ചങ്ങനാശ്ശേരി: സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ റോസി പുതുപ്പറമ്പിലിന്റെ അപ്രതീക്ഷിത ദേഹവിയോഗത്തിന്റെ ആഘാതത്തില്‍ നിന്ന് ഇനിയും മുക്തരായിട്ടില്ല ഫെര്‍വെന്റ് ഡോട്ടേഴ്‌സ് ഓഫ് ദ സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ്( FDSHJ) ലെ അംഗങ്ങള്‍.
57 കാരിയായ സിസ്റ്റര്‍ റോസി ഹൃദയാഘാതത്തെ തുടര്‍ന്ന് നവംബര്‍ 19 നാണ് മരണമടഞ്ഞത്. പത്തനംതിട്ട പുന്നവേലിയില്‍, കോണ്‍ഗ്രിഗേഷന്‍ പുതുതായി തീര്‍ത്ത സെമിത്തേരിയിലായിരുന്നു സംസ്‌കാരം.
1964 സെപ്തംബര്‍ 20 ന് ആലപ്പുഴ കൈനടിയില്‍ വര്‍ഗ്ഗീസ് അന്നമ്മ ദമ്പതികളുടെ അഞ്ചുമക്കളില്‍ ഇളയ ആളായിട്ടായിരുന്നു ജനനം. സഹോദരങ്ങളില്‍ ഒരാള് വൈദികനും മറ്റൊരാള്‍ കന്യാസ്ത്രീയുമാണ്. സഹോദരന്‍ ഫാ. തോമസ് പുതുപറമ്പില്‍ അരുണാച്ചല്‍ പ്രദേശിലെ ഇറ്റാനഗര്‍ രൂപതയില്‍ സേവനം ചെയ്യുന്നു. സഹോദരി സിസ്റ്റര്‍ വിമല ലിറ്റില്‍ സിസ്‌റ്റേഴ്‌സ് ഓഫ് ജീസസിലെ അംഗമായി സൗത്ത് ആഫ്രിക്കയില്‍ സേവനം ചെയ്യുന്നു.
1984 ലാണ് സിസ്റ്റര്‍ റോസി മഠത്തില്‍ ചേര്‍ന്നത്. സന്യാസസമൂഹത്തിന്റെ ആദ്യ മിഷനറിയായിരുന്നു. മഹാരാഷ്ട്രയിലെ മാര്‍ബോഡി ഗ്രാമത്തില്‍ പുതിയ മിഷന്‍ 1996 ല്‍ തുടങ്ങിയപ്പോള്‍ അവിടേയ്ക്ക് ആദ്യമായി പുറപ്പെട്ടത് സിസ്റ്റര്‍ റോസിയായിരുന്നു.
മുന്‍ സലേഷ്യന്‍ കന്യാസ്ത്രീയായിരുന്ന സിസ്റ്റര്‍ മേരിക്കുട്ടി പുതുപറമ്പില്‍ 1981 ഏപ്രില്‍ പതിനെട്ടിലാണ് കോണ്‍ഗ്രിഗേഷന്‍ ആരംഭിച്ചത്. വത്തിക്കാന്‍ കൗണ്‍സിലിന് ശേഷം ലഭിച്ച ദൈവികപ്രചോദനത്താലായിരുന്നു സിസ്റ്റര്‍ മേരിക്കുട്ടി ഈശോയുടെ തിരുഹൃദയഭക്തിക്കായി ഈ സന്യാസിനിസമൂഹം ആരംഭിച്ചത്. 2014 ല്‍ സിസ്റ്റര്‍ മേരിക്കുട്ടി മരണമടഞ്ഞപ്പോള്‍ സന്യാസസമൂഹത്തിന്റെ നേതൃത്വം സിസ്റ്റര്‍ റോസി ഏറ്റെടുക്കുകയായിരുന്നു.