ നിശബ്ദവിളികൾ നാം കേൾക്കാതെ പോകുന്നു.ഇത്തരമൊരു സംസ്കാരത്തിന്റെ പകൽ വെളിച്ചത്തിലാണ് ക്രൈസ്തവ വിശ്വാസത്തിന്റെ വേരുകള്‍ സംരക്ഷിക്കുവാനും ഇളംതലമുറയ്ക്ക് പകർന്ന് കൊടുക്കാനും വിരമിക്കൽ പ്രായമില്ലായെന്ന് ഓര്‍മ്മിപ്പിച്ച് വയോധികർക്കുമായുള്ള പ്രഥമ ആഗോള ദിനത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം വരുന്നത്.പ്രായമായവരോട് നമുക്കും പറയാം:”ഞങ്ങൾക്ക് നിങ്ങളെ ആവശ്യമുണ്ട്.നിങ്ങളെ ഞങ്ങൾ സ്നേഹിക്കുന്നു”.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!