രാമനാഥപുരം: രാമനാഥപുരം രൂപതയിലെ ട്രിനിറ്റി കത്തീഡ്രല്‍ കവാടത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ കപ്പേളയും രൂപവും തകര്‍ത്ത കേസില്‍ അറസ്റ്റിലായവര്‍ ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും അവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല.
പ്രത്യേക പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് കേസുമായി ബന്ധപ്പെട്ടവരെക്കുറിച്ചുളള വിവരങ്ങള്‍ ലഭ്യമായത്. ഇതില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തുവെങ്കിലും രണ്ടുപേര്‍ ഒളിവിലാണ്. 23 കാരനായ മദന്‍കുമാറും ഒരു പതിനാറുകാരനുമാണ് അറസ്റ്റിലായിരിക്കുന്നവര്‍. ഹിന്ദു മുന്നണി പ്രവര്‍ത്തകരായ ദീപക്, മരുദാചലമൂര്‍ത്തി എന്നിവര്‍ ഒളിവിലാണ്. പത്താം ക്ലാ്‌സ് വിദ്യാര്‍ത്ഥിയായ പതിനാറുകാരനാണ് ദീപക്കിനെ സംഭവസ്ഥലത്ത് ബൈക്കിലെത്തിച്ചത്. വിദ്യാര്‍ത്ഥി സ്ഥലം വിട്ടപ്പോഴാണ് ദീപക് കപ്പേളയുടെ ചില്ല് പൊട്ടിച്ച് വിശുദ്ധരൂപം ഇഷ്ടിക കൊണ്ട് തകര്‍ത്തത്.
രൂപം അലങ്കോലപ്പെടുത്തിയ ദീപക്കിനെ മരുദാചലമൂര്‍ത്തി മറ്റൊരു ഇരുചക്രവാഹനത്തില്‍ രക്ഷ്‌പ്പെടുത്തുകയായിരുന്നു. ദീപക് കപ്പേളയില്‍ അക്രമം നടത്തുമ്പോള്‍ ആരെങ്കിലും വരുന്നുണ്ടോയെന്ന് റോഡില്‍ നിന്ന് പരിസരം വീക്ഷിക്കുന്ന ജോലിയായിരുന്നു മദന്‍കുമാറിന്റേത്.
തഞ്ചാവൂരിലെ പന്ത്രണ്ടാംക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയത് മതപരിവര്‍ത്തനം മൂലമാണെന്ന ആരോപണം ഉന്നയിച്ചാണ് ഇവര്‍ കപ്പേളയില്‍ ആക്രമണം നടത്തിയത്.