Wednesday, November 5, 2025
spot_img
More

    “ഞങ്ങളുടെ പിതാക്കന്മാര്‍ക്കും അച്ചന്മാര്‍ക്കും സന്യസ്തര്‍ക്കും അങ്ങനെയൊരു കുറവുണ്ട്” ലിസി ഫെര്‍ണാണ്ടസിന്റെ ലൈവ് ശ്രദ്ധേയമാകുന്നു

    പാലാ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് രൂപതയിലെ വിശ്വാസികള്‍ക്കായി എഴുതിയ സര്‍ക്കുലര്‍ അന്തിചര്‍ച്ചയ്ക്ക് വിഷയമാക്കിയ പ്രമു ഖ ചാനലുകള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരണവുമായി ലിസി ഫെര്‍ണാണ്ടസ് രംഗത്ത്. കത്തോലിക്കാസഭയെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളുടെ സ്ഥിരം പതിവുകള്‍ക്കെതിരെയാണ് ലിസിയുടെ ലൈവ് പ്രതികരണം.

    സന്യാസിനികളും വൈദികരും സമൂഹത്തിന് ചെയ്യുന്ന നന്മകള്‍ എണ്ണിപറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ലൈവില്‍, മുഖ്യധാരാ മാധ്യമങ്ങളുടെ ക്രൈസ്തവവിരുദ്ധതയെ ശക്തമായ ഭാഷയില്‍ ലിസി ചോദ്യം ചെയ്യുന്നുണ്ട്. സഭാവിശ്വാസികള്‍ക്കായി എഴുതിയ കത്ത് പ്രമുഖമാധ്യമങ്ങള്‍ അന്തിചര്‍ച്ചയ്‌ക്കെടുക്കേണ്ട വിഷയമല്ലെന്നും അത് തങ്ങളുടെ അപ്പന്‍ തങ്ങള്‍ മക്കള്‍ക്ക് എഴുതിയ കത്താണെന്നും അതിലെ നന്മ തങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും അതല്ലാതെ സഭാവിശ്വാസികള്‍ എല്ലാവര്‍ക്കും എതിര്‍പ്പ് എന്ന രീതിയില്‍ തലക്കെട്ട് നല്കി ആശയക്കുഴപ്പം ഉണ്ടാക്കരുതെന്നും മാമ്മോദീസാവെളളം തലയില്‍ വീഴുകയും ക്രൈസ്തവനാമധാരിയായി മാറുകയും ചെയ്തു എന്നതിന്റെ പേരില്‍ മാത്രം ആരും ക്രൈസ്തവവിശ്വാസിയാകുന്നില്ലെന്നും നിഗൂഢമായ ലക്ഷ്യത്തോടെ സഭയെ കടന്നാക്രമിക്കാന്‍ അത്തരക്കാരില്‍ ചിലര്‍ തയ്യാറാകുന്നുണ്ടെന്നും എന്നാല്‍ അതൊരിക്കലും ഭൂരിപക്ഷത്തിന്റെ ശബ്ദമല്ലെന്നും ലിസി സമര്‍ത്ഥിക്കുന്നു.

    ലിസി ഫെര്‍ണാണ്ടസിന്റെ വാക്കുകളുടെ പൂര്‍ണ്ണരൂപം ചുവടെ:

    വൈദികരേ സന്യസ്തരേ നിങ്ങളില്ലായിരുന്നുവെങ്കില്‍ ഈ സമൂഹത്തിന്റെ അവസ്ഥ എന്താകുമായിരുന്നു?.. അനേകം പാവങ്ങള്‍ക്ക് നിങ്ങള്‍ അഭയമാണ്, ആശ്വാസവും തണലുമാണ്. ഞങ്ങള്‍ സന്യാസത്തെയും പൗരോഹിത്യത്തെയും ആദരിക്കുന്നു, ബഹുമാനിക്കുന്നു, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമാണ്.

    തന്റെ രൂപതയില്‍ പെട്ട കുടുംബാംഗങ്ങള്‍ക്കുവേണ്ടി ബിഷപ് മാര്‍ േേജാസഫ് കല്ലറങ്ങാട്ട് എഴുതിയ ഇടയലേഖനത്തില്‍ ഒരു വാക്കുപോലും തെറ്റില്ല. എന്നാല്‍ ഈ സര്‍ക്കുലറിനെ സംഘടിതവും ആസൂത്രിതവുമായ രീതിയില്‍ കത്തോലിക്കാ പ്രബോധനങ്ങളെ കടന്നാക്രമിക്കുന്ന ഹിഡന്‍ മാധ്യമ അജന്‍ഡകളുള്ള പ്രമുഖ മാധ്യമങ്ങള്‍ വലിച്ചൂകീറുന്നു. ഇത്തരക്കാരോട് ഒരു ചോദ്യം. പ്രൈം ടൈമില്‍ ചര്‍ച്ച ചെയ്യാന്‍ നിങ്ങള്‍ക്ക് മറ്റൊരു വിഷയവും ഇല്ലാത്തതുകൊണ്ടാണോ ക്രൈസ്തവമൂല്യങ്ങളെ ചര്‍ച്ച ചെയ്തുകളഞ്ഞേക്കാം എന്ന് തീരുമാനിച്ചിരിക്കുന്നത്?

    വൈദികരെയും സന്യസ്തരെയും വെറുതെ ആക്രമിച്ചുകളയാം എന്നൊരു ധാരണ ഈ മുഖ്യധാരാമാധ്യമങ്ങള്‍ക്കുണ്ട്, അവരുടെ നോട്ടത്തില്‍ മെത്രാന്‍ സംസാരിച്ചാലും കുറ്റം,സംസാരിച്ചില്ലെങ്കിലും കുറ്റം. സഭയെ കടന്നാക്രമിക്കാന്‍ വാസ്തവവിരുദ്ധതയും അസത്യവുമാണ് നിങ്ങള്‍ പ്രയോഗിക്കുന്നതെന്ന് ഇന്ന് സാധാരണക്കാര്‍ക്കുപോലും മനസ്സിലാക്കാന്‍ കഴിയുന്നു. ആ വിധത്തിലായിക്കഴിഞ്ഞു നിങ്ങളുടെ മാധ്യമപ്രവര്‍ത്തനം. അത് അത്രയ്ക്കും തരം താണുപോയിരിക്കുന്നു.

    ആവശ്യമില്ലാത്ത സ്ഥലത്ത് സഭാവിരുദ്ധമായ നുണകള്‍ പ്രചരിപ്പിച്ച് സഭാതലവന്മാര്‍ക്കും സഭയ്ക്കും എതിരെ സംസാരിക്കുക എന്നത് പതിവായി മാറിയിരിക്കുന്നു.വിഷയദാരിദ്ര്യമാണോ പ്രമുഖചാനലുകള്‍ നേരിടുന്ന പ്രധാനപ്രശ്‌നം. ഈ ലോകത്ത് എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതിലേക്കൊന്നും മുഖംതിരിക്കാതെ കത്തോലിക്കാസഭയിലേക്ക് മാത്രം നോക്കിയിരിക്കുന്നത് എന്തിന്.

    അല്ലെങ്കില്‍ മറ്റേതെങ്കിലും മതസമൂഹത്തെ ഇത്തരമൊരു ലക്ഷ്യത്തിലേക്ക് തിരഞ്ഞെടുക്കാത്തത് എന്തുകൊണ്ട്. ക്രൈസ്തവരാകുമ്പോള്‍ മിണ്ടില്ല എന്നൊരു ധാരണ നിങ്ങള്‍ക്കുണ്ട്. കത്തോലിക്കാസഭയില്‍ നിന്ന് ശമ്പളം കൈപ്പറ്റി ജീവിക്കുന്നതുകൊണ്ടാണ് സഭയ്‌ക്കെതിരെയുള്ള ശബ്ദങ്ങളോട് പ്രതികരിക്കുന്നത് എന്ന് ആരും വിചാരിക്കരുത്. ഞാനോ എന്റെ മക്കളോ സഭയുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരല്ല. സഭാവക്താക്കളുമല്ല.

    പക്ഷേ കത്തോലിക്കാസഭയെ സ്‌നേഹിക്കുന്നവരാണ്, ധാര്‍മ്മികതയെ ബഹുമാനിക്കുന്നവരാണ്. കത്തോലിക്കാസഭയെ ചീത്തവിളിക്കാന്‍ വേണ്ടി ചാനലുകളില്‍ വന്നിരിക്കുന്നവരോട് മറ്റൊരു ചോദ്യം. ഇന്ന് സഭയെ ചീത്തപറയുന്ന നിങ്ങള്‍ക്ക് ഇന്നത്തെ വിദ്യാഭ്യാസവും മറ്റ് മൂല്യങ്ങളും ലഭിച്ചത് എവിടെ നിന്നായിരുന്നു. നിങ്ങള്‍ ഏത് ഹോസ്പിറ്റലിലാണ് ചികിത്സതേടിയിരുന്നത്?

    കത്തോലിക്കാസഭ ഇല്ലായിരുന്നുവെങ്കില്‍ നമ്മുടെ നാട്ടില്‍ ഉന്നതരീതിയിലുള്ള വിദ്യാഭ്യാസകേന്ദ്രങ്ങളോ ഹോസ്പിറ്റലുകളോ ഉണ്ടാകുമായിരുന്നില്ല. ആര്‍ക്ക് നന്മ ചെയ്യാനാണ് ഇത്തരത്തിലുളള അന്തിച്ചര്‍ച്ചകള്‍ നടത്തുന്നത്? എത്രയോ ദമ്പതികള്‍ കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്നവരായി നമ്മുടെ ചുറ്റിനുമുണ്ട്. എത്രയോ ദമ്പതികള്‍ രണ്ടാമതൊരു കുഞ്ഞിന് വേണ്ടി കാത്തിരുന്നിട്ട് കിട്ടാതെപോകുന്നവരുണ്ട്. അങ്ങനെയൊരു സാഹചര്യത്തിലാണ് കൂടുതല്‍ കുഞ്ഞുങ്ങളുണ്ടാകുന്ന ദമ്പതിമാരെ സഹായിക്കാമെന്ന് രൂപത പറയുന്നത്. ഇതിലെവിടെയാണ് തെറ്റ്? ക്രൈസ്തവവിരുദ്ധ ടാര്‍ജറ്റാണ് ഇതിലൂടെ പ്രകടമാകുന്നത്.

    ഇത്തരം സര്‍ക്കുലറുകളോട് വിശ്വാസികള്‍ക്ക് മുഴുവന്‍ എതിര്‍പ്പ് എന്ന രീതിയില്‍ തലക്കെട്ട് നല്കരുത്. കത്തോലിക്കാമെത്രാന്മാരെയും സഭാസംവിധാനങ്ങളെയും അപമാനിക്കാനായി ഞങ്ങള്‍ ഒരു മാധ്യമപ്രവര്‍ത്തനത്തെയും അനുവദിക്കുകയില്ല എന്തു തിന്മയാണ് കത്തോലിക്കാസഭ ഈ സമൂഹത്തിന് ചെയ്തിട്ടുള്ളത്? ചിലപ്പോള്‍ ഏതെങ്കിലും ഒരു വ്യക്തിയുടെ കുറവ് നിങ്ങള്‍ക്ക് എടുത്തുകാണിക്കാനുണ്ടാവും. ശരിയാണ് ഞങ്ങള്‍ പല കുറവുകളുള്ളവരുമാണ്. ഞങ്ങളുടെ അച്ചന്മാര്‍ക്കും സന്യസ്തര്‍ക്കും കുറവുകളുണ്ട്.

    എന്നാല്‍ അത്തരത്തിലുള്ള യാതൊരു കുറവുകളുമില്ലാത്തവരാണല്ലോ ചാനല്‍ചര്‍ച്ചകള്‍ നടത്തുന്നവര്‍? അവരെയോര്‍ത്ത് ദൈവത്തിന് സ്തുതി. മാനുഷികമായ യാതൊരുവിധ കുറവുകളുമില്ലാതെ പരിപൂര്‍ണ്ണമനുഷ്യരാണല്ലോ ചര്‍ച്ച നയിക്കുന്നത്! ചര്‍ച്ച നടത്തുന്ന മനുഷ്യര്‍ മാത്രം വിശുദ്ധരാകുന്ന പ്രവണത.

    നിങ്ങള്‍ക്ക് കോടികള്‍ വരുമാനമുണ്ടെങ്കില്‍ അതൊന്നും കത്തോലിക്കാസഭയ്‌ക്കെതിരെയുള്ള ചര്‍ച്ചകള്‍ക്കായി വിനിയോഗിക്കാതെ നല്ല കാര്യങ്ങള്‍ക്കുവേണ്ടി കൂടി ഉപയോഗിക്കുക. ഞങ്ങള്‍ പേ ചെയ്യുന്ന പണം കൊണ്ടാണ് നിങ്ങള്‍ ചാനലുകള്‍ നടത്തിക്കൊണ്ടുപോകുന്നതെന്ന കാര്യവും മറക്കാതിരിക്കുക. നല്ല കാര്യങ്ങള്‍ ചെയ്യൂ.

    ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ആകണ്ടെ ഇങ്ങനെ പ്രസവിച്ചു നടന്നാല്‍ മതിയോ എന്നാണ് ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു വ്യക്തി ചോദിച്ചത്. ഒരു സ്ത്രീ പ്രസവിക്കാന്‍ തയ്യാറാകാതെ ഈ ലോകത്ത് കുഞ്ഞുങ്ങളുണ്ടാകുമോ. ഒരു അപ്പനും ഒരു അമ്മയും എത്രയോ ത്യാഗം സഹിച്ചതിന് ശേഷമാണ് ഒരു എന്‍ജിനിയറോ ഡോക്ടറോ ഉണ്ടാകുന്നത്. അവര്‍ പഠിക്കുന്നത് എവിടെയാണ്?

    റോബോട്ടുകളെ സൃഷ്ടിക്കാന്‍ കഴിയും എന്ന് കേട്ടിട്ടുണ്ട്.മനുഷ്യരെ അതുപോലെ സൃഷ്ടിക്കാന്‍ കഴിയുമോയെന്ന് എനിക്കറിയില്ല. എല്ലാവരും ഡോക്ടര്‍മാരായാല്‍ ഈ ലോകത്ത് എങ്ങനെ കൃഷിക്കാരുണ്ടാവും. കച്ചവടക്കാരുണ്ടാകും.? നന്മ പറഞ്ഞതിനെ തിന്മയായി ചിത്രീകരിക്കരുത്.

    കത്തോലിക്കാസഭയുടെ നന്മകളെക്കുറിച്ച് ചര്‍ച്ച ചെയ്യൂ രാവും പകലും ചര്‍ച്ച ചെയ്താലും തീരാത്തത്ര നന്മ കത്തോലിക്കാസഭയിലുണ്ട്. ഓരോ രൂപതയും ചെയ്യുന്ന നന്മപ്രവൃത്തികളുടെ ലിസ്റ്റ് തന്നാല്‍ നിങ്ങള്‍ അതു പ്രസിദ്ധീകരിക്കുമോ?

    നന്മ ചെയ്യുന്നത് വിളിച്ചുപറയുന്നത് ഞങ്ങളുടെ ശീലമല്ല. അതാണ് ഞങ്ങളുടെ തെറ്റ്. അങ്ങനെയൊരു കുറവ് ഞങ്ങള്‍ക്കുണ്ട്. ഏതെങ്കിലും നന്മകള്‍ ചെയ്യുന്നതിനെക്കുറിച്ച് എഴുതട്ടെ എന്ന് ചോദിച്ചാല്‍ അതൊന്നും നമ്മുടെ രീതിയല്ല എന്ന് പറഞ്ഞ് ഒഴിയുന്ന പിതാക്കന്മാരേ ഞങ്ങള്‍ക്കുള്ളൂ. ചെയ്ത നന്മകള്‍ വിളിച്ചുപറയാന്‍ മീഡിയാ ഇല്ലാതെപോയി.

    ഞങ്ങളുടെ മക്കളെ എങ്ങനെ വളര്‍ത്തണമെന്ന്, എത്ര മക്കളുണ്ടാകണമെന്ന് ഞങ്ങള്‍ക്കറിയാം. അതില്‍ പുറമേക്കാരാരും ഇടപെടണ്ടാ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!