ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ 75 ാം ചരമവാര്‍ഷികം ഇന്ന് ഭക്തിപുരസരം ആഘോഷിക്കുന്നു.  രാവിലെ 11 ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തിരുനാള്‍ റാസ അര്‍പ്പിക്കും. ഫാ. ജോസഫ് നരിതൂക്കില്‍, ഫാ. ജോസഫ് തെരുവില്‍, ഫാ. ചെറിയാന്‍ മൂലയില്‍ എന്നിവര്‍ സഹകാര്‍മ്മികരാകും. 3 ന് കുര്‍ബാന നൊവേന, ഫാ. ജോസഫ് നെല്ലിക്കത്തെരുവില്‍ കാര്‍മ്മികനായിരിക്കും. അഞ്ചുമണിക്കുളള കുര്‍ബാനയ്ക്കും നൊവേനയ്ക്കും ഫാ. ജോസഫ് കുഴിഞ്ഞാലില്‍ കാര്‍മ്മികനായിരിക്കും.
വിശുദ്ധ അല്‍ഫോന്‍സാമ്മ ദൈവത്തിന്റെ സ്വരമാണ് ലോകത്തെ കേള്‍പ്പിച്ചതെന്ന് പാലാ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ആധുനിക കാലത്തിന് ഏറ്റവും ആവശ്യമായ വ്യക്തിയാണ് അല്‍ഫോന്‍സാമ്മയെന്നും അമ്മയുടെ വഴികള്‍ കണ്ടെത്താനുള്ള ശ്രമമായിരിക്കണം ആത്മീയ ആഘോഷങ്ങളെന്നും അദ്ദേഹം ഇന്നലെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ സുറിയാനി കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കവെ പറഞ്ഞു.
ജിനില്‍ എന്ന കുട്ടിയുടെ ജന്മനാ വളഞ്ഞിരുന്ന കാല്‍ അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥതയാല്‍ നിവര്‍ന്നതാണ് അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കാനിടയാക്കിയ അത്ഭുതരോഗസൗഖ്യം. ഇന്ന് ജിനില്‍ ഇരട്ടി കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരിയില്‍ ഫിലോസഫി അവസാനവര്‍ഷ വൈദികവിദ്യാര്‍ത്ഥിയാണ്.