ചങ്ങനാശ്ശേരി: പ്ള്ളിക്കുള്ളില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ പോലീസ് സ്വമേധയാ കേസെടുത്ത സംഭവത്തില്‍ ഫാ. ആന്റണി തറേക്കടവിലിന് എല്ലാവിധ പിന്തുണയും ഐകദാര്‍ഢ്യവും ചങ്ങനാശ്ശേരി അതിരൂപത ജാഗ്രതാസമിതി അറിയിച്ചു.
ക്രിസ്തീയ വിശ്വാസിസമൂഹവും കേരളത്തിലെ പൊതുസമൂഹവും നേരിടുന്ന ഗുരുതരഭീഷണികള്‍ക്കെതിരെ മുന്നറിയിപ്പ് നല്കുന്നവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കാനുള്ള ഒരു ശ്രമവും അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിവേചനപരവും നീതിരഹിതവുമായ നിലപാട് സ്വീകരിക്കുന്നത് ഉചിതമല്ലെന്നും സമിതി അഭിപ്രായപ്പെട്ടു.
ഫാ. തറേക്കടവില്‍ യാതൊരു വിധ കലാപത്തിനും ആഹ്വാനം ചെയ്തിട്ടില്ലെന്നുള്ളതും ക്രൈസ്തവരുടെ വിശ്വാസപരമായ സംശയങ്ങള്‍ക്ക് മറുപടി പറയുകയും ജാഗ്രത പുലര്‍ത്തേണ്ട മേഖലകളെ ഓര്‍മ്മിപ്പിക്കുകയും മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് പ്രസംഗം കേള്‍ക്കുന്ന ഏവര്‍ക്കും സുവ്യക്തമാണ്.
അതിനാല്‍ അദ്ദേഹത്തിനെതിരെയുളള കേസ് പിന്‍വലിക്കണമെന്നും ക്രൈസ്തവവിശ്വാസത്തിന് നേരെയുള്ള കടന്നാക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടികളെടുക്കണമെന്നും അതിരൂപത പബ്ലിക് റിലേഷന്‍സ് ജാഗ്രതാ സമിതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.