പ്രസ്ററണ് : പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുന്നാളിന് മുന്നോടിയായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിമൻസ് ഫോറത്തിന്റെ വാർഷിക സമ്മേളനം ‘ടോട്ട പുൽക്ര’ ഡിസംബർ 4 ന് നടക്കും. നിലവിലെ പ്രത്യേക സാഹചര്യത്തിൽ വാർഷിക സമ്മേളനം വിർച്വൽ പ്ലാറ്റ്ഫോമിൽ ആയിരിക്കും നടക്കുക. ഇന്ന് വൈകുന്നേരം 6 മണിക്കാണ് മീറ്റിംഗ്. രൂപതയുടെ എല്ലാ മിഷനുകളിൽ നിന്നും ഇടവകകളിൽ നിന്നുമായി വിമൻസ് ഫോറത്തിന്റെ ഭാരവാഹികളും പ്രതിനിധികളും പങ്കെടുക്കും.
വിമൻസ് ഫോറം രക്ഷാധികാരിയും രൂപതാധ്യക്ഷനുമായ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം നിർവഹിക്കുന്ന സമ്മേളനത്തിൽ ബിഷപ്പ് മാർ തോമസ് തറയിൽ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് വിമൻസ് ഫോറം സുവനീർ പ്രകാശനം, വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ ക്രമീകരിച്ചിരിക്കുന്ന കലാപരിപാടികൾ എന്നിവ അരങ്ങേറും. വിമൻസ് ഫോറം സഹ രക്ഷാധികാരി വികാരി ജനറാൾ ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, ചെയർമാൻ ഫാ. ജോസ് അഞ്ചാനിക്കൽ, ഡയറക്ടർ സിസ്റ്റർ കുസുമം എസ്.എച്ച്, പ്രസിഡന്റ് ജോളി മാത്യു എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനലായ CSMEGB യിൽ തത്സമയം സംപ്രേഷണം ഉണ്ടായിരിക്കും. കൂടാതെ ഏവർക്കും ZOOM ൽ പങ്കെടുക്കുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.