പൂഞ്ഞാര്‍: സിസ്റ്റര്‍ മേരി കൊളേത്ത ഇനി ദൈവദാസി. പൂഞ്ഞാര്‍ മണിയംകുന്ന് തിരുഹൃദയ ദേവാലയത്തില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന സമൂഹബലി മധ്യേ സിസ്റ്റര്‍ മേരി കൊളേത്തയുടെ നാമകരണനടപടികള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു.
സിസ്റ്റര്‍ മേരി കൊളേത്തേയെ ദൈവദാസിയായി ഉയര്‍ത്തുന്നതിന് മാര്‍പാപ്പയുടെ അനുമതി ലഭിച്ചതായുള്ള ഇന്ത്യയുടെ വത്തിക്കാന്‍ സ്ഥാനപതിയുടെ അറിയിപ്പും രൂപതാധ്യക്ഷന്റെ നാമകരണ നടപടി വിജ്ഞാപനവും രൂപത ചാന്‍സലര്‍ റവ. ഡോ. ജോസ് കാക്കല്ലില്‍ വായിച്ചു. സമൂഹബലിക്ക് ശേഷം പള്ളിയുടെ സെമിത്തേരിയിലുള്ള കൊളേത്താമ്മയുടെ കബറിടത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടന്നു.
1904 ല്‍ ജനിച്ച മേരി കൊളേത്ത 1984 ല്‍ മരണമടഞ്ഞു. രണ്ടാഴ്ച മുമ്പാണ് നാമകരണനടപടികള്‍ക്ക് വത്തിക്കാന്റെ അനുവാദം ലഭിച്ചത്..