ലാഹോര്‍: പാക്കിസ്ഥാനിലെ ക്രൈസ്തവ പെണ്‍കുട്ടികള്‍ മതപരിവര്‍ത്തനത്തിനും വിവാഹത്തിനും നിര്‍ബന്ധിതരാക്കപ്പെടുന്നു. മതന്യൂനപക്ഷങ്ങളായ എല്ലാ വിഭാഗത്തിലെയും സ്ഥിതി ഇതില്‍ നിന്ന് ഭിന്നമല്ല. വര്‍ഷം കഴിയും തോറും ഇപ്രകാരം വിവാഹത്തിനും മതം മാറ്റത്തിനും നിര്‍ബന്ധിതരാക്കപ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.
എയ്ഡ് റ്റു ദ ചര്‍ച്ച ഇന്‍ നീഡും നാഷനല്‍ കാത്തലിക് കമ്മീഷന്‍ ഫോര്‍ ജസ്റ്റീസ് ആന്റ് പീസും സംയുക്തമായി ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് പെണ്‍കുട്ടികളും സ്ത്രീകളും നേരിടുന്ന ഇത്തരം അനീതികള്‍ക്കെതിരെ ശക്തമായി പോരാടുകയാണ് ഇവയുടെ ലക്ഷ്യം. തട്ടിക്കൊണ്ടുപോയും ബലാത്സംഗം ചെയ്തുമാണ് പെണ്‍കുട്ടികളെ മതംമാറ്റുന്നതും പിന്നീട് വിവാഹം ചെയ്യുന്നതും. കൊച്ചുകുട്ടികളെ പോലും ബലാത്സംഗത്തിന് ഇരകളാക്കുന്ന ക്രൂരതയും പാക്കിസ്ഥാനില്‍ അരങ്ങേറുന്നുണ്ട്.
സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാത്തരം വിവേചനങ്ങളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കാത്തലിക് കമ്മീഷന്‍ ഫോര്‍ ജസ്റ്റീസ് ആന്റ് പീസും എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡും രംഗത്ത് എത്തിയിരിക്കുന്നത്. ബാലവിവാഹം നിരോധിക്കണമെന്നും പതിനെട്ടുവയസില്‍ താഴെയുള്ളവിവാഹങ്ങള്‍ നടത്തരുതെന്നും സംഘടന ആവശ്യപ്പെടുന്നു. സ്വതന്ത്രമായി ചിന്തിക്കാനും മനസ്സാക്ഷിക്കനുസരിച്ച് തീരുമാനമെടുക്കാനും ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാനും അനുവാദം നല്കണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളില്‍ മാതാപിതാക്കള്‍ പരാതിയുമായെത്തുമ്പോള്‍ കേസ് രജിസ്ട്രര്‍ ചെയ്യാന്‍ പോലും പോലീസ് വിസമ്മതിക്കുന്ന സംഭവങ്ങള്‍ ധാരാളമുണ്ട്.
കുട്ടികളെ വിട്ടയ്ക്കുന്നതിന് മുമ്പുതന്നെ മാതാപിതാക്കള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നത് മതപരിവര്‍ത്തനം ചെയ്തതിന്റെയും വിവാഹം കഴിഞ്ഞതിന്റെയും രേഖകളാണ്. കേസ് കോടതിയിലെത്തിയാല്‍ അക്രമാസക്തമായ ആള്‍ക്കൂട്ടാക്രമണങ്ങള്‍ക്കും പരാതിക്കാര്‍ ഇരകളാകുന്നു. ഇത്തരമൊരു പശ്ചാത്തലത്തില്‍ സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്ന ശക്തമായ നിയമപരിഷ്‌ക്കരണത്തിന് ഗവണ്‍മെന്റ് തയ്യാറാകണം എന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.